സ്വര്‍ണ്ണക്കച്ചോടക്കാര്‍ക്ക് സമ്പത്ത് കൂട്ടുന്ന തട്ടിപ്പ് തൃതീയ
ജിതിന്‍ ടി പി

എന്താണ് അക്ഷയ തൃതീയ, അക്ഷയ തൃതീയ ആര്‍ക്കാണ് സമ്പത്ത് കൊണ്ടുവരുന്നത്.

അക്ഷയ തൃതീയ എന്ന വാക്ക് കേരളത്തില്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് അധികം നാളായിട്ടില്ല. ഒരു പത്ത് വര്‍ഷത്തിനിപ്പുറം മാത്രം മലയാളി കേട്ടു തുടങ്ങിയ പദമാണിത്. എന്നാല്‍ ഈ ദിവസം തന്നെയാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണവിപണനം നടക്കുന്നത്.

അക്ഷയ തൃതീയ നാളില്‍ സ്വര്‍ണം വാങ്ങിയാല്‍ സമ്പത്ത് കുമിഞ്ഞുകൂടുമെന്ന് ആരാണ് പറഞ്ഞത്.

ഗ്രഹനക്ഷത്രാദികളുടെ മേഖലയില്‍ വരുന്ന ചില പദപ്രയോഗങ്ങള്‍ കൊണ്ട് ഒരു പ്രത്യേക നക്ഷത്രം ഒരു പ്രത്യേക സ്ഥാനത്തു വന്നാല്‍ അതിന് ഇത്രയും ഗുണങ്ങള്‍ ഉണ്ട് എന്ന് പറയുന്നത് കച്ചവടതാത്പര്യത്തിന് വേണ്ടി ചില ആധുനിക സ്വര്‍ണ്ണക്കച്ചവടക്കാര്‍ കണ്ടെത്തിയ ഒരു തന്ത്രം മാത്രമാണ്. ഇതിന്റെ പേരാണ് അക്ഷയ തൃതീയ.

ഉത്തരഭാരതത്തിലെ സവര്‍ണ്ണ ഹൈന്ദവരുടെ ഒരു പുണ്യദിനമാണിത്. വൈശാഖമാസത്തിലെ വെളുത്ത പക്ഷത്തിലെ മൂന്നാമത്തെ ദിവസമാണ് അക്ഷയ തൃതീയ.

ഇനി എന്താണ് ഈ ദിവസത്തിന്റെ പ്രാധാന്യം? അന്ന് ഉപവസിക്കുകയും വിഷ്ണുവിന് അന്നം നിവേദിക്കുകയും ബ്രാഹ്മണര്‍ക്ക് അന്നദാനം നടത്തുകയും വേണം എന്ന് വിഷ്ണുധര്‍മ്മസൂത്രം പറയുന്നു. ഇങ്ങനെ ചെയ്താല്‍ പുണ്യം ലഭിക്കുമെന്നും അക്ഷയതൃതീയ ദിനത്തില്‍ ലഭിക്കുന്ന പുണ്യം അക്ഷയം ആയിരിക്കുമെന്നുമാണത്രേ വിശ്വാസം.

ഇനി രണ്ടാമത്തെ കാര്യം. എന്താണ് ഈ ദിവസവും സ്വര്‍ണ്ണക്കച്ചവടവും തമ്മിലുള്ള ബന്ധം. അന്നത്തെ പുണ്യം അക്ഷയമായിരിക്കും എന്നേ വിശ്വാസം പറയുന്നുള്ളൂ. അന്ന് കിട്ടുന്ന സ്വര്‍ണ്ണത്തിന് എന്തെങ്കിലും സവിശേഷതയുള്ളതായി ഒരു വിശ്വാസവും പറയുന്നില്ല.

കൂടാതെ ഉത്തരഭാരതത്തില്‍ മറ്റുചില സാഹചര്യങ്ങള്‍ കൂടിയുണ്ട്. അവിടെ സവര്‍ണ്ണ ഹൈന്ദവര്‍ ശൈശവ വിവാഹത്തില്‍ വിശ്വസിക്കുന്നവരാണ്. കുട്ടികളോട് ചെയ്യുന്ന കൊടും ക്രൂരതയും അനാചാരവുമാണിതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമൊന്നുമില്ല. അതുകൊണ്ട് ശൈശവ വിവാഹം നിയമംമൂലം നിരോധിച്ചിട്ടുണ്ട്.

മുമ്പ് കാലത്ത് ശൈശവ വിവാഹം സാധാരണയായിരുന്നു. ഇതൊരു പുണ്യ പ്രവൃത്തിയാണ് എന്ന് വിശ്വസിച്ചിരുന്നവര്‍ ഈ ദുഷ്‌കര്‍മ്മത്തിനായി തെരഞ്ഞെടുത്തിരുന്ന ദിവസം അക്ഷയ തൃതീയ നാള്‍ ആയിരുന്നു. അതുകൊണ്ട് ഉത്തരേന്ത്യയിലെ സ്വര്‍ണ്ണക്കച്ചവടക്കാര്‍ക്കും തുണിക്കച്ചവടക്കാര്‍ക്കും ഈ ദിനം വലിയ കൊയ്ത്താണ്.

ഇത് ഉത്തര ഭാരതത്തിലെ കാര്യം. കേരളത്തില്‍ ഇങ്ങനെയൊരു പുണ്യദിനം അടുത്തകാലംവരെ ഉണ്ടായിരുന്നില്ല.

മലയാളിയുടെ വൃത്തികെട്ട ധനമോഹം മുതലെടുക്കുന്നത് സ്വര്‍ണ്ണക്കച്ചവടക്കാരാണ്. അക്ഷയതൃതീയ സ്വര്‍ണ്ണം വാങ്ങാന്‍ പറ്റിയ നാളാണെന്നും അന്ന് ലഭിക്കുന്ന സ്വര്‍ണ്ണം പൊലിക്കുമെന്നും പത്രപരസ്യം നല്‍കിയത് അവരാണ്.

സ്വര്‍ണ്ണം മാത്രമല്ല, പ്ലാറ്റിനവും ഈ ലിസ്റ്റില്‍ അടുത്ത ദിവസങ്ങളില്‍ വന്നിട്ടുണ്ട്. കച്ചവടം മാത്രമാണ് അക്ഷയ തൃതീയയുടെ ലക്ഷ്യമെന്നതിന് വേറെന്ത് തെളിവാണ് വേണ്ടത്.

മലയാളികള്‍ സ്വര്‍ണ സംസ്‌കാരത്തിനു വിധേയരാകുന്നത് പലകാരണങ്ങള്‍ കൊണ്ടാണ്,ഒന്ന്, ഐശ്വര്യം വരുമെന്ന മിഥ്യാധാരണയില്‍. രണ്ട് ആഭരണക്കമ്പം. കൂടുതല്‍ സ്വര്‍ണം അണിഞ്ഞാല്‍ കൂടുതല്‍ സൗന്ദര്യം വരുമെന്നാണ് പലരും ധരിച്ചു വച്ചിരിക്കുന്നത്. മൂന്ന് ഒരു സമ്പത്ത് എന്ന നിലയില്‍.

അക്ഷയ തൃതീയ നാളില്‍ സ്വര്‍ണ്ണം വാങ്ങുന്ന കാര്യത്തില്‍ കാശുള്ളവനെന്നും കാശില്ലാത്തവനെന്നും വേര്‍തിരിവില്ല. കാശുള്ളവന്‍ സ്വര്‍ണത്തിന്റെ അളവു കൂട്ടാന്‍ വാങ്ങുമ്പോള്‍ കാശില്ലാത്തവന്‍ ഐശ്വര്യം വരാന്‍ കാശു കടം വാങ്ങി സ്വര്‍ണം വാങ്ങുന്നു.

ഈ ദിവസം യഥാര്‍ത്ഥത്തില്‍ സമ്പത്തും ഐശ്വര്യവുമുണ്ടാക്കുന്നത് സ്വര്‍ണ്ണക്കച്ചവടക്കാര്‍ക്ക് മാത്രമാണ്.

കേരളത്തില്‍ അക്ഷയ തൃതീയ ദിനത്തില്‍ മാത്രം 1500 കിലോ സ്വര്‍ണ്ണാഭരണ വില്‍പ്പനയാണ് നടക്കുന്നത്. അതായത് ഏകദേശം 500 കോടി രൂപയുടെ വില്‍പ്പന ഈ ദിവസം മാത്രം നടക്കുന്നുണ്ട്.

ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ മനസ്സിലാക്കാന്‍ ബുദ്ധിയും വിവരവും ഉള്ള മലയാളികള്‍ തന്നെയാണ് അക്ഷയ തൃതീയയെ സൂപ്പര്‍ഹിറ്റാക്കിയത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.