ജിഹാദുകളും അപരനിര്‍മ്മിതിയും
Opinion
ജിഹാദുകളും അപരനിര്‍മ്മിതിയും
അഖില്‍ കെ.
Saturday, 2nd October 2021, 10:59 am
ഒരു മതത്തിന് അതിന്റെയപരനെ / ശത്രുവിനെ എത്രത്തോളം ഭീകരനാക്കി അവതരിപ്പിക്കാന്‍ കഴിയുന്നുവോ അത്രത്തോളം ആ മതത്തിന് കെട്ടുറപ്പ് കൂടുന്നു. അടുത്തത് അപരന്റെ പ്രതികരണമാണ്, ഇതേ നാണയത്തില്‍ അപരവിഭാഗവും പ്രതികരിക്കാന്‍ തുടങ്ങുന്നതോടെ കാര്യങ്ങള്‍ സങ്കീര്‍ണമാകുന്നു. അതിരുകളും വരമ്പുകളും തെളിഞ്ഞു വരുന്നു. മനുഷ്യസമൂഹത്തിന്റെ എല്ലാ വിധ കൊടുക്കല്‍ വാങ്ങലുകളെയും മറ്റു സംസ്‌കാരിക പ്രക്രിയകളെയും മതവുമായി കൂട്ടിയിണക്കുന്നതോടെ അവര്‍, നമ്മള്‍ എന്നുള്ള ദ്വന്ദ്വം രൂപപ്പെടുന്നു.

പ്രാചീന കാലം മുതല്‍ക്കേയുള്ള മനുഷ്യന്റെ എല്ലാ തരം അജ്ഞതകളെയും പ്രകൃതി പ്രതിഭാസങ്ങളോടുള്ള ഭയത്തെയും പരിഹരിക്കുകയും അമാനുഷിക സങ്കല്‍പ്പങ്ങളെ നിലനിര്‍ത്തുകയും ചെയ്യുക എന്ന ദൗത്യത്തില്‍ നിന്നും മതങ്ങള്‍ക്ക് കുറച്ചെങ്കിലും പിന്‍വാങ്ങേണ്ടി വന്നത് ശാസ്ത്രത്തിന്റെ വളര്‍ച്ചക്ക് ശേഷമാണ്. ആധുനിക മുതലാളിത്തം മറ്റൊരു തരത്തില്‍ അതിഭൗതികതയെ നിലനിര്‍ത്തുന്നുണ്ടെങ്കിലും മതപ്രയോഗങ്ങുടെ പ്രവാചകരും ഉപകരണങ്ങളുമായ ആചാരാനുഷ്ഠാനങ്ങളില്‍ ചിലതിനെ തകര്‍ക്കുവാന്‍ അതിനു കഴിഞ്ഞിട്ടുണ്ട്.

എന്നാല്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും മതങ്ങളുടെ കാവല്‍ക്കാരായി ഇന്നും നിലനിന്നുപോരുന്നു. കാലക്രമേണ ഏതൊരു മതവും അതിന്റെ തദ്ദേശീയവല്‍ക്കരണത്തിന്റെ ഭാഗമായി ചില വിട്ടുവീഴ്ചകള്‍ക്ക് നിര്‍ബന്ധിതരാവുന്നു. മതത്തിന്റെ കേന്ദ്രീകൃത ശക്തിയുടെയും ഏകീകരിക്കപ്പെട്ട അതിന്റെ തത്വസംഹിതകളുടെയും ചോര്‍ന്നു പോക്കിന് ഇത് കാരണമാവാറുണ്ട്. ആധുനിക ലോകത്തിന്റെയും ദേശ രാഷ്ട്രങ്ങളുടെയും ഉദയത്തോട് കൂടി കേന്ദ്രീകൃതമായ തത്വസംഹിതകളിലും ആചാര അനുഷ്ഠാനങ്ങളിലുമുള്ള കാര്‍ക്കശ്യം ഒഴിവാക്കുകയും മതങ്ങള്‍ പതിയെ അതത് ദേശ രാഷ്ട്രങ്ങളുടെ ദേശീയ വികാരവുമായി താതാത്മ്യം പ്രാപിക്കാനും ഭൂരിപക്ഷ ദേശീയതയായി നിലകൊള്ളുവാനും തുടങ്ങി. അതോട് കൂടി അതൊരു പ്രതിലോമ രാഷ്ട്രീയ രൂപം പ്രാപിക്കുകയാണ്.

ഫാസിസമെന്ന് വിളിക്കപ്പെടുന്ന ഈ രീതി ശാസ്ത്രം പ്രചരിപ്പിക്കുക ഞാന്‍ ഉണ്ടെന്നും നീ ശത്രുവാണ് എന്നതുമാണ്. അതിനാല്‍ എനിക്കു വേണ്ടി നിന്നെ കൊല്ലുന്നത് പാപമല്ല എന്ന് നിങ്ങളെ ബോധ്യപ്പെടുത്തിയാല്‍ പിന്നെ കൊല്ലുന്നതില്‍ കുറ്റബോധമുണ്ടാവില്ല. ഗാന്ധിയെ കൊന്നത് വഴി ഞാനെന്റെ ധര്‍മ്മം അനുഷ്ഠിക്കുകയാണ് ചെയ്തതെന്ന് ഗോഡ്‌സെക്ക് കോടതിയില്‍ മൊഴി കൊടുക്കാന്‍ കഴിഞ്ഞതും ഇതുകൊണ്ടുതന്നെയാണ്.

നഥൂറാം ഗോഡ്‌സെ

ശത്രു കേവലമൊരു വ്യക്തിയല്ലെന്നും അതൊരു പ്രത്യേക മത, വംശ വിഭാഗമാണെന്നും വരുത്തിത്തീര്‍ക്കുന്ന സംഘപരിവാര്‍ ശത്രുസംഹാരം എന്നത് സ്വവംശത്തിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമര്‍പ്പണമാണെന്ന് വിശ്വസിക്കുന്നു. ഇതിന് വേണ്ടി മതപരമായ ധാര്‍മ്മികതകളെ ഉയര്‍ത്തിക്കൊണ്ടുവരികയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ഭൂരിഭാഗം മതങ്ങളുടെയും നിലനില്‍പ് അപരനിര്‍മ്മിതിയിലാണെന്നിരിക്കെ, ലാഭം കൊയ്യുന്ന വിഭാഗം അതത് കാലങ്ങളില്‍ മതമൂല്യങ്ങളില്‍ വരുത്തേണ്ട, വരേണ്ട പുരോഗതിയെ എതിര്‍ത്തുകൊണ്ടേയിരുന്നു.

ഒരു ഭരണകൂടമെന്ന നിലക്ക് സ്ഥാപനവല്‍ക്കരിക്കപ്പെട്ട ഹിന്ദു ഫാസിസം ഒരേ സമയം അകത്തും പുറത്തും അപരനിര്‍മ്മിതി നടത്തിക്കൊണ്ടിരിക്കുന്നു. ഇന്ത്യക്കകത്ത് ഇസ്‌ലാം എന്ന അപരനെ വിമര്‍ശിക്കുകയും അപരന്റ നിലനില്പ് ദേശീയതക്കെതിരാണെന്നു വരുത്തി തീര്‍ക്കുകയും ചെയ്യുന്നു.

”ഭാരതത്തിലൊരിക്കലും ഹിന്ദു വര്‍ഗ്ഗീയമാവുകയില്ല അവരെന്നും ഭാരതത്തോട് ഭക്തിയുള്ളവരാണ് ഭാരതത്തിന്റെ പുരോഗതിക്കായും അതിന്റെ അഭിമാനം നിലനിര്‍ത്തുവാനും അധ്വാനിക്കാന്‍ അവര്‍ തയ്യാറാണ്, ഭാരതത്തിന്റെ ദേശീയത ഹിന്ദു മൂല്യത്തില്‍ നിന്നാണ് ‘ ഇപ്രകാരമാണ് സംഘപരിവാറിന്റെ ഭരണഘടനയായ വിചാരധാര പറഞ്ഞുവക്കുന്നത്. ഇതോടെ ഭരണഘടനാ സ്ഥാപനങ്ങള്‍ രാമക്ഷേത്രങ്ങളായി മാറുന്നു. നഷ്ടപ്പെട്ടു എന്നു കരുതുന്ന ഒരു (മിഥ്യാ) ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും അഭിമാനകരമായ തിരിച്ചുപിടിക്കലായിട്ടാണ് RSS ബാബറി മസ്ജിദ് തകര്‍ച്ചയെയും രാമക്ഷേത്രത്തിന്റെ നിര്‍മ്മാണത്തെയും നോക്കിക്കാണുന്നത്.

ബാബറി മസ്ജിദ് തകര്‍ക്കുന്ന ചിത്രം

യഥാര്‍ഥ ചരിത്രത്തെ മറച്ചു പിടിക്കുകയും അവരുടേതായ ഒരു മിഥ്യാ ചരിത്രത്തെ ഭൂരിപക്ഷത്തിന്റെ അഭിമാനപാരമ്പര്യമാക്കി മാറ്റുകയും ചെയ്യുന്നതില്‍ RSS വിജയിച്ചിട്ടുണ്ട്. അന്നു മുതലിങ്ങോട്ട് ഇന്ത്യന്‍ ചരിത്ര കൗണ്‍സിലിന് ശ്രീരാമന്റെ കുടുബ ചരിത്രത്തെയും ഇന്ദ്രദേവന്റ വജ്രായുധത്തെക്കുറിച്ചും പുകഴ്‌ത്തേണ്ടി വരുന്നു, ശാസ്ത്ര വിഭാഗങ്ങള്‍ക്ക് ചാണകത്തിലെ യുറേനിയത്തിന്റെയും പ്ലൂട്ടോണിയത്തിന്റെയും അളവിനെക്കുറിച്ചു സംസാരിക്കേണ്ടിവരുന്നു.

യാഥാര്‍ഥ്യങ്ങളില്‍ നിന്നും മാറി ഭരണകൂട നിര്‍മ്മിതികളായ മിഥ്യാ സങ്കല്‍പ്പങ്ങളിലേക്ക് പൊതുജന ശ്രദ്ധ തിരിച്ചുവിടുക എന്ന തന്ത്രമാണിത്. സ്വാഭാവികമായും വിചാരധാര പറയും പ്രകാരമുള്ള കാലാതിവര്‍ത്തിയായ ഹിന്ദു രാഷ്ട്രം സ്ഥാപിക്കപ്പെടുകയും, ആദിമ ദ്രാവിഡ സംസ്‌കാരങ്ങള്‍ക്ക് മേലുള്ള ആര്യന്‍ അധിനിവേശ ചരിത്രം മറക്കപ്പെടുകയും ചെയ്യുന്നു. ഇതെല്ലാം ആന്തരിക അപര നിര്‍മിതിയെ സഹായിക്കുകയും ഹൈന്ദവരാഷ്ട്രീയത്തിന്റെ അടിത്തറക്ക് ഉറപ്പ് കൂട്ടുകയും ഇതര സംസ്‌കാരങ്ങളെ അരികു വല്‍കരിക്കുക എന്ന പ്രവര്‍ത്തി എളുപ്പമാക്കുകയും ചെയ്യുന്നു.

എം.എസ്. ഗോല്‍വാക്കര്‍ രചിച്ച വിചാരധാര

മറ്റു സംസ്‌കാരങ്ങളില്‍ നിന്നും വ്യത്യസ്തമായി നിലകൊള്ളുകയെന്നത് മതങ്ങളെ സംബന്ധിച്ച് നിലനില്പിന്റെ വിഷയമാണ്. ഇന്ന് ആധുനിക ലോകത്ത് മത കേന്ദ്രങ്ങളും മതനേതാക്കളും മതരാഷ്ട്രീയവും അതിനവലംബിക്കുന്ന രീതിയെന്നത് അപരനിര്‍മ്മിതിയാണ്. മതങ്ങള്‍ മൂല്യമായി തുടരണോ അതോ ആചാരമായി തുടരണോ എന്ന വൈരുധ്യം നിലനില്‍ക്കെത്തന്നെ, നിലനില്‍പിനു വേണ്ടി മതം അപരനിര്‍മ്മിതി നടത്തുന്നു.

ഇന്ത്യയില്‍ ഹിന്ദുത്വം പയറ്റുന്നത് ഈ തന്ത്രമാണ്. ഹിന്ദുത്വ ദേശീയത നിലനില്‍ക്കണമെങ്കില്‍ തൊട്ടപ്പുറത്ത് പാക്കിസ്ഥാന്‍ എന്ന അപരദേശത്തെ അന്യനായിത്തന്നെ അതിന് നിലനിര്‍ത്തേണ്ടതുണ്ട്. ഇങ്ങനെ അപരനോടുള്ള വിമര്‍ശനവും വെറുപ്പുമാണ് മതങ്ങളെയും ദേശീയതയെയും നിലനിര്‍ത്തുന്നത്. മതങ്ങളുടെ രാഷ്ട്രീയ പ്രവേശനങ്ങളെയും ഇതിനോടൊത്തു വായിക്കേണ്ടതാണ്. ഇന്ത്യയിലെ ഹിന്ദുത്വം പ്രധാന ശത്രുവായി കണക്കാക്കുന്നത് ഇസ്‌ലാമിനെയാണ് . അതിനോടുള്ള വെറുപ്പാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ശക്തി.

ജാതിയും മതവും ഒരു പോലെ പിന്തുടരുന്ന ശുദ്ധി-അശുദ്ധി സങ്കല്‍പ്പങ്ങളും ഈ പ്രവണതയോട് ചേര്‍ന്നു നില്‍ക്കുന്നുണ്ട്. ഏതൊരു മതവും അന്യമതങ്ങളില്‍ ചാര്‍ത്തിക്കൊടുക്കുന്ന അശുദ്ധിയും ഇത്തരത്തില്‍ അന്യനോട് ഒരു തരം വെറുപ്പ് ഉണ്ടാക്കിയെടുക്കുന്നു; ‘ധാര്‍മ്മികമായാലും വാക്യാര്‍ഥത്തിലായാലും വൃത്തികെട്ടവരായിരുന്നു ജൂതന്മാര്‍, അയഞ്ഞു തൂങ്ങിയ വസ്ത്രം ധരിച്ചു നടക്കുന്ന കുളിക്കാത്ത ഈ മനുഷ്യര്‍ക്ക് അസഹ്യമായ ഒരു ചൂരുണ്ടായിരുന്നു ‘ ഇപ്രകാരമാണ് ജൂതരെക്കുറിച്ച് ഹിറ്റ്‌ലര്‍ തന്റെ ആത്മകഥയില്‍ വിലയിരുത്തുന്നത്. ജൂതരെ അപരവല്‍കരിക്കുകയും അതുവഴി രാഷ്ട്രീയ ആധിപത്യം സ്ഥാപിക്കുന്നതിലും ഹിറ്റ്‌ലര്‍ ഒരു പരിധിവരെ വിജയിച്ചു എന്നു വേണം മനസ്സിലാക്കാന്‍.

അഡോള്‍ഫ് ഹിറ്റ്‌ലര്‍

ഇതുപോലെ ഹിന്ദു വംശത്തിന് ആദികാലം മുതല്‍ക്കേ അത് നിലനിര്‍ത്തിപ്പോരുന്ന ഒരു തരം വംശശുദ്ധിയുണ്ടെന്നും ലൈംഗികാധിനിവേശത്തിലൂടെയും സാംസ്‌കാരികാധിനിവേശത്തിലൂടെയും മറ്റൊരു വിഭാഗം അതു തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന ഭീതി പരത്തുകയും ചെയ്യുന്നു. ഇതിനായി ഇതര മതസ്തരെ പൊതുശത്രുവായി പ്രഖ്യാപിക്കുന്ന രീതി കാലാകാലങ്ങളായി തുടര്‍ന്നു പോരുന്നു. ഇത്തരത്തില്‍ ഇന്ത്യയിലെ ഹിന്ദുവിഭാഗം (ഹൈന്ദവ രാഷ്ട്രീയം) അതിന്റെ പ്രധാന ശത്രുവായി ഇസ്‌ലാമിനെ തിരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു.

കേരളത്തില്‍ ഉയര്‍ന്ന ജിഹാദ് പരാമര്‍ശങ്ങളും ഒട്ടും വ്യത്യസ്തമല്ല. നമ്മളെപ്പോലെയല്ലാത്ത ഒരു കൂട്ടര്‍ തൊട്ടപ്പുറത്തുണ്ടെന്നും അവര്‍ നമ്മുടെ സംസ്‌കാരത്തെ അശുദ്ധമാക്കുന്നുവെന്നുമുള്ള കാഴ്ച്ചപ്പാട് വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തില്‍ സംഘപരിവാര്‍ മുന്നേ ഇവിടെ നിക്ഷേപിച്ച വിത്തിന്റെ വ്യാപനമാണിത്. അപര നിര്‍മ്മിതിയെന്നത് മതങ്ങളുടെ വജ്രായുധമാണെന്ന് ഇന്ത്യയില്‍ പലകാലങ്ങളിലായി, കലാപങ്ങളില്‍ പയറ്റിത്തെളിഞ്ഞതാണ്.

ഒരു മതത്തിന് അതിന്റെയപരനെ / ശത്രുവിനെ എത്രത്തോളം ഭീകരനാക്കി അവതരിപ്പിക്കാന്‍ കഴിയുന്നുവോ അത്രത്തോളം ആ മതത്തിന് കെട്ടുറപ്പ് കൂടുന്നു. അടുത്തത് അപരന്റെ പ്രതികരണമാണ്, ഇതേ നാണയത്തില്‍ അപരവിഭാഗവും പ്രതികരിക്കാന്‍ തുടങ്ങുന്നതോടെ കാര്യങ്ങള്‍ സങ്കീര്‍ണമാകുന്നു. അതിരുകളും വരമ്പുകളും തെളിഞ്ഞു വരുന്നു. മനുഷ്യസമൂഹത്തിന്റെ എല്ലാ വിധ കൊടുക്കല്‍ വാങ്ങലുകളെയും മറ്റു സംസ്‌കാരിക പ്രക്രിയകളെയും മതവുമായി കൂട്ടിയിണക്കുന്നതോടെ അവര്‍, നമ്മള്‍ എന്നുള്ള ദ്വന്ദ്വം രൂപപ്പെടുന്നു.

ഇതിന്റെ മറ്റൊരു വശം , ഭരണഘടനാപരമായി സ്ഥാപിക്കപ്പെട്ട രാഷ്ടീയ, ഭരണ പ്രക്രിയകളെ സ്വാധീനിക്കാന്‍ ശ്രമിക്കലാണ്. രാഷ്ട്രീയ-ഭരണ പ്രക്രിയകളുടെ മുന്നോട്ട് പോക്കിന് പൊതുജന സമ്മതിക്കപ്പുറം മത വിഭാഗങ്ങളുടെയും മതനേതൃത്വത്തിന്റെയും സമ്മതികൂടി ആവശ്യമാണെന്ന തോന്നലിനെ ശക്ത്തിപ്പെടുത്തി ‘ബാര്‍ഗെയ്‌നിംഗ് ‘ ശേഷി ഉറപ്പിക്കുന്നതില്‍ മതമേലധ്യക്ഷന്‍മാര്‍ ശ്രമം തുടരുന്നു. പൊതുജനാഭിലാഷത്തിനപ്പുറം മതങ്ങളുടെ അപ്പോസ്തലന്മാരിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ കേന്ദ്രികരിക്കപ്പെടുമെന്നതാണ് തത്വത്തില്‍ സംഭവിക്കുക.

തിരികൊളുത്തിക്കഴിഞ്ഞിട്ടേയുള്ളു, കത്തിത്തുടങ്ങിയാല്‍പ്പിന്നെ പരസ്പര മിശ്രിതമായി നിലനിന്നിരുന്ന ഒരു ജനത അവരും ഞങ്ങളുമായി രൂപം മാറും. സമാധാന ചര്‍ച്ചകള്‍ക്കോ വെടിനിര്‍ത്തല്‍ കരാറുകള്‍ക്കോ പിന്നീട് യാതൊരു വിധ പ്രസക്തിയും ഉണ്ടായിരിക്കില്ല. അടിക്ക് തിരിച്ചടി, പ്രകോപനങ്ങള്‍ക്ക് പ്രതി പ്രകോപനമെന്ന (സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ) ലൈന്‍ കാര്യങ്ങളെ വഷളാക്കും. ഇതുവരെയെന്നതു പോലെ, ഈ വിഷയത്തിലും നമ്മള്‍ മലയാളികള്‍ സഹിഷ്ണുതക്കും സാമൂഹിക പ്രതിരോധത്തിനുമാണ് പ്രാധാന്യം നല്‍കേണ്ടത്.

സഹായ ഗ്രന്ഥങ്ങള്‍:

ഫാസിസത്തിനെതിരെ -എം.എന്‍. വിജയന്‍, വിചാരധാര

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Akhil K writes about Hindutva Propaganda in India