വിരാടിന്റെ ഈ തീരുമാനത്തില്‍ എനിക്ക് അത്ഭുതം തോന്നുന്നു; പ്രതികരണവുമായി ചോപ്ര
Sports News
വിരാടിന്റെ ഈ തീരുമാനത്തില്‍ എനിക്ക് അത്ഭുതം തോന്നുന്നു; പ്രതികരണവുമായി ചോപ്ര
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 18th May 2025, 7:19 am

ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലി ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. മെയ് 12ന് സോഷ്യല്‍ മീഡിയ ഹാന്‍ഡിലായ ഇന്‍സ്റ്റാഗ്രാമില്‍ ഒരു പോസ്റ്റിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. 14 വര്‍ഷത്തെ കരിയറിന് വിരാമമിട്ടാണ് തന്റെ ഇഷ്ട ഫോര്‍മാറ്റില്‍ നിന്ന് താരം പടിയിറങ്ങുന്നത്.

നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മെയ് ഒമ്പതിന് റെഡ് ബോളില്‍ നിന്ന് വിരമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരവും വിരമിക്കല്‍ അറിയിച്ചത്. ഇരുവരെയും ഇനി ഏകദിനങ്ങളില്‍ മാത്രമേ ഇന്ത്യന്‍ കുപ്പായത്തില്‍ കാണാന്‍ കഴിയുകയുള്ളൂ.

വിരാടിന്റെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള പടിയിറക്കത്തില്‍ സീനിയര്‍ താരങ്ങളടക്കം മറ്റും വിരാടിനെ അഭിനന്ദിച്ച് പ്രതികരിച്ചിരുന്നു. ഇപ്പോള്‍ താരത്തിന്റെ ഈ തീരുമാനത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര.

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഏകദിനങ്ങളില്‍ സജീവമായി തുടരാനുള്ള വിരാട് കോഹ്ലിയുടെ തീരുമാനത്തില്‍ തനിക്ക് അത്ഭുതം തോന്നുന്നുവെന്ന് ചോപ്ര പറഞ്ഞു. ഏകദിന മത്സരങ്ങള്‍ കുറവായതിനാല്‍ ഐ.പി.എല്‍ കഴിഞ്ഞുള്ള ശേഷിക്കുന്ന എട്ട് മാസങ്ങളില്‍ വിരാട് എന്ത് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഏകദിനങ്ങളില്‍ സജീവമായി തുടരാനുള്ള വിരാട് കോഹ്ലിയുടെ തീരുമാനത്തില്‍ എനിക്ക് അത്ഭുതം തോന്നുന്നു. ഒരു വര്‍ഷത്തില്‍ 7-8 മത്സരങ്ങള്‍ മാത്രം ഉണ്ടാകുന്ന ഒരു ഫോര്‍മാറ്റാണിത്.

ഇത്രയും കുറച്ച് മത്സരങ്ങള്‍ മാത്രം ഉള്ളതിനാല്‍ അദ്ദേഹത്തിന് എങ്ങനെ പ്രചോദനം ലഭിക്കും? രണ്ട് മാസത്തേക്ക് സജീവമായി തുടരാന്‍ ഐ.പി.എല്‍ സീസണുണ്ട്. എന്നാല്‍ ഏകദിന മത്സരങ്ങള്‍ കുറവായതിനാല്‍ ശേഷിക്കുന്ന എട്ട് മാസങ്ങളുടെ കാര്യമോ?,’ ചോപ്ര സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി 2011ല്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ വിരാട് 123 മത്സരങ്ങളിലെ 210 ഇന്നിങ്‌സില്‍ നിന്ന് 9230 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 46.9 ആവറേജിലും 55.6 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്.

30 സെഞ്ച്വറികളും 31 അര്‍ധ സെഞ്ച്വറികളുമാണ് ഫോര്‍മാറ്റില്‍ വിരാട് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിത്തന്ന നായകന്‍ കൂടിയാണ് വിരാട്.

2014ല്‍ എം.എസ്. ധോണിയില്‍ നിന്ന് ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുത്ത കോഹ്ലി എട്ട് വര്‍ഷക്കാലം ഇന്ത്യയെ വിജയകരമായി നയിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ 68 മത്സരങ്ങളില്‍ നിന്ന് ഇന്ത്യയെ 40 ടെസ്റ്റ് വിജയങ്ങളിലേക്ക് ഇന്ത്യയെ നയിക്കാനാണ് കോഹ്ലിക്ക് സാധിച്ചത്. മാത്രമല്ല എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനായി മാറാനും വിരാടിന് സാധിച്ചു.

Content Highlight: Akash Chopra talks about the Virat Kohli’s decision to retire from test cricket and still active in ODI