അഖിൽ സത്യൻ സംവിധാനം ചെയ്ത സർവ്വം മായയിൽ ഡെലൂലു എന്ന യക്ഷിയായി റിയ ഷിബു എത്തിയതിന് പിന്നിൽ ഒരു കഥയുണ്ട്. ആദ്യഘട്ടത്തിൽ ഡെലൂലു എന്ന കഥാപാത്രമായി തീരുമാനിച്ചിരുന്നത് പ്രീതി മുകുന്ദനെയായിരുന്നു. എന്നാൽ സിനിമയുടെ സ്റ്റോറിയിൽ ഡെലൂലു എന്ന കഥാപാത്രം ഒരു സാധാരണ പ്രേതമല്ല, കുട്ടിത്തമുള്ള, പേടിപ്പിക്കാത്ത, നിഷ്കളങ്കത നിറഞ്ഞ ഒരു യക്ഷിയായിരുന്നു. അതിനാൽ അത്തരത്തിലുള്ള ഒരു കുട്ടിയെ കണ്ടെത്തുകയായിരുന്നുവെന്ന് പറയുകയാണ് അഖിൽ സത്യൻ
‘റോം-കോം ഫോർമാറ്റിലേക്ക് പോകുന്ന കഥാപാത്രമല്ല, മറിച്ച് കുട്ടിത്തവും ക്യൂട്ട്നസും ഒരുപോലെ ഉള്ള ഒരു പ്രേതം വേണം എന്ന തീരുമാനത്തിലേക്ക് എത്തിയതോടെയാണ് പ്രായം കുറഞ്ഞ ഒരാളെ തേടിയുള്ള അന്വേഷണം ആരംഭിച്ചത്. അതുകൊണ്ടാണ് പ്രീതിയെ അതിൽ നിന്നും മാറ്റിയത്. പ്രീതിയോട് ഞാൻ സംസാരിക്കുകയും ചെയ്തു ഒരു പ്രായം കുറഞ്ഞ ആളെ തേടി പോവുകയാണെന്ന്.
അങ്ങനെ ‘മുറ’ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ഇവന്റിൽ, സീരിയസായി സംസാരിക്കുന്ന, എന്നാൽ അതേസമയം വളരെ ക്യൂട്ടും ഭംഗിയുമുള്ള ഒരു കുട്ടി എന്റെ ശ്രദ്ധയിൽ പെട്ടു. അവളുടെ പേര് അന്വേഷിച്ചപ്പോൾ കുറെ റീലുകൾ കണ്ടു. എല്ലാം വളരെ സാമർത്ഥ്യത്തോടെ ചെയ്യുന്ന ഒരു പെൺകുട്ടിയെന്ന് വ്യക്തമായി.
പിന്നീട് റിയയുടെ അച്ഛനും നിർമാതാവുമായ ഷിബു തമീൻസ് വിളിച്ചപ്പോൾ ഈ വീട്ടിലെ ഏറ്റവും സ്മാർട്ട് ആയിട്ടുള്ള കുട്ടി റിയ തന്നെയാണ്. തന്റെ മകളായതുകൊണ്ട് പറയുകയല്ല എന്ന മറുപടിയാണ് ലഭിച്ചത്. അതോടെ റിയയെ വിളിച്ച് ഒരു ഓഡിഷൻ ചോദിച്ചപ്പോൾ, ഒരു നിമിഷം പോലും സംശയിക്കാതെ ‘ചെയ്യാം ചേട്ടാ’ എന്ന മറുപടി കിട്ടി,’ അഖിൽ സത്യൻ പറഞ്ഞു.
സ്ക്രിപ്റ്റ് മലയാളത്തിൽ ആണെന്നും, ആവശ്യമെങ്കിൽ മംഗ്ലീഷാക്കി നൽകാമെന്നും അഖിൽ പറഞ്ഞു. ‘വേണ്ട ചേട്ടാ, എനിക്ക് മലയാളം വായിക്കാൻ അറിയാം’ എന്ന റിയയുടെ മറുപടി അഖിൽ സത്യനെ പൂർണമായി ഇമ്പ്രെസ്സ് ചെയ്യിപ്പിച്ചു. കേരളത്തിന് പുറത്തു വളർന്ന ഒരു കുട്ടി ആത്മവിശ്വാസത്തോടെ മലയാളം വായിക്കാമെന്ന് പറയുന്ന നിമിഷം തന്നെ, ‘ഈ കുട്ടി തന്നെ മതി’ എന്ന ഉറച്ച തീരുമാനത്തിലേക്കാണ് അഖിൽ പിന്നീട് എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിയ ഓഡിഷൻ വീഡിയോ അയച്ചു നൽകിയതോടെ, അത് ആദ്യം കാണിച്ചത് സത്യൻ അന്തികാടിനെയായിരുന്നെന്നും അവിടെ നിന്നാണ് ഡെലൂലു എന്ന കഥാപാത്രത്തിന് ആദ്യ ‘ഓക്കേ’ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അങ്ങനെ, ആദ്യം പ്രീതിയിൽ ഉറപ്പിച്ച ഡെലൂലു, എന്ന കഥാപാത്രം കഥയുടെ സ്വഭാവത്തിനനുസരിച് കുട്ടിത്തമുള്ള റിയ ഷിബുവിലേക്ക് മാറുകയുമായിരുന്നു. പിന്നീട് സാധ്യ എന്ന കഥാപാത്രമായായിരുന്നു പ്രീതി മാറിയത്.
Content Highlight: Akhil Sathyan talks about how Riya came to be the character Delulu.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.