സെമി ഫൈനലില്‍ തോല്‍വി; റൊണാള്‍ഡോയ്ക്കും കൂട്ടര്‍ക്കും തിരിച്ചടി
Sports News
സെമി ഫൈനലില്‍ തോല്‍വി; റൊണാള്‍ഡോയ്ക്കും കൂട്ടര്‍ക്കും തിരിച്ചടി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 1st May 2025, 12:19 am

എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന സെമിഫൈനല്‍ മത്സരത്തില്‍ കവാസാക്കിക്ക് എതിരെ അല്‍ നസറിന് പരാജയം. മൂന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് അല്‍ നസര്‍ പരാജയപ്പെട്ടത്.

മത്സരത്തിലെ പത്താം മിനിട്ടില്‍ തട്‌സൂയ ഇറ്റോ ആണ് കവാസാക്കിക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 28ാം മിനിട്ടില്‍ സാദിയോ മാനേ തിരിച്ചടിച്ച് ഒപ്പത്തിനൊപ്പം എത്തി. പക്ഷേ 41ാം മിനിട്ടില്‍ യൂട്ടോ ഒസേക്കി അല്‍ നസറിന്റെ വലയിലേക്ക് ഗോള്‍ ഉതിര്‍ത്തപ്പോള്‍ മത്സരം മുറിക്കുകയായിരുന്നു. ശേഷം 76ാം മിനിട്ടില്‍ അഖീരോ ലെനാഗയും റൊണാള്‍ഡോയുടെ പോസ്റ്റില്‍ ഗോള്‍ അടിച്ചു.

അവസാന ഘട്ടത്തില്‍ ഐമാന്‍ യാഹ്യക്ക് മാത്രമാണ് കവാസാക്കിക്ക് നേരെ ഗോള്‍ നേടാന്‍ സാധിച്ചത്. നിര്‍ണായക സമയത്ത് സമനില ഗോള്‍ നേടാന്‍ റോണോയ്ക്ക് പോലും സാധിക്കാതെ വന്നപ്പോള്‍ അല്‍ നസര്‍ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. കൃത്യമായ പ്രതിരോധം തീര്‍ത്താണ് കവാസാക്കി അല്‍ നസറിനെതിരെ തന്ത്രം മെനഞ്ഞത്. മത്സരത്തില്‍ വലിയ രീതിയില്‍ മുന്നിട്ടു നിന്നിട്ടും കവാസാക്കിയുടെ തകര്‍പ്പന്‍ പ്രതിരോധം മറികടന്ന് ഗോള്‍ നേടാന്‍ അല്‍ നസറിന് സാധിച്ചില്ല.

ഇതോടെ സൗദി പ്രൊ ലീഗില്‍ 29 മത്സരങ്ങളില്‍ 18 വിജയവും ആറ് സമനിലയും 5 പരാജയവും ഉള്‍പ്പെടെ മൂന്നാം സ്ഥാനത്താണ് അല്‍നസര്‍.

എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ യൊക്കോഹാമ എം.എമ്മിനെ പരാജയപ്പെടുത്തി അല്‍ നസര്‍ സെമി ഫൈനലിലേക്ക് മുന്നേറിയിരുന്നു. യൊക്കോഹാമയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് റൊണാള്‍ഡോയും സംഘവും പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ റൊണാള്‍ഡോയും അല്‍ നസറിന് വേണ്ടി ഗോള്‍ നേടി തിളങ്ങിയിരുന്നു. എ.എഫ്.സി ചാമ്പ്യന്‍സ് ലീഗിന്റെ ഈ സീസണില്‍ എട്ട് ഗോളുകളാണ് ഇതുവരെ റൊണാള്‍ഡോ നേടിയിട്ടുള്ളത്.

Content highlight: Al Nasser Lose Against Kawasaki In AFC Champions League