ഡാക്കു മഹാരാജ് എന്ന ചിത്രത്തിലൂടെ ട്രോളന്മാരുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ട ബാലകൃഷ്ണ പഴയ ട്രാക്കിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് അഖണ്ഡ 2. ബാലകൃഷ്ണയെ നായകനാക്കി ബോയപ്പട്ടി ശ്രീനു സംവിധാനം ചെയ്ത അഖണ്ഡയുടെ തുടര്‍ച്ചയായാണ് അഖണ്ഡ 2 പ്രേക്ഷകരിലേക്കെത്തിയത്. ആദ്യഭാഗത്തോട് ഒട്ടും നീതി പുലര്‍ത്താത്ത സീക്വലായതുകൊണ്ട് ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിയുകയായിരുന്നു.
തിയേറ്റര്‍ റിലീസിന് ശേഷം അഖണ്ഡ 2 കഴിഞ്ഞദിവസം ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചിരുന്നു. നെറ്റ്ഫ്‌ളിക്‌സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. തിയേറ്റര്‍ റിലീസിന്റെ സമയത്ത് തന്നെ അഖണ്ഡ 2 ട്രോള്‍ മെറ്റീരിയലായിരുന്നു. ഒ.ടി.ടിയിലെത്തിയ ശേഷം അത് ഇരട്ടിക്കുകയാണ്. ഓരോ സീനും പ്രത്യേകം എടുത്ത് റോസ്റ്റ് ചെയ്യുകയാണ് ട്രോളന്മാര്‍.
ചിത്രത്തിലെ ഓവര്‍ ദി ടോപ്പ് ഫൈറ്റുകളെല്ലാം ബാലകൃഷ്ണയുടെ സ്ഥിരം ട്രാക്കിലുള്ളവയാണ്. എന്നാല്‍ അതിനെക്കാള്‍ വിമര്‍ശനം നേരിടുന്നത് ചിത്രത്തിലെ ഡയലോഗുകളാണ്. ബാലകൃഷ്ണയടക്കം ചിത്രത്തില പ്രധാന കഥാപാത്രങ്ങളെല്ലാം അടിക്കടി ഹിന്ദുത്വയെ പൊക്കിയടിക്കുന്ന നിരവധി ഡയലോഗുകളുണ്ട്. ഈ ഡയലോഗുകളെല്ലാം ഇതിനോടകം റോസ്റ്റ് ചാനലുകള്‍ ഏറ്റെടുത്തിരിക്കുകയാണ്.
ബാലകൃഷ്ണ അവതരിപ്പിച്ച അഖണ്ഡ രുദ്ര സിക്കന്ദര്‍ ഘോര എന്ന കഥാപാത്രം പുട്ടിന് പീര പോലെ ഹിന്ദുത്വയെക്കുറിച്ചും ദൈവവിശ്വാസത്തെക്കുറിച്ചുമെല്ലാം ക്ലാസെടുക്കുന്നുണ്ട്. ദൈവത്തില്‍ വിശ്വാസമില്ലാത്ത ജനങ്ങളോട് അഖണ്ഡ പറയുന്ന ഡയലോഗ് ട്രോള്‍ മെറ്റീരിയലായി മാറി.
‘നിങ്ങളുടെ സുഹൃത്തിനെ ഫോണ്‍ ചെയ്യുന്ന സമയത്ത് അയാള്‍ ഫോണെടുത്തില്ലെങ്കില്‍ അതിനര്‍ത്ഥം അയാള്‍ മരിച്ചെന്നാണോ അതോ ബിസിയാണെന്നാണോ. ദൈവത്തിനോട് സംസാരിക്കുമ്പോള്‍ അദ്ദേഹം പ്രതികരിക്കാത്തതിന്റെ കാരണം ബിസിയായതുകൊണ്ടാകാം’ എന്നാണ് ഡയലോഗ്.
ഡി.ആര്‍.ഡി.ഓയിലെ സയന്റിസ്റ്റ് രാമായണത്തില്‍ നിന്ന് ഇന്‍സ്പയര്‍ഡായി ഇന്ത്യക്ക് വേണ്ടി അയണ്‍ ഡോം നിര്‍മിക്കുന്നെന്ന് പറയുന്ന ഡയലോഗും വിമര്‍ശനത്തിന് ഇരയാകുന്നുണ്ട്. ഹിന്ദുത്വയെ ഇത്രയും പുകഴ്ത്തി സംസാരിക്കുന്നതുകൊണ്ട് അടുത്ത വര്‍ഷത്തെ ദേശീയ അവാര്‍ഡില്‍ അഖണ്ഡ 2വും ഉണ്ടായേക്കുമെന്നുള്ള പരിഹാസവുമുണ്ട്.
ലോജിക്കെന്നത് അടുത്തുകൂടി പോകാത്ത ആക്ഷന്‍ രംഗങ്ങളാണ് അഖണ്ഡ 2വില്‍ ഉടനീളം. ഹെലികോപ്റ്ററിന്റെ ബ്ലേഡ് ശൂലം കൊണ്ട് തടുത്തുനിര്‍ത്തുന്നതും മെഷീന്‍ ഗണ്‍ ശൂലം ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന സീനെല്ലാം തിയേറ്റര്‍ റിലീസിന് ശേഷവും എയറില്‍ നിന്ന് ഇറങ്ങിയിട്ടില്ല. ഒറ്റനോട്ടത്തില് തന്നെ ഒറിജിനല്ലെന്ന് മനസിലാക്കാന്‍ കഴിയുന്ന വി.എഫ്.എക്‌സ് രംഗങ്ങളും ട്രോള്‍ മെറ്റീരിയലാകുന്നുണ്ട്.
Content Highlight: Akhanda 2 getting trolls after the OTT release