തിയേറ്ററുകളെ ജനസാഗരമാക്കി മുന്നേറുകയാണ് നിവിന്‍ പോളി നായകനായ സര്‍വം മായ. പാച്ചുവും അത്ഭുതവിളക്കിന് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രം ഫീല്‍ ഗുഡ് ഴോണറിലാണ് ഒരുങ്ങിയത്. സത്യന്‍ അന്തിക്കാടിന്റെ സ്ഥിരം പാറ്റേണില്‍ പുതിയ കാലത്തെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാണ് അഖില്‍ സത്യന്‍ തന്റെ സിനിമകളൊരുക്കുന്നത്.
അച്ഛന്റെ സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് അഖില്‍ സത്യന്‍. 2000ന് ശേഷം അച്ഛന്‍ ചെയ്ത സിനിമകളെക്കാള്‍ 90കളിലെ സിനിമകളാണ് ഗംഭീരമെന്ന് പലരും അഭിപ്രായപ്പെടാറുണ്ടെന്ന് അഖില്‍ പറഞ്ഞു. എന്നാല്‍ 2000ന് ശേഷം അദ്ദേഹം ചെയ്ത സിനിമകള്‍ അച്ചുവിന്റെ അമ്മ, മനസിനക്കരെ, ഇന്ത്യന്‍ പ്രണയകഥ തുടങ്ങിയവയാണെന്നും അഖില്‍ അഭിപ്രായപ്പെട്ടു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അതുപോലെ എല്ലാവരും പറയുന്ന കാര്യമാണ് അച്ഛന്‍ സ്ഥിരം ട്രാക്ക് മാറി ചെയ്ത സിനിമകള്‍ അണ്ടര്‍റേറ്റഡാണെന്നത്. അതില്‍ പലരും എടുത്തുപറയുന്ന സിനിമയാണ് പിന്‍ഗാമി. അത് ബോക്‌സ് ഓഫീസില്‍ ശ്രദ്ധിക്കാതെ പോയതുകൊണ്ടാണ് അണ്ടര്‍റേറ്റഡായി നില്‍ക്കുന്നത്. പിന്‍ഗാമിയെപ്പോലെ അണ്ടര്‍റേറ്റഡാണെന്ന് എനിക്ക് തോന്നിയ സിനിമയാണ് അര്‍ത്ഥം.
മമ്മൂക്കയുമായി അച്ഛന്‍ ഒന്നിച്ച സിനിമ ബ്ലോക്ക്ബസ്റ്ററായിരുന്നു. എന്നാല്‍ ആ സിനിമയെക്കുറിച്ച് ആരും എടുത്തുപറയാറില്ല. അന്ന് ബ്ലോക്ക്ബസ്റ്ററായിരുന്നു. പിന്‍ഗാമിയെപ്പോലെ ഈക്വല്‍ പ്രാധാന്യം അര്‍ത്ഥത്തിനും ഉണ്ട്. പലരും കളിക്കളം എന്ന പടമാണ് അണ്ടര്‍റേറ്റഡെന്ന് പറയാറുണ്ട്. അതിനെക്കാള്‍ മുന്നില്‍ നില്‍ക്കുന്നത് അര്‍ത്ഥമാണ്. മമ്മൂക്കയെ അതുവരെ കാണാത്ത രീതിയിലാണ് അര്‍ത്ഥത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്,’ അഖില്‍ സത്യന്‍ പറയുന്നു.
സത്യന്‍ അന്തിക്കാടും മമ്മൂട്ടിയും രണ്ടാമത് ഒന്നിച്ച ചിത്രമായിരുന്നു അര്‍ത്ഥം. ഇരുവരും ആദ്യമായി ഒന്നിച്ച ശ്രീധരന്റെ ഒന്നാം തിരുമുറിവ് ബോക്‌സ് ഓഫീസില്‍ വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പിന്നീട് ഒന്നിച്ച അര്‍ത്ഥം ബ്ലോക്ക്ബസ്റ്ററായി മാറി. മമ്മൂട്ടിയുടെ കരിയറിലെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൊന്നായിരുന്നു അര്‍ത്ഥത്തിലെ ബെന്‍ നരേന്ദ്രന്‍.
മമ്മൂട്ടിക്കൊപ്പം ജയറാമും ചിത്രത്തില്‍ വേഷമിട്ടിരുന്നു. വേണു നാഗവള്ളിയുടെ തിരക്കഥയില്‍ ഒരുങ്ങിയ അര്‍ത്ഥം ആ വര്‍ഷത്തെ ഗംഭീര വിജയങ്ങളിലൊന്നായി മാറി. അടുത്തിടെ ബെന്‍ നരേന്ദ്രന്‍ എന്ന കഥാപാത്രത്തിന്റെ റീലുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അഖില്‍ സത്യന്റെ ഇന്റര്‍വ്യൂവിന് പിന്നാലെ അര്‍ത്ഥം വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
Content Highlight: Akhil Sathyan about Sathyan Anthikkadu’s underrated movies