സൗദി പ്രോ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അല്‍ നസര്‍ എതിരില്ലാത്ത ഒമ്പത് ഗോളിന് അല്‍ അഖ്ദൂദിനെ പരാജയപ്പെടുത്തിയിരുന്നു. പ്രിന്‍സ് ഹത്‌ലൂല്‍ ബിന്‍ അബ്ദുള്‍ അസീസ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടന്ന മത്സരത്തിലാണ് അല്‍ അലാമി പോയിന്റ് പട്ടികയിലെ 17ാം സ്ഥാനക്കാരെ തകര്‍ത്തെറിഞ്ഞത്.
റൊണാള്‍ഡോ പേശിവലിവ് മൂലം ബുദ്ധിമുട്ടിയിരുന്നെന്നും ഇക്കാരണത്താലാണ് അദ്ദേഹം കളത്തിലിറങ്ങാതിരുന്നത് എന്നുമാണ് പയോലി നല്‍കുന്ന വിശദീകരണം.
‘റൊണാള്‍ഡോക്ക് ചെറിയ പേശി വലിവ് അനുഭവപ്പെട്ടിരുന്നു. ഇക്കാരണം കൊണ്ടുതന്നെ വരും മത്സരങ്ങളില്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടുകളൊന്നും തന്നെ ഉണ്ടാവാതിരിക്കാന്‍ ഈ മത്സരത്തില്‍ അദ്ദേഹത്തിന് വിശ്രമം അനുവദിച്ചു,’ പയോലി പറഞ്ഞു.
റൊണാള്‍ഡോയുടെ അഭാവത്തില്‍ കൊളംബിയന്‍ താരം ജോണ്‍ ഡുറാനായിരുന്നു മുന്നേറ്റ നിരയിലെ ടീമിന്റെ തുറുപ്പുചീട്ട്.
മത്സരത്തിന്റെ 16ാം മിനിട്ടില്‍ അയ്മാന്‍ യഹ്യയിലൂടെയാണ് അല്‍ നസര്‍ മുമ്പിലെത്തിയത്. 20ാം മിനിട്ടില്‍ ഡുറാനും 27ാം മിനിട്ടില്‍ മാഴ്‌സെലോ ബ്രോസോവിച്ചും പന്ത് എതിരാളികളുടെ വലയിലെത്തിച്ചു.
ആദ്യ പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കി നില്‍ക്കെ ലഭിച്ച പെനാല്‍ട്ടി സാദിയോ മാനെ വലയിലെത്തിച്ചതോടെ 4-0 എന്ന നിലയില്‍ അല്‍ നസര്‍ ഫസ്റ്റ് ഹാഫ് അവസാനിപ്പിച്ചു.
രണ്ടാം പകുതി ആരംഭിച്ച് ഏഴാം മിനിട്ടില്‍ തന്നെ ഡുറാന്‍ തന്റെ രണ്ടാം ഗോളും നേടി അല്‍ നസറിന്റെ ലീഡ് അഞ്ചാക്കി ഉയര്‍ത്തി. മത്സരത്തിന്റെ 59, 64 മിനിട്ടുകളില്‍ ഗോള്‍ കണ്ടെത്തിയ സാദിയോ മാനേ ഹാട്രിക് പൂര്‍ത്തിയാക്കുകയും 74ാം മിനിട്ടില്‍ വീണ്ടും പന്ത് വലയിലെത്തിച്ച് നാല് ഗോളുമായി തിളങ്ങുകയും ചെയ്തു.
ഫൈനല്‍ വിസില്‍ മുഴങ്ങാന്‍ സെക്കന്‍ഡുകള്‍ ശേഷിക്കെ ലഭിച്ച പെനാല്‍ട്ടി മുഹമ്മദ് മാറാന്‍ വലയിലെത്തിച്ചതോടെ അല്‍ നസര്‍ ഒമ്പത് ഗോളിന്റെ വിജയം സ്വന്തമാക്കി.
ഈ വിജയത്തിന് പിന്നാലെ അല്‍ നസര്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 31 മത്സരത്തില്‍ നിന്നും 19 ജയവുമായി 63 പോയിന്റാണ് ടീമിനുള്ളത്. 74 പോയിന്റുമായി അല്‍ ഇത്തിഹാദാണ് ഒന്നാമത്. 68 പോയിന്റുള്ള അല്‍ ഹിലാല്‍ രണ്ടാമതാണ്.
അല്‍ താവൂനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം. ഹോം ഗ്രൗണ്ടായ അല്‍ അവ്വാല്‍ പാര്‍ക്കാണ് വേദി.
Content Highlight: Al-Nassr coach Stefano Pioli explains why Cristiano Ronaldo was absent from the 9-0 win over Al-Akhdoud