ഫുട്ബോള്‍ ലോകത്തെ വീണ്ടും ഞെട്ടിച്ചുകൊണ്ടാണ് സൗദി പ്രോ ലീഗ് മറ്റൊരു സൂപ്പര്‍ താരത്തെ കൂടി തങ്ങളുടെ മണ്ണിലെത്തിച്ചിരിക്കുന്നത്. ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മറിനെയാണ് സൗദി പ്രോ ലീഗ് വമ്പന്‍മാരായ അല്‍ ഹിലാല്‍ തങ്ങളുടെ തട്ടകത്തിലെത്തിച്ചിരിക്കുന്നത്. ലീഗ് വണ്‍ ജയന്റ്സായ പി.എസ്.ജിയില്‍ നിന്നുള്ള നെയ്മറിന്റെ ട്രാന്‍സ്ഫര്‍ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച ഒന്നായിരുന്നു.

ഇപ്പോള്‍ താരത്തെ അല്‍ ഹിലാല്‍ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുകയാണ്. റിയാദ് ബഗ്ലഫിലെ കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ശനിയാഴ്ച വൈകീട്ട് 7.15ന് നടന്ന വര്‍ണാഭമായ ചടങ്ങിലാണ് നെയ്മറെ അല്‍ ഹിലാല്‍ അവതരിപ്പിച്ചത്. അല്‍ ഹിലാലിന്റെ ഔദ്യോഗിക നിറമായ നീലയണിഞ്ഞാണ് ആരാധകര്‍ സ്‌റ്റേഡിയത്തിലെത്തിയത്.

അല്‍ ഹിലാല്‍ ടീമംഗങ്ങളും ക്ലബ്ബ് മാനേജ്‌മെന്റും ഇരുവശത്തായി അണിനിരന്ന പ്രത്യേകമായി അലങ്കരിച്ച പാതയിലൂടെ നെയ്മറിനെ സ്റ്റേഡിയത്തിന് നടുവില്‍ ഒരുക്കിയ വേദിയിലേക്ക് സുല്‍ത്താന്റെ പ്രൗഢിയോടെ ആനയിക്കുകയായിരുന്നു.

ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ നെയ്മര്‍ക്കായി ഏറ്റവും മികച്ച സൗകര്യങ്ങളാണ് അല്‍ ഹിലാല്‍ ഒരുക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. യാത്രകള്‍ക്കായി സ്വകാര്യ വിമാനവും താമസിക്കാന്‍ കൊട്ടാരം പോലുള്ള വീടും പരിചാരകരെയും അല്‍ ഹിലാല്‍ നെയ്മര്‍ക്ക് ഓഫര്‍ ചെയ്തിട്ടുണ്ട്.

അല്‍ ഹിലാലുമായി നെയ്മര്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് ഒപ്പുവെക്കുക. താരം നിലവില്‍ സൗദിയില്‍ എത്തിയിട്ടുണ്ടെന്നും വൈദ്യ പരിശോധനക്ക് ശേഷം ഈ ആഴ്ച തന്നെ നെയ്മറിനെ ആരാധകര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

നെയ്മറിന്റെ ട്രാന്‍സ്ഫറിലൂടെ ഏകദേശം നൂറ് മില്യണിനടുത്താണ് പി.എസ്.ജിക്ക് ലഭിക്കുക. ഈ സമ്മറില്‍ കാലിദൗ കൗലിബാലി, റൂബന്‍ നീവ്സ് അടക്കമുള്ള താരങ്ങളെ ടീമിലെത്തിച്ച അല്‍ ഹിലാല്‍ നെയ്മറിനെയും തട്ടകത്തിലെത്തിച്ച് സ്‌ക്വാഡ് സ്ട്രെങ്ത് ഇരട്ടിയാക്കാനുള്ള ശ്രമത്തിലാണ്.

Content Highlights:  Al Hilal present Neymar Junior to their fans