ആവേശകരമായ ഖത്തർ ലോകകപ്പ് അതിന്റെ അവസാന ഘട്ടത്തോട് അടുക്കുകയാണ്.
ഇനി വെറും നാല് മത്സരങ്ങൾ മാത്രം അവശേഷിക്കുമ്പോൾ ലോകം കാത്തിരുന്ന കാൽപന്തിന്റെ പുതിയ രാജാക്കന്മാർ പ്രഖ്യാപിക്കപ്പെടും.
ഡിസംബർ 14 ന് നടക്കുന്ന അർജന്റീന-നെതർലാൻഡ്സ് മത്സരമാണ് ലോകകപ്പിൽ ഇനി നടക്കാനിരിക്കുന്ന ആദ്യ മത്സരം.
എന്നാൽ ലോകകപ്പ് ഫുട്ബോൾ സെമി ഫൈനൽ മത്സരങ്ങൾക്കായി പുതിയ പന്ത് അവതരിപ്പിച്ചിരിക്കുകയാണ് ഖത്തർ. അൽ ഹിൽമ് എന്നാണ് പന്തിന് പേരിട്ടിരിക്കുന്നത്. സ്വപ്നം എന്നാണ് അൽ ഹിൽമ് എന്ന അറബി പദത്തിന്റെ അർത്ഥം. ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ വരെ അൽ രിഹ് ല എന്ന പന്തായിരുന്നു ഉപയോഗിച്ചിരുന്നത്.
രിഹ്ല എന്ന പദത്തിനർത്ഥം യാത്ര, പ്രയാണം എന്നൊക്കെയായിരുന്നു.
അഡിഡാസ് തന്നെയാണ് പന്ത് രൂപകൽപന ചെയ്ത് നിർമിച്ച് പുറത്തിറക്കുന്നത്.
മൈതാനത്തെ വേഗത കൊണ്ടും ഷോട്ടുകളിലെ കൃത്യതകൊണ്ടും ശ്രദ്ധേയമായ അൽ രിഹ്‌ലയിലെ സാങ്കേതിക വിദ്യകൾതന്നെയാണ് അൽ ഹിൽമ് പന്തിലും ഉപയോഗിച്ചിരിക്കുന്നത്. വാർ സംവിധാനത്തെ സഹായിക്കാനുള്ള സാങ്കേതികവിദ്യ പുതിയ പന്തിലുമുണ്ട്.
കൂടാതെ മികച്ച സെൻസറുകൾ ഘടിപ്പിച്ച് പുറത്തിറങ്ങുന്ന പന്തിന്റ കൃത്യത അൽ രിഹ്‌ലയിലേക്കാൾ മികച്ചതാണ് എന്നാണ് പന്തിന്റെ നിർമാതാക്കളായ അഡിഡാസ് പറയുന്നത്.
ഖത്തര്‍ ദേശീയ പതാകയുടെ നിറമാണ് അൽ ഹിൽമിന്റെ ഡിസൈനിന് നൽകിയിരിക്കുന്നത്. കൂടാതെ അല്‍ രിഹ്‌ലയിലെ കണക്ടഡ് ബോള്‍ ടെക്നോളജി അല്‍ ഹില്‍മിലും ഉപയോഗിച്ചിട്ടുണ്ട്.
അൽ രിഹ്‌ലയിൽ നിന്നും അൽ ഹിൽമിലേക്ക് എത്തുമ്പോൾ ഡിസൈനില്‍ മാറ്റങ്ങളില്ലെങ്കിലും നിറത്തില്‍ രിഹ്‌ലയോട് നല്ല വ്യത്യാസമുണ്ട് പന്തിന്.
നീല, ഓറഞ്ച്, പച്ച മഞ്ഞ തുടങ്ങിയ നിറങ്ങളിലുള്ള ഡിസൈനാണ് അല്‍ റിഹ് ലയ്ക്ക് ഉണ്ടായിരുന്നത്. അല്‍ ഹില്‍മ് എത്തുമ്പോള്‍ ചുവപ്പ് , പിങ്ക് , കറുപ്പ് നിറങ്ങളിലേക്ക് ഡിസൈന്‍ മാറി.
ഡിസംബർ 14 ന് ഇന്ത്യൻ സമയം പുലർച്ചെ 12:30 ന് നടക്കുന്ന അർജന്റീന-ക്രോയെഷ്യ സെമി, ഡിസംബർ 15 ന് ഇന്ത്യൻ സമയം പുലർച്ചെ 12:30 ന് നടക്കുന്ന ഫ്രാൻസ്-മൊറൊക്കോ സെമി, ഡിസംബർ 17 ന് ഇന്ത്യൻ സമയം രാത്രി 8:30 ന് നടക്കുന്ന ലൂസേഴ്സ് ഫൈനൽ, ഡിസംബർ 18 ന് ഇന്ത്യൻ സമയം രാത്രി 8:30 ന് നടക്കുന്ന ലോകകപ്പ് ഫൈനൽ എന്നീ മത്സരങ്ങൾക്കാണ് അൽ ഹിൽമ് ഉപയോഗിക്കുക.
Content Highlights:Al Hilm is the new ball in Qatar World Cup