സൗദി സൂപ്പര്‍ കപ്പ് ഫൈനലില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസറിന് തോല്‍വി. ഹോങ് കോങ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അല്‍ ആഹ്ലിയോടാണ് അല്‍ നസര്‍ പരാജയപ്പെട്ടത്. പെനാല്‍ട്ടി ഷൂട്ടൗട്ടിലായിരുന്നു മഞ്ഞപ്പടയുടെ പരാജയം.

നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞിരുന്നു. ഇതോടെ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് കടക്കുകയും അല്‍ ആഹ്ലി കിരീടമണിയുകയുമായിരുന്നു.

മത്സരത്തില്‍ ക്രിസ്റ്റ്യാനോയെ ആക്രമണത്തിന്റെ നെടുനായകത്വമേല്‍പ്പിച്ച് ജോര്‍ജ് ജീസസ് 4-2-3-1 എന്ന ഫോര്‍മേഷനില്‍ ടീമിനെ കളത്തിലിറക്കി. മറുവശത്ത് പ്രതിരോധം കടുപ്പിച്ച് 5-4-1 എന്ന ഫോര്‍മേഷനാണ് അല്‍ ആഹ്ലി അവലംബിച്ചത്.

അടിയും തിരിച്ചടിയുമായി ഇരു ടീമുകളും ആദ്യ പകുതിയില്‍ കളം നിറഞ്ഞ് കളിച്ചെങ്കിലും 40 മിനിട്ടുകള്‍ ഗോളില്ലാതെ തുടര്‍ന്നു. 41ാം മിനിട്ടില്‍ അല്‍ നസര്‍ മുമ്പിലെത്തി. ഫ്രാങ്ക് കെസ്സിയുടെ ഫൗളില്‍ ലഭിച്ച പെനാല്‍ട്ടി വലയിലെത്തിച്ച് റൊണാള്‍ഡോ അല്‍ അലാമിക്ക് ലീഡ് സമ്മാനിച്ചു.