വന്‍ സ്റ്റാര്‍ കാസ്റ്റും വിദേശ ലൊക്കേഷനുമില്ലാത്ത സിനിമകള്‍ മലയാളികള്‍ക്ക് ലോ ബജറ്റ് പടങ്ങളാണ്. 100 കോടിയും പിന്നിട്ട് തിയേറ്ററുകളില്‍ ഇപ്പോഴും മുന്നേറുന്ന സര്‍വം മായ അത്തരമൊരു ലോ ബജറ്റ് ചിത്രമാണെന്ന് പലരും വിചാരിക്കുകയാണ്. ഫീല്‍ ഗുഡ് സിനിമയായതിനാല്‍ വളരെ ചെറിയ ബജറ്റ് മാത്രമേ സര്‍വം മായക്ക് ഉണ്ടാകുള്ളൂ എന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്.
എന്നാല്‍ ചിത്രത്തിലെ പല രംഗങ്ങള്‍ക്കും നല്ല ചെലവായിട്ടുണ്ടെന്നാമ് പുതിയ വിവരം. ചിത്രത്തിലെ പ്രധാന ലൊക്കേഷനുകളിലൊന്നായ മുല്ലശ്ശേരി മന സെറ്റിട്ടതാണെന്ന് അഖില്‍ സത്യന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ചോറ്റാനിക്കരയിലെ ഒരു വീട് ഇപ്പോള്‍ കാണുന്ന രീതിയിലേക്ക് മാറ്റിയതാണെന്ന് അഖില്‍ പറഞ്ഞു.
ചെറിയൊരു വീടിനെ വലിയൊരു മനയാക്കി പുനസൃഷ്ടിച്ചതാണെന്ന് അഖില്‍ കൂട്ടിച്ചേര്‍ത്തു. അരക്കോടിയോളം ചെലവാക്കിയാണ് ഈ ലൊക്കേഷന്‍ സെറ്റിട്ടതെന്നും വീടിനകത്തെ പ്രോപ്പര്‍ട്ടികള്‍ പോലും ശ്രദ്ധയോടെ അറേഞ്ച് ചെയ്തതാണെന്നും സംവിധായകന്‍ പറയുന്നു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു അഖില്‍ സത്യന്‍.
‘പടത്തില്‍ കാണുന്ന ഇല്ലം സെറ്റിട്ടത് പുറത്തുനിന്നുള്ള ടീമാണ്. രാജീവന്‍ എന്ന ആര്‍ട്ട് ഡയറക്ടറാണ് ഇതിന്റ മെയിന്‍ ആള്. കാക്ക കാക്ക, അമരന്‍, വിജയ്‌യുടെ ഗോട്ട്, പ്രഭാസിന്റെ രാജാസാബ് എന്നീ സിനിമകളിലൊക്കെ സെറ്റ് വര്‍ക്ക് ചെയ്തത് പുള്ളിയാണ്. അത്രയും വലിയൊരു ടീമിനെയാണ് നമ്മള്‍ അപ്രോച്ച് ചെയ്തത്. അവര്‍ ചെയ്തതിന്റെ ഒറിജിനാലിറ്റി പടത്തില്‍ കാണാനാകും.
സര്‍വം മായ Photo: Meghna Ravindran/ Facebook
ഫീല്‍ ഗുഡ് സിനിമയാണെന്ന് കരുതി ബജറ്റില്‍ കുറവ് വരുത്തിയിട്ടില്ല. പാച്ചുവും അത്ഭുതവിളക്കും ഷൂട്ട് ചെയ്യാനെടുത്ത അത്രയും ബജറ്റ് സര്‍വം മായക്കും ചെലവായിട്ടുണ്ട്. പാച്ചുവിലെ ട്രെയിന്‍ സീനിന് മാത്രം 60 ലക്ഷത്തോളം ചെലവായിട്ടുണ്ട്. പിന്നെ മുംബൈയിലെ ചേരിയില്‍ ഒരുദിവസം ഷൂട്ട് ചെയ്യാന്‍ 10 ലക്ഷമാണ് മിനിമം. അങ്ങനെയാണ് ബജറ്റ് കൂടുന്നത്. രണ്ട് സിനിമയിലും ഒരിടത്തുപോലും ആര്‍ട്ടിഫിഷ്യാലിറ്റി ഫീല്‍ ചെയ്തതായി തോന്നിയിട്ടില്ല,’ അഖില്‍ സത്യന്‍ പറയുന്നു.
ചോറ്റാനിക്കരയിലെ അപ്പുമന എന്ന വീടാണ് സര്‍വം മായക്ക് വേണ്ടി മുല്ലശ്ശേരി മനയാക്കി മാറ്റിയത്. മെയ്യഴകന്‍, ഗ്യാങ് ലീഡര്‍, വാരണം ആയിരം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ആര്‍ട്ട് ഡയറക്ടറായ രാജീവനാണ് ഇതിന് പിന്നില്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്ന് തുടങ്ങി ഹോളിവുഡില്‍ വരെ രാജീവന്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. സര്‍വം മായയിലെ ഇല്ലം സെറ്റാണെന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച.