ഫഹദ് ഫാസിൽ നായകനായെത്തിയ പാച്ചുവും അത്ഭുതവിളക്കും നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ സർവ്വം മായയും ഏകദേശം ഒരേ ബജറ്റിലാണ് നിർമിച്ചതെന്ന് പറയുകയാണ് സംവിധായകൻ അഖിൽ സത്യൻ. ഫീൽഗുഡ് ചിത്രങ്ങളായതിനാൽ ചെലവ് കുറവായിരിക്കും എന്ന പൊതുവായ ധാരണ തെറ്റാണെന്നും, ഇത്തരത്തിലുള്ള സിനിമകൾക്കും വലിയ ബജറ്റ് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാച്ചുവും അത്ഭുതവിളക്കിനും മുടക്കിയ തുകയ്ക്ക് തുല്യമായ ബജറ്റാണ് സർവ്വം മായയ്ക്കും ഉണ്ടായിരുന്നതെന്ന് അഖിൽ സത്യൻ പറയുന്നു. പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിൽ ഉപയോഗിച്ച ട്രെയിനിനായി മാത്രം 60 മുതൽ 70 ലക്ഷം രൂപ വരെ ചെലവായതായും, ബോംബെയിലെ ഷൂട്ടിങ്ങിന് പെർഡേ 10 ലക്ഷം രൂപ വീതം ചെലവായതായും അദ്ദേഹം പറഞ്ഞു. ആ സമയത്ത് ഏറ്റവും കൂടുതൽ പണം മുടക്കിയ ഫീൽഗുഡ് ചിത്രങ്ങളിൽ ഒന്നായിരുന്നു പാച്ചുവും അത്ഭുതവിളക്കും എന്നും അഖിൽ സത്യൻ കൂട്ടിച്ചേർത്തു.
‘നല്ല പണം ചെലവായ സിനിമയാണ് സർവ്വം മായ. പാച്ചുവും അത്ഭുതവിളക്കും സർവ്വം മായയ്ക്കത്ര ബഡ്‌ജറ്റ് ചിലവായ ഒരു സിനിമയാണ്. സർവ്വം മായയിലെ ആ മന സെറ്റ് ഇട്ടതാണ്. അതിന് തന്നെ 50 ലക്ഷത്തോളം ബഡ്‌ജറ്റ് ആയി. ആളുകൾക്ക് ഈ കൊലപാതകവും വില്ലന്മാരെ കൊല്ലലും ഇല്ലെങ്കിൽ പടത്തിന് ബഡ്‌ജറ്റ് ഇല്ല എന്നൊരു പൊതുവായ ചിന്തയുണ്ട്. പാച്ചു സർവ്വം മായയുടെ അത്രയും ചെലവായ ഒരു സിനിമയാണ്. അതിൽ ട്രെയിനിന്റെ ചിലവ് മാത്രം 60 മുതൽ 70 ലക്ഷം വരെയാണ്.
സർവ്വം മായ, Photo: IMDb
അതിൽ ബോംബെ ഷൂട്ട് ചെയ്യാൻ പെർഡേ 10 ലക്ഷം രൂപയാണ്. ആ സമയത്ത് ഏറ്റവും കൂടുതൽ പണം മുടക്കിയ ഫീൽഗുഡ് പടമാണ് പാച്ചുവും അത്ഭുതവിളക്കും. എനിക്ക് ഉറപ്പാണ് ആ ക്വാളിറ്റി നിങ്ങൾക്ക് സിനിമയിലും കാണാൻ സാധിക്കും,’ അഖിൽ സത്യൻ പറഞ്ഞു.
പാച്ചുവും അത്ഭുതവിളക്കും പ്രേക്ഷകർക്ക് മികച്ച ഒരു ഫീൽഗുഡ് അനുഭവം സമ്മാനിച്ച ചിത്രമായിരുന്നു. അതേസമയം, നിവിൻ പോളിയുടെ തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം സർവ്വം മായയിലൂടെ അദ്ദേഹത്തിന്റെ ശക്തമായ തിരിച്ചുവരവാണ് സംഭവിച്ചതെന്ന അഭിപ്രായമാണ് പ്രേക്ഷകർക്ക്. ഹൊറർ കോമഡി ഴോണറിൽ ഒരുങ്ങിയ ചിത്രം ഫീൽഗുഡ് അനുഭവമാണ് പ്രേക്ഷകർക്ക് നൽകിയത്. നിവിൻ പോളി–അജു വർഗീസ് കൂട്ടുകെട്ടും ‘ഡെലൂലു’ എന്ന യക്ഷി കഥാപാത്രത്തിന് പ്രേക്ഷക മനസിൽ ഇടം നേടിയെടുക്കാനും കഴിഞ്ഞു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.