ഇതൊരു ഓള്‍ഡ് സ്‌കൂള്‍ സിനിമയാണ്; കഥയുടെ ത്രെഡ് ശ്രീനിവാസന്‍ സാറിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം ചിരിച്ചു: അഖില്‍ സത്യന്‍
Malayalam Cinema
ഇതൊരു ഓള്‍ഡ് സ്‌കൂള്‍ സിനിമയാണ്; കഥയുടെ ത്രെഡ് ശ്രീനിവാസന്‍ സാറിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം ചിരിച്ചു: അഖില്‍ സത്യന്‍
അശ്വിന്‍ രാജേന്ദ്രന്‍
Monday, 29th December 2025, 8:10 pm

മികച്ച ഒരു സിനിമയോടെ 2025 അവസാനിപ്പിക്കാനുള്ള മലയാളിയുടെ ആഗ്രഹം സഫലമാക്കികൊണ്ടാണ് സര്‍വ്വം മായ തിയേറ്ററുകളില്‍ മുന്നേറുന്നത്. ഒരിടവേളക്ക് ശേഷം കംപ്ലീറ്റ് എന്റര്‍ടെയിനര്‍ വേഷത്തിലെത്തിയ നിവിന്‍ പോളിയുടെ തിരിച്ചു വരവാണ് ചിത്രമെന്നാണ് കണ്ടിറങ്ങിയവര്‍ ഒന്നടങ്കം പറയുന്നത്. മലയാളത്തിലെ ഇഷ്ട കോമ്പിനേഷനായ നിവിന്‍-അജു കൂട്ട്‌കെട്ടും അഖില്‍ സത്യന്‍ ചിത്രത്തിലൂടെ തിരിച്ചെത്തിയിരുന്നു.

Photo: OTT PLAY

ചിത്രത്തിന്റെ വിജയത്തിന് ശേഷം നല്‍കിയ അഭിമുഖത്തില്‍ സര്‍വ്വം മായയുടെ കഥ തന്റെ അച്ഛനോടും മരണപ്പെട്ട ശ്രീനിവാസനോടും പങ്കുവെച്ച അനുഭവം പറയുകയാണ് സംവിധായകന്‍ അഖില്‍ സത്യന്‍. ഏഷ്യാനെറ്റ് ന്യൂസുമായി സംസാരിക്കുന്നതിനിടെയായിരുന്നു അഖില്‍ തന്റെ അനുഭവം പങ്കുവെച്ചത്.

‘ശ്രീനിയേട്ടനോട് നേരിട്ട് കഥ പറയാന്‍ എനിക്ക് അവസരം കിട്ടിയിട്ടില്ല. അച്ഛനായിരുന്നു ശ്രീനിയങ്കിളിനോട് ഈ കഥ പറയുന്നത്. കഥ കേട്ടപ്പോള്‍ ഇഷ്ടപ്പെട്ട് ശ്രീനിവാസന്‍ സാര്‍ ചിരിച്ചിരുന്നു. അച്ഛനാണ് ഈ സിനിമയുടെ ത്രെഡ് പിക്ക് ചെയ്യുന്നത്. ഞാന്‍ രണ്ട് കഥയുടെ ത്രെഡ് അച്ഛനോട് പറഞ്ഞിരുന്നു. ഇതാണ് അച്ഛന് ഇഷ്ടപ്പെട്ട കഥ എന്ന് പറഞ്ഞതു കൊണ്ടാണ് ഇതിലേക്ക് എത്തിയത്.

അദ്ദേഹം ഒരിക്കലും കഥയില്‍ ഇടപെടില്ല നമുക്ക് ഇഷ്ടമുള്ള രീതിയില്‍ ചിന്തിക്കാനും നരേറ്റ് ചെയ്യാനുമുള്ള അവസരം തരാറുണ്ട്. അച്ഛന്‍ അഭിമാനിക്കുന്ന ഒരു സിനിമയായിരിക്കും ഇതെന്ന് എനിക്ക് തോന്നുന്നു. ഇതൊരു ഓള്‍ഡ് സ്‌കൂള്‍ സിനിമയാണ്, 90 സിലെ കാലഘട്ടം റീക്രിയേറ്റ് ചെയ്യാന്‍ ശ്രമിക്കുന്ന എന്നാല്‍ ഒരുപാട് പുതുമകളുള്ള ചിത്രമാണ് സര്‍വ്വം മായ,’ അഖില്‍ പറയുന്നു.

Photo: OTT Play

 

നമ്മള്‍ ചെയ്ത സിനിമ എല്ലാവര്‍ക്കും ഇഷ്ടമായെന്ന് അറിയുന്നതാണ് ഒരു വാലിഡിറ്റിയെന്നും നമ്മുടെ ജഡ്ജ്‌മെന്റ് കറക്ടായി എന്നറിയുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാകാത്തതാണെന്നും സംവിധായകന്‍ പറഞ്ഞു. ഒരുപാട് കാര്യങ്ങളെ കുറിച്ച് പഠിച്ച് റിസര്‍ച്ച് ചെയ്താണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രിസ്മസ് റിലീസായി തിയേറ്ററുകളില്‍ എത്തിയ ചിത്രത്തില്‍ ജനാര്‍ദ്ദനന്‍, റിയ ഷിബു, മധു വാര്യര്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു. പാച്ചുവും അത്ഭുതവിളക്കിനും ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ജസ്റ്റിന്‍ പ്രഭാകരനാണ്.

Content Highlight: Akhil Sathyan share his memory about Sreenivasan

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.