മലയാള സിനിമയെ എന്നും വേറിട്ടുനിർത്തുന്നത് കഥകളിലും കഥാപാത്രങ്ങളിലും കൊണ്ടുവരുന്ന പുതുമകളാണ്. അത്തരത്തിൽ വ്യത്യസ്ത സിനിമകൾ സമ്മാനിച്ച ഒരു വർഷമായിരുന്നു 2025. ലോക: ചാപ്റ്റർ 1 ചന്ദ്ര, കളങ്കാവൽ, തുടരും, എക്കോ തുടങ്ങിയ ചിത്രങ്ങൾക്കൊപ്പം ശ്രദ്ധ നേടിയ സിനിമയായിരുന്നു സർവ്വം മായ.

അഖിൽ സത്യൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായെത്തിയ ചിത്രം ബോക്സ് ഓഫീസിൽ 150 കോടിയോളം നേടി. നിവിൻ പോളിയുടെ ശക്തമായ തിരിച്ചുവരവ് ചിത്രമായും ഇത് വിലയിരുത്തപ്പെട്ടു. ചിത്രത്തിലെ ഓരോ കഥാപാത്രവും പ്രേക്ഷക മനസിൽ ഇടം നേടിയിരുന്നു. ഡെലൂലു എന്ന കഥാപാത്രം മുതൽ ഒരു സീനിൽ പോലും പ്രത്യക്ഷപ്പെടാത്ത പ്രഭേന്ദുവിന്റെ അമ്മ വരെ ചർച്ചയായവരായിരുന്നു.

സർവ്വം മായ, Photo: IMDb

ഇപ്പോൾ ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ആ കഥാപാത്രത്തിന്റെ പിറവിയെക്കുറിച്ച് പറയുകയാണ് അഖിൽ സത്യൻ.
‘കഥ പറയുമ്പോൾ ഒരിക്കലും പ്രഭേന്ദുവിന്റെ അമ്മയെ കുറിച്ച് ആലോചിച്ചിട്ടില്ല. ആ സീൻ പ്യുയർ ലോജിക്കിന്റെ പുറത്തുണ്ടായതാണ്. ഞാൻ ആണെങ്കിൽ ആദ്യം പ്രേതത്തെ കണ്ടാൽ പോകുക ഡോക്ടറുടെ അടുത്തായിരിക്കും. കാരണം എനിക്ക് അറിയാം എനിക്ക് എന്തോ ഒരു പ്രശ്നമുണ്ടെന്ന്. അതായിരുന്നു ഉദ്ദേശം. അത് എഴുതുമ്പോൾ സംഭവിച്ചുപോയതാണ്.

ഒരു നിരീശ്വരവാദിയായ നമ്പൂതിരിക്ക് പ്രേതത്തെ കാണേണ്ടി വരുന്നു അത്രയുമായിരുന്നു ആദ്യം. എന്റെ സ്ക്രീൻപ്ലേ ഒരു എഫോർ ഷീറ്റിന്റെ ഇരുവശങ്ങളിലും വൺലൈനായി എഴുതുന്നതാണ്. ‘മീറ്റ് സൈക്കാട്രിസ്റ്റ്’ എന്ന് മാത്രമാണ് ആദ്യം കുറിച്ചത്. പിന്നെ ആ സീൻ എഴുതുമ്പോൾ വന്നുപോയതാണ് മറ്റെല്ലാം. ഒരു ചെറിയ ചോദ്യത്തിൽ നിന്നാണ് അമ്മ എന്ന കഥാപാത്രം രൂപപ്പെട്ടത്. ‘എപ്പോഴാണ് ദൈവത്തിൽ വിശ്വാസം പോയത്?’ എന്ന ചോദ്യത്തിൽ നിന്നാണ് അത് ഉണ്ടായത്,’ അഖിൽ സത്യൻ പറഞ്ഞു.

സർവ്വം മായ, Photo: IMDb

തന്റെ ഡിഗ്രിക്കാലത്ത് ഒരു അടുത്ത സുഹൃത്ത് പറഞ്ഞ അനുഭവവും ഇതിൽ സ്വാധീനം ചെലുത്തിയതായി അദ്ദേഹം വ്യക്തമാക്കി. ‘അവൻ ടി.വി കാണുകയായിരുന്നു. അമ്മ ദോശ ഉണ്ടാക്കുകയായിരുന്നു. അവൻ ദോശ കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. അടുത്ത ദോശ ഉണ്ടാക്കാൻ പോയ അമ്മ പിന്നെ തിരിച്ചു വന്നില്ല. നോക്കുമ്പോൾ അമ്മ അടുക്കളയിൽ വീണ് കിടക്കുകയാണ്. ഇതൊക്കെ യഥാർത്ഥ അനുഭവങ്ങളാണ്,’ അഖിൽ കൂട്ടിച്ചേർത്തു.

ഹൃദയപൂർവ്വം സിനിമയിലെ അവസാന ക്ലൈമാക്സ് രംഗത്തിൽ മോഹൻലാൽ പറയുന്ന സ്പീച്ചും തന്റെ വലിയച്ഛൻ പറഞ്ഞ ഒരു കഥയിൽ നിന്നുള്ള പ്രചോദനമാണെന്നും അഖിൽ പറഞ്ഞു. എഴുതാൻ ഇരിക്കാൻ തയ്യാറായാൽ ബ്രെയിനിലെ എല്ലാ സെല്ലുകളിൽ നിന്നും പഴയ ഓർമകൾ വരുമെന്നും അത് എഴുതാൻ പ്രചോദനമാവുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Akhil sathyan talk about the Movie Sarvam maya