വാങ്ചുക്കിനെതിരായ നടപടി അങ്ങേയറ്റം അപലപനീയം; ബി.ജെ.പി ഐക്യത്തെ ഭയക്കുന്നുവെന്ന് അഖിലേഷ് യാദവ്
India
വാങ്ചുക്കിനെതിരായ നടപടി അങ്ങേയറ്റം അപലപനീയം; ബി.ജെ.പി ഐക്യത്തെ ഭയക്കുന്നുവെന്ന് അഖിലേഷ് യാദവ്
റെന്വര്‍ പി
Saturday, 18th July 2026, 12:48 pm

ന്യൂദല്‍ഹി: നിരാഹാര സമര വേദിയില്‍ നിന്ന് സോനം വാങ്ചുകിനെ ബലം പ്രയോഗിച്ച് നീക്കിയ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സമാജ്‌വാദി പാര്‍ട്ടി നേതാവിന്റെ പ്രതികരണം.

ഇന്ന് (ജൂലൈ 18, ശനി) രാവിലെ നടന്ന ഈ സംഭവം രാജ്യത്താകെയും ലോകം മുഴുവനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അറിഞ്ഞു. ലോകത്താകെയും ഈ രാജ്യത്തുള്ളവര്‍ക്കും വാങ്ചുകിന്റെ കാര്യത്തില്‍ ആശങ്കയുണ്ട്. അവര്‍ ഈ ബി.ജെ.പി സര്‍ക്കാരിനെതിരെ രോഷാകുലരാണെന്നും അഖിലേഷ് യാദവ് പറഞ്ഞു.

ദല്‍ഹി ജന്തര്‍ മന്ദറിലെ സമരവേദിയില്‍ നിന്നാണ് വാങ്ചുക്കിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് സമയത്ത് സമരവേദിയിലേക്ക് യൂണിഫോമില്‍ അല്ലാത്ത ഒരു സംഘം കടന്ന് കയറുകയും ബെഡ്ഷീറ്റുകള്‍കൊണ്ട് മറക്കുകയും ചെയ്തിരുന്നു.

ഈ നടപടിയെക്കുറിച്ചും അഖിലേഷ് യാദവിന്റെ പോസ്റ്റില്‍ പറയുന്നു. ചതിയിലൂടെയാണ് അറസ്റ്റ് നടപ്പാക്കിയതെന്നും അഖിലേഷ് അഭിപ്രായപ്പെട്ടു. ‘ ഈ നടപടി ചതിയിലൂടെ നടപ്പാക്കാന്‍ സാധാരണ വേഷത്തില്‍ വേദിയിലേക്ക് നുഴഞ്ഞുകയറിയവരുടെ വിവരങ്ങള്‍ പരസ്യമാക്കണം,’
അഖിലേഷ് യാദവ് കുറിച്ചു.

തന്റെ ജീവിതം മാനവികതയ്ക്കും, പരിസ്ഥിതി സംരക്ഷണത്തിനും, ജനാധിപത്യ മൂല്യങ്ങള്‍ക്കും വേണ്ടി സമര്‍പിച്ച വ്യക്തിയാണ് വാങ്ചുക്. അദ്ദേഹത്തിന്‌റെ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. വാങ്ചുക്കിന് ‘ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍’ വൈദ്യസഹായം ലഭ്യമാക്കണമെന്ന് ഞങ്ങള്‍ ശക്തമായി ആവശ്യപ്പെടുകയാണെന്നും അഖിലേഷ് യാദവ് പറഞ്ഞു.

‘ബി.ജെ.പിയുടേത് ഭിന്നിപ്പിക്കലിന്റെ രാഷ്ട്രീയമാണ്. അതുകൊണ്ടാണ്, ഐക്യം, ഐക്യദാര്‍ഢ്യം എന്നിവക്കെതിരെ ബി.ജെ.പി ഭയത്തോടെ പ്രതികരിക്കുന്നതും സംഘടനകളെ പിളര്‍ത്തുന്നതും. എന്നാലും, ഇന്നത്തെ പുതിയ തലമുറയ്ക്ക് ‘ഡിജിറ്റല്‍ ഐക്യത്തിലൂടെ’ ഒരു പ്രത്യയശാസ്ത്ര വിപ്ലവം കൊണ്ടുവരാന്‍ കഴിയുമെന്ന് ബി.ജെ.പി മറന്നുപോയി. ഇത് സംഭവിച്ചു, സംഭവിക്കുന്നു, ഇനിയും സംഭവിക്കും,’ അഖിലേഷ് കുറിച്ചു.

നമ്മുടെ രാജ്യത്തെയും ലോകത്തെയും ജനങ്ങള്‍ ഇപ്പോള്‍ ബി.ജെ.പി സര്‍ക്കാരിനെ കാണുന്നത് സംശയത്തോടെയാണ്. ഈ സര്‍ക്കാര്‍ ചോദ്യമുനയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘അടിച്ചമര്‍ത്തല്‍ രാഷ്ട്രീയത്തിന് പേരുകേട്ട ബി.ജെ.പി സര്‍ക്കാരിന്റെ അംഗീകരിക്കാനാവാത്ത ഈ നടപടി അന്താരാഷ്ട്ര വേദിയില്‍ നമ്മുടെ രാജ്യത്തിന്റെ മാനുഷികവും ജനാധിപത്യപരവുമായ പ്രതിച്ഛായയെ ഗുരുതരമായി ബാധിക്കുകയും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഗാന്ധിജിയിലോ അദ്ദേഹത്തിന്റെ ഗാന്ധിയന്‍ രീതികളിലോ ബി.ജെ.പി ഒരിക്കലും വിശ്വസിച്ചിട്ടില്ല. ബി.ജെ.പിയുടെ തെറ്റായ പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നത് സംഭാഷണങ്ങളെയല്ല. അത് സംഘര്‍ഷത്തിലാണ് വേരൂന്നിയിരിക്കുന്നത്,’ അഖിലേഷ് കുറിച്ചു.

ബി.ജെ.പി എന്നത് പ്രതീക്ഷകള്‍ നശിക്കുന്ന അവസ്ഥയുടെ പര്യായമായി മാറിയിരിക്കുന്നു. ബി.ജെ.പി ഒരു സര്‍ക്കാരല്ല, അത് അഹങ്കാരത്തിന്റെ രൂപമാണെന്നും അഖിലേഷ് അഭിപ്രായപ്പെട്ടു.

Content Highlight: Akhilesh Yadav on Moving Sonam Wangchuk From Jantar Mandar

 

 

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.