ഇന്ത്യയുടെ ഇംഗ്ലണ്ട് പരമ്പരയ്ക്ക് കളമൊരുങ്ങുകയാണ്. ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിക്കായി അഞ്ച് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ ഇംഗ്ലണ്ടിലെത്തി കളിക്കുക. വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും പടിയിറക്കത്തിന് ശേഷമുള്ള ആദ്യ മത്സരവും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളിലെ ആദ്യ മത്സരവും കൂടിയാണിത്.
യുവതാരം ശുഭ്മന്‍ ഗില്ലിന് കീഴിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കളത്തിലിറങ്ങുന്നത്. ഇപ്പോള്‍ ക്യാപ്റ്റന്‍സിയിലും റണ്‍സ് നേടാനുള്ള അഭിനിവേശത്തിലും വിരാട് കോഹ്‌ലിയെ മാതൃകയാക്കാന്‍ ഗില്ലിനോട് ആവശ്യപ്പെടുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര.
‘ടെസ്റ്റ് ക്രിക്കറ്റില്‍ എങ്ങനെ മുന്നേറണമെന്നതില്‍ നിനക്ക് വിരാട് കോഹ്‌ലിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളാവുന്നതാണ്. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ റണ്‍സടിക്കാനുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും ലിഡര്‍ഷിപ്പ് സ്റ്റൈലും നിനക്ക് മാതൃകയാക്കാം.
എന്നാല്‍ അദ്ദേഹത്തിന്റെ ബാറ്റിങ് സ്ലോട്ട് നിര്‍ബന്ധമായും എടുക്കണമെന്നില്ല. ഇത് ഓരോ വ്യക്തികളെയും സംബന്ധിച്ചിട്ടുള്ള കാര്യമാമാണ്. തനിക്ക് എവിടെ മികച്ച രീതിയില്‍ റണ്‍സ് നേടാന്‍ സാധിക്കുമെന്ന് ഗില്ലിന് തോന്നുന്നുവോ, അവിടെ വേണം ഗില്‍ ബാറ്റിങ്ങിനിറങ്ങാന്‍. നിങ്ങള്‍ക്കൊരിക്കലും മറ്റൊരാളുടെ ബാറ്റിങ് ഓര്‍ഡര്‍ അതുപോലെ പകര്‍ത്താനാകില്ല.
നിങ്ങളുടെ ഏറ്റവും മികച്ചത് ടീമിന് നല്‍കുക എന്നതാണ് പ്രധാനം. വിരാടിന്റെ മനോഭാവം കണ്ടുപഠിക്കുക, ആവശ്യമെങ്കില്‍ ഒരു എക്‌സ്ട്രാ ബൗളറെ പ്ലെയിങ് ഇലവന്റെ ഭാഗമാക്കുക. ടീമിന് വേണ്ടി നായകന്‍മാര്‍ പലതും ത്യജിക്കാറുണ്ട്,’ ചോപ്ര പറഞ്ഞു.
2014ല്‍ എം.എസ്. ധോണിയില്‍ നിന്നും ക്യാപ്റ്റന്‍സിയേറ്റെടുത്തത് മുതല്‍ 2022ല്‍ ആ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത് വരെ 68 മത്സരങ്ങളില്‍ വിരാട് ഇന്ത്യയെ നയിച്ചു. ഏറ്റവുമധികം ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച ക്യാപ്റ്റനും ഏറ്റവുമധികം മത്സരത്തില്‍ ഇന്ത്യയെ ജയത്തിലേക്ക് നയിച്ച ക്യാപ്റ്റനും ഏറ്റവും മികച്ച വിന്നിങ് പേര്‍സെന്റേജുള്ള ക്യാപ്റ്റനും വിരാട് തന്നെയാണ്.
വിരാടിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ 40 മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ പരാജയപ്പെട്ടത് 17 മത്സരത്തില്‍ മാത്രമാണ്. 11 എണ്ണം സമനിലയിലും അവസാനിച്ചു. 58.82 ആണ് ക്യാപ്‌റ്റെന്ന നിലയില്‍ വിരാടിന്റെ വിജയശതമാനം.
ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇംഗ്ലണ്ടില്‍ ഇംഗ്ലണ്ടിനെതിരെ മികച്ച ട്രാക്ക് റെക്കോഡുകളല്ല ഇന്ത്യയ്ക്കുള്ളത്. 1932 മുതല്‍ 19 തവണയാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയത്. ഇതില്‍ മൂന്ന് പരമ്പര മാത്രമാണ് ഇന്ത്യയ്ക്ക് ഇംഗ്ലണ്ടില്‍ പരമ്പര വിജയിക്കാന്‍ സാധിച്ചത്.
വിരാടിന്റെ ക്യാപ്റ്റന്‍സിയില്‍ 2021ല്‍ നടന്ന പരമ്പരയില്‍ നാല് മത്സരങ്ങള്‍ അവസാനിക്കവെ 2-1ന്റെ ലീഡുമായി ഇന്ത്യ വിജയം നേടുമെന്ന് ഉറപ്പിച്ചിരിക്കവെയാണ് കൊവിഡ് പടര്‍ന്നുപിടിക്കുന്നത്.
ഒരു വര്‍ഷത്തിനിപ്പുറം ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ പരമ്പരയിലെ അവസാന മത്സരം വീണ്ടും ഷെഡ്യൂള്‍ ചെയ്യപ്പെട്ടു. ഈ മത്സരത്തില്‍ സമനില നേടിയാല്‍ പോലും പരമ്പര സ്വന്തമാക്കാമെന്നിരിക്കെ ബുംറയുടെ ക്യാപ്റ്റന്‍സിയിലിറങ്ങിയ ഇന്ത്യ മത്സരം പരാജയപ്പെടുകയും പരമ്പര സമനിലയില്‍ അവസാനിക്കുകയുമായിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചിരുന്നു. ബെന്‍ സ്റ്റോക്‌സിനെ ക്യാപ്റ്റന്‍സിയേല്‍പ്പിച്ചാണ് ഇംഗ്ലണ്ട് തങ്ങളുടെ കോട്ട കാക്കാന്‍ ഒരുങ്ങുന്നത്.