ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ് അടുത്തിടെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനേയാണ് തെരഞ്ഞെടുത്തത്. ജൂണ്‍ 20ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയ്ക്ക് വേണ്ടി 18 അംഗ സ്‌ക്വാഡാണ് സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്.
ഇപ്പോള്‍ ശുഭ്മന്‍ ഗില്ലിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരും ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര. തന്റെ യൂട്യൂബാചാനലില്‍ സംസാരിക്കുകയായിരുന്നു ചോപ്ര.
‘ഏറ്റവും പ്രധാനപ്പെട്ട കാര്യം ശുഭ്മന്‍ ഗില്ലിനെ ക്യാപ്റ്റനായി നിയമിച്ചതാണ്. വലിയ പ്രതീക്ഷകള്‍ നിറഞ്ഞ ഒരു റോളാണിത്. തീര്‍ച്ചയായും അവനില്‍ വിശ്വാസമുണ്ട്, അവന്റെ ടെസ്റ്റ് സ്ഥിതിവിവരക്കണക്കുകള്‍ വേറിട്ടുനില്‍ക്കുന്നതാണ്. അവന്റെ മൊത്തത്തിലുള്ള ശരാശരി 35 ആണ്, ഏഷ്യയ്ക്ക് പുറത്ത് അത് 25 മാത്രമാണ്.
ശുഭ്മന്‍ ഗില്ലിന് മികച്ച ഒരു ഭാവിയുണ്ട്. മൂന്ന് വര്‍ഷത്തിനിടെ ഇംഗ്ലണ്ടില്‍ മൂന്ന് മത്സരങ്ങള്‍ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ, അതിനാല്‍ അവന് അവിടെ വലിയ പരിചയം ലഭിച്ചിട്ടില്ല. അവന്‍ ക്യാപ്റ്റനായി ടീമിനെ നയിക്കുകയും ഒരു പുതിയ തുടക്കം ഉണ്ടാക്കുക്കയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു,’ ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
2020ല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഗില്‍ 32 മത്സരങ്ങളിലെ 59 ഇന്നിങ്‌സില്‍ നിന്ന് 1893 റണ്‍സാണ് നേടിയത്. 35 എന്ന ആവറേജില്‍ 128 എന്ന ഉയര്‍ന്ന സ്‌കോറോടെയാണ് ഗില്‍ റണ്‍സ് സ്‌കോര്‍ ചെയ്തത്. അഞ്ച് സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറിയുമാണ് താരം ഫോര്‍മാറ്റില്‍ നേടിയത്. മുമ്പ് ഇംഗ്ലണ്ടില്‍ ഗില്‍ മികച്ച പ്രകടനം നടത്തിയിട്ടില്ലായിരുന്നു. ആറ് ടെസ്റ്റ് ഇന്നിങ്സുകളില്‍ നിന്ന് 14.67 എന്ന കുറഞ്ഞ ശരാശരിയില്‍ 88 റണ്‍സ് മാത്രമാണ് താരം നേടിയത്.