അവനാവുമോ നെയ്മറിന്റെ പകരക്കാരന്‍? മെസിയുടെ ലീഗില്‍ നിന്നും ഫ്രഞ്ച് താരത്തെ റാഞ്ചാനൊരുങ്ങി സൗദി വമ്പന്‍മാര്‍
Football
അവനാവുമോ നെയ്മറിന്റെ പകരക്കാരന്‍? മെസിയുടെ ലീഗില്‍ നിന്നും ഫ്രഞ്ച് താരത്തെ റാഞ്ചാനൊരുങ്ങി സൗദി വമ്പന്‍മാര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 3rd January 2024, 3:15 pm

സൗദി വമ്പന്‍മാരായ അല്‍ ഹിലാല്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന് പകരക്കാരനായി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ലോസ് എയ്ഞ്ചല്‍സ് എഫ്.സി താരമായ ഡെനീസ് ബൗഗയെ ടീമില്‍ എത്തിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

സൗദി പ്രോ ലീഗില്‍ ചേരാന്‍ ഡെനീസ് ബൗഗക്ക് താത്പര്യമുണ്ടെന്നാണ്
ഫ്രഞ്ച് പത്രമായ ലെ ടെന്‍ സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്തത്.

2023ല്‍ എം.എല്‍.എസ്സില്‍ ലോസ് എയ്ഞ്ചല്‍സിനായി 2022ല്‍ അരങ്ങേറ്റം കുറിച്ച ഡെനീസ് 54 മത്സരങ്ങളില്‍ നിന്നും 35 ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് സ്വന്തമാക്കിയത്.

ഇതില്‍ ഈ സീസണില്‍ 44 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ ഡെനീസ് 32 ഗോളുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് അടിച്ചുകയറ്റിയത്.

2026 ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഉറുഗ്വാക്കെതിരെയുള്ള മത്സരത്തില്‍ ആയിരുന്നു നെയ്മറിന് പരിക്കേറ്റത്. കാല്‍മുട്ടിനേറ്റ പരിക്കിനെതുടര്‍ന്ന് നെയ്മര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ഇതിന് പിന്നാലെ അടുത്ത ഒമ്പത് മാസം വരെ ഫുട്ബോളില്‍ നിന്നും താരം പുറത്തായി. ഈ സീസണ്‍ മുഴുവനായും നെയ്മറിന് നഷ്ടമാവുകയും ചെയ്തു. തല്‍ഫലമായാണ് നെയ്മറിന് പകരക്കാരനായി പുതിയൊരു ടീമില്‍ എത്തിക്കാന്‍ അല്‍ ഹിലാല്‍ ഒരുങ്ങുന്നത്.

ഈ സീസണില്‍ ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനില്‍ നിന്നുമാണ് നെയ്മര്‍ സൗദിയിലെത്തുന്നത്. അല്‍ ഹിലാലിനായി അഞ്ച് മത്സരങ്ങളില്‍ നിന്നും ഒരു ഗോളും രണ്ട് അസിസ്റ്റുമാണ് ബ്രസീലിയന്‍ താരം നേടിയത്.

ബ്രസീലിയൻ സൂപ്പർ താരത്തിന്റെ അഭാവം ടീമിനെ തെല്ലും ബാധിച്ചിട്ടില്ലെന്ന രീതിയിലാണ് അൽ ഹിലാൽ സൗദി ലീഗിൽ മുന്നേറുന്നത്. സൗദിയിൽ ഒറ്റ മത്സരം പോലും തോൽക്കാതെ അപരാജിത കുതിപ്പാണ് അൽ ഹിലാൽ നടത്തുന്നത്.

നിലവില്‍ സൗദി പ്രോ ലീഗില്‍ 19 മത്സരങ്ങളില്‍ നിന്നും 17 വിജയവും രണ്ട് സമനിലയും അടക്കം 53 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അല്‍ ഹിലാല്‍.

Content Highlight: Al Hilal planning to sign Denis Bouanga for the replacement of Neymar.