ഗില്‍ റണ്‍സ് നേടിയില്ലെങ്കില്‍ അത് സഞ്ജുവിനോട് ചെയ്യുന്ന നീതികേടായി തോന്നും: ആകാശ് ചോപ്ര
Sports News
ഗില്‍ റണ്‍സ് നേടിയില്ലെങ്കില്‍ അത് സഞ്ജുവിനോട് ചെയ്യുന്ന നീതികേടായി തോന്നും: ആകാശ് ചോപ്ര
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 28th October 2025, 3:47 pm

ഓസ്ട്രേലിയക്കെതിരായ അഞ്ച് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയ്ക്കായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. നാളെയാണ് (29ന്) പരമ്പര ആരംഭിക്കുന്നത്. സൂര്യകുമാര്‍ യാധവാണ് ടി-20 ക്യാപ്റ്റന്‍. വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനേയും നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഓസീസ് പരമ്പര ഗില്ലിനും ടീമിനും ഏറെ സമ്മര്‍ദമുണ്ടാക്കുമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.

ഏകദിന പരമ്പരയില്‍ ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും മോശം പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. അതില്‍ വലിയ പ്രശ്‌നമില്ലെങ്കിലും സഞ്ജു സാംസണ്‍ പിറകിലുള്ളത് ഗില്ലിന് സമ്മര്‍ദമുണ്ടാക്കുമെന്നാണ് ചോപ്ര പറഞ്ഞത്.

സഞ്ജു ഓപ്പണറായി റണ്‍സ് നേടിയിട്ടുണ്ടെന്നും ഗില്‍ റണ്‍സ് നേടിയില്ലെങ്കില്‍ സഞ്ജുവിനോട് ചെയ്യുന്നത് അനീതിയായി തോന്നുമെന്നും മുന്‍ താരം പറഞ്ഞു. മാത്രമല്ല ജെയ്‌സ്വാളും ഓപ്പണിങ് പൊസിഷനിലേക്കുള്ള മത്സരാര്‍ത്ഥിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഈ ടി-20ഐ പരമ്പര ശുഭ്മന്‍ ഗില്ലിന് വളരെ പ്രധാനപ്പെട്ടതായിരിക്കും. അവനെ ഏകദിന ടീമിന്റെ നായകനാക്കിയപ്പോള്‍ റണ്‍സ് ലഭിച്ചില്ല. എങ്കിലും അതിനെ അത്ര ഗൗരവമായി എടുക്കേണ്ടതില്ല, കാരണം അത് ആദ്യ പരമ്പര മാത്രമായിരുന്നു. അതുകൊണ്ട് തന്നെ, ഇപ്പോള്‍ അവന്റെ സ്ഥാനത്തെ കുറിച്ച് സംശയം ഉണ്ടെന്നതല്ല.

ഇപ്പോള്‍ അവന്റെ മേല്‍ നല്ല സമ്മര്‍ദം ഉണ്ട്. ടീമില്‍ അവന് പിന്നിലായി ആളുകള്‍ കാത്തുനില്‍ക്കുന്നുണ്ട്. സഞ്ജു സാംസണ്‍ ഓപ്പണറായി കളിച്ചപ്പോള്‍ നന്നായി പ്രകടനം കാട്ടിയിരുന്നു. പക്ഷേ ഇപ്പോള്‍ അവന്‍ മിഡ് ഓര്‍ഡറിലാണ് ബാറ്റ് ചെയ്യിക്കുന്നത്. ഗില്‍ റണ്‍സ് നേടിയില്ലെങ്കില്‍ അത് സഞ്ജുവിനോട് ചെയ്യുന്ന നീതികേടായി തോന്നും.

സഞ്ജുവിനെ ഓപ്പണിങ്ങില്‍ കളിപ്പിക്കാത്തതിനാല്‍ സമ്മര്‍ദം ഉണ്ടാകും. ഒരു വശത്ത് യശസ്വി ജെയ്‌സ്വാളുമുണ്ട്, അവനും നന്നായി കളിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജെയ്‌സ്വാളിനെ പുറത്തിരുത്തുന്നതും ടീമിനുള്ളില്‍ സമ്മര്‍ദം ഉണ്ടാക്കുന്നു,’ ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

Content Highlight: Akash Chopra Talking About Shubhman Gill And Sanju Samson