എന്നില്‍ എന്നേക്കാള്‍ വിശ്വാസമുണ്ടായിരുന്നത് അദ്ദേഹത്തിന്: ആകാശ് ദീപ്
DSport
എന്നില്‍ എന്നേക്കാള്‍ വിശ്വാസമുണ്ടായിരുന്നത് അദ്ദേഹത്തിന്: ആകാശ് ദീപ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 13th August 2025, 10:01 pm

യുവതാരം ആകാശ് ദീപ് അടുത്തിടെ സമാപിച്ച ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. ഇപ്പോള്‍ താരം പരിശീലകന്‍ ഗൗതം ഗംഭീര്‍ നല്‍കിയ പിന്തുണയെ കുറിച്ച് സംസാരിക്കുകയാണ്. ഗംഭീറിന് തന്നില്‍ തന്നെക്കാള്‍ വിശ്വാസമുണ്ടായിരുന്നെന്ന് ഫാസ്റ്റ് ബൗളര്‍ പറഞ്ഞു.

‘നിന്റെ കഴിവിനെ കുറിച്ച് നിനക്ക് അറിവില്ലെന്നും നിനക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നും അദ്ദേഹം എന്നോട് പറഞ്ഞു. ‘നീ എപ്പോഴും ഈ സമര്‍പ്പണത്തോടെ കളിക്കണം’ അദ്ദേഹം പറഞ്ഞു. ഗൗതം ഭായ് വളരെ പാഷനേറ്റായ ഒരു പരിശീലകനാണ്. അദ്ദേഹം എപ്പോഴും ഞങ്ങളെ പ്രചോദിപ്പിക്കുന്നു. എനിക്ക് എന്നിലുള്ളതിനേക്കാള്‍ വിശ്വാസം അദ്ദേഹത്തിന് എന്നിലുണ്ട്,’ ആകാശ് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആകാശ് ദീപിന് ടീമില്‍ അവസരമുണ്ടായിരുന്നില്ല. എന്നാല്‍ രണ്ടാം മത്സരത്തിന് സൂപ്പര്‍ താരം ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി ടീമില്‍ ഇടം കണ്ടെത്താന്‍ താരത്തിനായി. ആ മത്സരത്തില്‍ താരം രണ്ട് ഇന്നിങ്‌സിലും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ആ മത്സരത്തില്‍ ഇരു ഇന്നിങ്സുകളിലുമായി ആകാശ് പത്ത് വിക്കറ്റുകള്‍ നേടിയിരുന്നു.

ആ മത്സരത്തില്‍ മാത്രം താരത്തിന്റെ പ്രകടനം ഒതുങ്ങിയില്ല. പിന്നീട കളിച്ച രണ്ട് മത്സരങ്ങളില്‍ താരം രണ്ട് വീതം വിക്കറ്റുകള്‍ നേടി. കൂടാതെ അഞ്ചാം മത്സരത്തില്‍ ആകാശിന്റെ മികച്ച ബാറ്റിങ്ങിനും ആരാധകര്‍ സാക്ഷിയായി. മത്സരത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ നൈറ്റ് വാച്ച്മാനായി ഇറങ്ങിയ താരം അര്‍ധ സെഞ്ച്വറി നേടിയാണ് തിരിച്ച് കയറിയത്.

മത്സരത്തില്‍ 94 പന്തുകള്‍ നേരിട്ട താരം 66 റണ്‍സാണ് നേടിയത്. 12 ഫോറുകളുടെ അകമ്പടിയോടെയായിരുന്നു താരത്തിന്റെ ഇന്നിങ്സ്. കൂടാതെ, യശസ്വി ജെയ്സ്വാളിനൊപ്പം 131 റണ്‍സിന്റെ കൂട്ടുകെട്ടും താരം ആ മത്സരത്തില്‍ പടുത്തുയര്‍ത്തിയിരുന്നു.

Content Highlight: Akash Deep says that Gautham Gambhir has more faith in him than himself