സൗദി സൂപ്പര്‍ കപ്പ് ഫൈനലില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസറിന് തോല്‍വി. ഹോങ് കോങ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അല്‍ ആഹ്ലിയോടാണ് അല്‍ നസര്‍ പരാജയപ്പെട്ടത്. പെനാല്‍ട്ടി ഷൂട്ടൗട്ടിലായിരുന്നു മഞ്ഞപ്പടയുടെ പരാജയം.
നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞിരുന്നു. ഇതോടെ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് കടക്കുകയും അല്‍ ആഹ്ലി കിരീടമണിയുകയുമായിരുന്നു.
മത്സരത്തില്‍ ക്രിസ്റ്റ്യാനോയെ ആക്രമണത്തിന്റെ നെടുനായകത്വമേല്‍പ്പിച്ച് ജോര്‍ജ് ജീസസ് 4-2-3-1 എന്ന ഫോര്‍മേഷനില്‍ ടീമിനെ കളത്തിലിറക്കി. മറുവശത്ത് പ്രതിരോധം കടുപ്പിച്ച് 5-4-1 എന്ന ഫോര്‍മേഷനാണ് അല്‍ ആഹ്ലി അവലംബിച്ചത്.
അടിയും തിരിച്ചടിയുമായി ഇരു ടീമുകളും ആദ്യ പകുതിയില്‍ കളം നിറഞ്ഞ് കളിച്ചെങ്കിലും 40 മിനിട്ടുകള്‍ ഗോളില്ലാതെ തുടര്‍ന്നു. 41ാം മിനിട്ടില്‍ അല്‍ നസര്‍ മുമ്പിലെത്തി. ഫ്രാങ്ക് കെസ്സിയുടെ ഫൗളില്‍ ലഭിച്ച പെനാല്‍ട്ടി വലയിലെത്തിച്ച് റൊണാള്‍ഡോ അല്‍ അലാമിക്ക് ലീഡ് സമ്മാനിച്ചു.
എന്നാല്‍ ആദ്യ പകുതിയുടെ ആഡ് ഓണ്‍ ടൈമില്‍ ഫ്രാങ്ക് കെസ്സി അല്‍ നസറിന് ലീഡ് സമ്മാനിച്ച തന്റെ തെറ്റിന് പ്രായശ്ചിത്തം ചെയ്തു. എന്‍സോ മില്ലോട്ടിന്റെ അസിസ്റ്റില്‍ കെസ്സി ഗോളടിച്ച് ആഹ്ലിയെ ഒപ്പമെത്തിച്ചു.
ഇരു ടീമുകളും ആദ്യ പകുതി സമനിലയില്‍ ആദ്യ പകുതി അവസാനിപ്പിച്ചതോടെ രണ്ടാം പകുതി കൂടുതല്‍ ആവേശത്തിലായി. കാര്യമായ സബ്സ്റ്റിറ്റിയൂഷനുകളും ഇരുവരും നടത്തി.
82ാം മിനിട്ടില്‍ മാഴ്‌സെലോ ബ്രോസോവിച്ചിലൂടെ അല്‍ നസര്‍ രണ്ടാം ഗോളും ലീഡും നേടി. ഇതോടെ ഗോള്‍ മടക്കാനായി അല്‍ ആഹ്ലിയുടെ ശ്രമം. 89ാം മിനിട്ടില്‍ ഈ ശ്രമം ഫലം കണ്ടെത്തുകയും ചെയ്തു. റിയാദ് മഹ്‌റെസിന്റെ അസിസ്റ്റില്‍ റോജര്‍ ഇബനെസ് ഗോള്‍ കണ്ടെത്തി.
90 മിനിട്ടിന് ശേഷം അനുവദിച്ച ആഡ് ഓണ്‍ ടൈമിലും ഇരുവര്‍ക്കും ഗോള്‍ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് കടന്നു.
ആദ്യ കിക്കെടുത്ത ഇവാന്‍ ടോണി അല്‍ ആഹ്ലിക്കായും റൊണാള്‍ഡോ അല്‍ നസറിനായും ഗോള്‍ കണ്ടെത്തി. തുടര്‍ന്നെടുത്ത രണ്ട് കിക്കും ഇരു ടീമുകളും ഗോളാക്കി മാറ്റി.
നാലാം കിക്ക് അല്‍ ആഹ്ലി വലയിലെത്തിച്ചപ്പോള്‍ അല്‍ നസറിന് പിഴച്ചു. അഞ്ചാം കിക്കെടുത്ത ഗലേനോ പിഴവേതും കൂടാതെ പന്ത് വലയിലെത്തിച്ചതോടെ അല്‍ നസറിന്റെ അഞ്ചാം കിക്കിന് മുമ്പ് തന്നെ മത്സരത്തിന്റെ വിധിയും കുറിക്കപ്പെട്ടു.
അല്‍ നസര്‍ അല്‍ ആഹ്ലി സൗദി
Content Highlight: Al Ahli defeated Al Nassr and wo Saudi Super Cup