അനിയത്തിപ്രാവിലെ നായകന്മാര്‍ അത്ര സോഫ്റ്റല്ല, പെര്‍ഫോമന്‍സില്‍ ഞെട്ടിച്ച് ചാക്കോച്ചനും അക്ഷയ് ഖന്നയും
Indian Cinema
അനിയത്തിപ്രാവിലെ നായകന്മാര്‍ അത്ര സോഫ്റ്റല്ല, പെര്‍ഫോമന്‍സില്‍ ഞെട്ടിച്ച് ചാക്കോച്ചനും അക്ഷയ് ഖന്നയും
അമര്‍നാഥ് എം.
Wednesday, 17th December 2025, 5:11 pm

2025ല്‍ പ്രേക്ഷകരെ ഞെട്ടിച്ച നിരവധി സിനിമകള്‍ വന്നുപോയി. ബജറ്റിന്റെ വലിപ്പം കൊണ്ടും കഥയുടെ ഡെപ്ത് കൊണ്ടും ഞെട്ടിച്ച സിനിമകളില്‍ ചില പെര്‍ഫോമന്‍സുകള്‍ അത്ര പെട്ടെന്ന് മറക്കാനാകാതെ നിന്നിട്ടുണ്ട്. പണ്ടുമുതല്‍ കണ്ടുശീലിച്ച നടന്മാരില്‍ നിന്ന് ഇതുവരെ പ്രതീക്ഷിക്കാത്ത ചില പെര്‍ഫോമന്‍സുകള്‍ക്കും ഈ വര്‍ഷം സാക്ഷ്യം വഹിച്ചു.

 

അത്തരത്തില്‍ ഞെട്ടിച്ച രണ്ട് നടന്മാരാണ് കുഞ്ചാക്കോ ബോബനും ബോളിവുഡ് താരം അക്ഷയ് ഖന്നയും. ഇതുവരെ കാണാത്ത തരത്തിലുള്ള പ്രകടനമാണ് 2025ല്‍ ഇരുവരും കാഴ്ചവെച്ചത്. ജിത്തു അഷ്‌റഫ് സംവിധാനം ചെയ്ത ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ ഇമേജ് ബ്രേക്ക് ചെയ്യുന്ന തരത്തിലായിരുന്നു കുഞ്ചാക്കോ ബോബന്റെ പ്രകടനം. ഇന്‍ട്രോ സീനില്‍ തന്നെ അത് വ്യക്തമായിരുന്നു.

ഒരുകാലത്ത് ചോക്ലേറ്റ് ഹീറോ വേഷങ്ങള്‍ മാത്രം ചെയ്തുകൊണ്ടിരുന്ന കുഞ്ചാക്കോ അതിനെയെല്ലാം കുടഞ്ഞെറിയുകയായിരുന്നു ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍. സ്ത്രീയെ തൊഴിക്കുന്ന പൊലീസ് ഓഫീസറായി കുഞ്ചാക്കോ ബോബനെ ഒരുകാലത്ത് സിനിമാപ്രേമികള്‍ക്ക് സങ്കല്പിക്കാന്‍ പോലും സാധിക്കില്ലായിരുന്നു. ഇന്ന് അയാള്‍ തന്നിലെ നടനെ കൂടുതല്‍ തേച്ചുമിനുക്കുകയാണ്.

ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ കുഞ്ചാക്കോ ബോബന്‍ Photo: Screen grab/ Sony Music

കുഞ്ചാക്കോ ബോബനെപ്പോലെ പ്രേക്ഷകരെ ഞെട്ടിച്ച മറ്റൊരു നടനാണ് ബോളിവുഡ് താരം അക്ഷയ് ഖന്ന. ചാക്കോച്ചനെപ്പോലെ ഒരുകാലത്ത് ബോളിവുഡിലെ ചോക്ലേറ്റ് ബോയ് ആയിരുന്നു അക്ഷയ് ഖന്നയും. എന്നാല്‍ ഈ വര്‍ഷം രണ്ട് സിനിമകളില്‍ വില്ലന്‍ വേഷത്തിലൂടെ അക്ഷയ് ഖന്ന സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായി.

വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മണ്‍ ഉദേക്കര്‍ സംവിധാനം ചെയ്ത ഛാവായില്‍ ഔറംഗസേബായി വേഷമിട്ടത് അക്ഷയ് ഖന്നയായിരുന്നു. ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാകാത്ത തരത്തിലാണ് അക്ഷയ് ഛാവായില്‍ പ്രത്യക്ഷപ്പെട്ടത്. അലറിവിളിച്ചും ഫൈറ്റ് ചെയ്തും നിറഞ്ഞുനില്‍ക്കുന്ന നായകനോട് കട്ടക്ക് നില്‍ക്കാന്‍ അക്ഷയ് ഖന്നക്ക് സാധിച്ചു. ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ അതിഗംഭീര പെര്‍ഫോമന്‍സായിരുന്നു അക്ഷയ് ഖന്നയുടേത്.

ഛാവായില്‍ അക്ഷയ് ഖന്ന Photo: Screen grab/ Netflix

വര്‍ഷാവസാനം വീണ്ടുമൊരു വില്ലന്‍ വേഷത്തിലൂടെ അദ്ദേഹം ഞെട്ടിച്ചു. ആദിത്യ ധര്‍ സംവിധാനം ചെയ്ത ധുരന്ധര്‍ വന്‍ വിജയമായതില്‍ അക്ഷയ് ഖന്ന വഹിച്ച പങ്ക് ചെറുതല്ല. ആദ്യവാരം തന്നെ ബോക്‌സ് ഓഫീസില്‍ വീണുപോയേക്കാവുന്ന സിനിമയെ രക്ഷിച്ചത് അക്ഷയ് ഖന്നയുടെ രംഗങ്ങളാണ്. റാപ്പ് സോങ്ങിന് ചുവടുവെക്കുന്ന അക്ഷയ് ഖന്നയുടെ രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

പിന്നീട് ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പാണ് നടത്തിയത്. റഹ്‌മാന്‍ ദകേത് എന്ന വില്ലനായി പകരം വെക്കാനില്ലാത്ത പ്രകടനമായിരുന്നു അക്ഷയ് ഖന്നയുടേത്. പാകിസ്ഥാനിലെ ല്യാരി നഗരം അടക്കിവാണ റഹ്‌മാന്‍ ദകേത് എന്ന അധോലോക രാജാവിനെ അതിഗംഭീരമായി അക്ഷയ് ഖന്ന പകര്‍ന്നാടി. ആ കഥാപാത്രത്തിന്റെ ഇന്‍ട്രോ സീന്‍ മുതല്‍ ക്ലൈമാക്‌സ് വരെ അപാര സ്‌കോറിങ്ങായിരുന്നു.

കുഞ്ചാക്കോ ബോബന്റെ ആദ്യ ചിത്രമായ അനിയത്തിപ്രാവിന്റെ ഹിന്ദി റീമേക്കില്‍ അക്ഷയ് ഖന്നയായിരുന്നു നായകന്‍. രണ്ട് ചോക്ലേറ്റ് ഹീറോകളും ഈ വര്‍ഷം നെഗറ്റീവ് ഷെയ്ഡിലൂടെ ഞെട്ടിച്ചത് യാദൃശ്ചികതയാകാം. ഇനിയും ഈ രണ്ട് നടന്മാരുടെയടുത്ത് നിന്ന് ഇത്തരത്തിലുള്ള പവര്‍ഹൗസ് പ്രകടനങ്ങള്‍ തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Content Highlight: Akshaye Khanna and Kunchako Boban’s performance in 2025 are notable

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം