ബോളിവുഡ് സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതനായ നടനാണ് അക്ഷയ് കുമാര്‍. കരിയറിന്റെ തുടക്കത്തില്‍ ആക്ഷന്‍ ഹീറോ ആയി തിളങ്ങി പിന്നീട് വ്യത്യസ്തമായ സിനിമകള്‍ സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
30 വര്‍ഷത്തിലേറെ നീണ്ട തന്റെ കരിയറില്‍ 150ലധികം സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. ആക്ഷന്‍ സിനിമകളില്‍ നിന്ന് മാറി നിരവധി കോമഡി സിനിമകളില്‍ അഭിനയിക്കുകയും നിര്‍മിക്കുകയും ചെയ്തിട്ടുള്ള നടന്‍ കൂടിയാണ് അക്ഷയ് കുമാര്‍.
സിനിമകളില്‍ ആക്ഷന്‍ റോളുകള്‍ മാത്രമാണ് താന്‍ ആദ്യം ചെയ്തിരുന്നത് എന്ന് പറയുകയാണ് അക്ഷയ്കുമാര്‍. ആക്ഷന്‍ അല്ലാത്ത ഒരു വേഷം തനിക്ക് ചെയ്യാന്‍ സാധിക്കുമെന്ന് സംവിധായകര്‍ വിശ്വസിച്ചിരുന്നില്ലെന്നും മറ്റ് കഥാപാത്രങ്ങള്‍ കൂടി തനിക്ക് ചെയ്യാനുള്ള അവസരം നല്‍കണമെന്ന് പറഞ്ഞ് താന്‍ സംവിധായകരുടെ അടുത്ത് യാചിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
പിന്നീടാണ് പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ തന്റെ ജീവിതത്തിലേക്ക് കടന്ന് വന്നതെന്നും അദ്ദേഹം തന്നെ വെച്ച് ഹേരാ ഫേരി എന്ന സിനിമ ചെയ്തുവെന്നും അക്ഷയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. പതിയേ ജീവിതം മാറാന്‍ തുടങ്ങിയെന്നും പിന്നീട് എയര്‍ലിഫ്റ്റ്, പാഡ്മാന്‍ എന്നീ സിനിമകളില്‍ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നു. കണ്ണപ്പയുടെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അക്ഷയ് കുമാര്‍.
‘സിനിമയില്‍ ആക്ഷന്‍ റോളുകള്‍ മാത്രമായിരുന്നു ഞാന്‍ ആദ്യം ചെയ്തുകൊണ്ടിരുന്നത്. കാരണം ആക്ഷന്‍ അല്ലാത്ത മറ്റൊരു റോള്‍ എനിക്ക് ചെയ്യാന്‍ കഴിയുമെന്ന് ആരും വിശ്വസിച്ചിരുന്നില്ല. പിന്നീട് ഞാന്‍ മറ്റെന്തെങ്കിലും വേഷം ചെയ്യാനായിട്ട് ശ്രമിച്ചു. എന്റെ സംവിധായകരുടെ അടുത്ത് കുറെ യാചിച്ചു. മെല്ലെ മെല്ലെ എനിക്ക് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കിട്ടി തുടങ്ങി. എന്നെ വിശ്വസിക്കണം എനിക്ക് അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നാക്കെ ഞാന്‍ ഡയറക്ടേഴ്‌സിന്റെ അടുത്ത് പറഞ്ഞു.
പിന്നീട് പ്രിയദര്‍ശന്‍ ജി എന്റെ ലൈഫിലേക്ക് വന്നു. അദ്ദേഹം എനിക്ക് ഹേരാ ഫേരി എന്ന സിനിമ തന്നു. പിന്നെ മഹേഷ് ഭട്ടിന്റെ ഒരു സിനിമ ചെയ്തു. മെല്ലെ ജീവിതം അങ്ങ് മാറാന്‍ തുടങ്ങി. പിന്നെ എയര്‍ലിഫ്റ്റ്, പാഡ്മാന്‍ എന്നിങ്ങനെ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്തു. എനിക്ക് എപ്പോഴും വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യണമെന്നായിരുന്നു ആഗ്രഹം,’ അക്ഷയ് കുമാര്‍ പറയുന്നു.
Content Highlight: Akshay kumar talks about Priyadharshan.