വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നിന്നും അവനെ പൂര്‍ണമായി മാറ്റി നിര്‍ത്തുന്നത് അബദ്ധമാണ്: ആകാശ് ചോപ്ര
Sports News
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നിന്നും അവനെ പൂര്‍ണമായി മാറ്റി നിര്‍ത്തുന്നത് അബദ്ധമാണ്: ആകാശ് ചോപ്ര
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 15th January 2025, 4:02 pm

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍. ക്രിക്കറ്റ് ലോകത്തെ പ്രധാന ടൂര്‍ണമെന്റ് 2025 ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 10 വരെയാണ് നടക്കുക. ടൂര്‍ണമെന്റിന് മുന്നോടിയായി ഇന്ത്യ തങ്ങളുടെ സ്‌ക്വാഡ് പുറത്ത് വിട്ടിട്ടില്ല. ജനുവരി 19നാണ് ഇന്ത്യ തങ്ങളുടെ സ്‌ക്വാഡ് പുറത്ത് വിടുക എന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന പ്രധാന ചര്‍ച്ചകളിലൊന്നാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍ ആരാണെന്ന്.

എന്നാല്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ പരിഗണിക്കേണ്ടതില്ലെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര. ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പറായി സഞ്ജു സാംസന് പകരം റിഷബ് പന്തിനെ തെരഞ്ഞെടുക്കണമെന്നാണ് ആകാശ് ചോപ്ര പറഞ്ഞത്.

ആകാശ് ചോപ്ര പറഞ്ഞത്

‘വെറും സ്റ്റാറ്റസ് മാത്രം നോക്കുകയാണെങ്കില്‍ ഓപ്പണറാവുന്നതിന് മുമ്പ് 20ല്‍ താഴെയായിരുന്നു സഞ്ജുവിന്റെ ബാറ്റിങ് ശരാശരി. ഇത് പ്രതീക്ഷ നല്‍കുന്നതും മികച്ചതുമാണ്. ടോപ് ഓര്‍ഡറില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അവന് സാധിച്ചിട്ടുണ്ട്.

എന്നാല്‍ റിഷബ് പന്ത് ഈ തലമുറയുടെ വലിയ പ്രതിഭയാണ്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അവന്‍ മികച്ചതാണ്, ഫോര്‍മാറ്റില്‍ അവനെ പൂര്‍ണമായി മാറ്റി നിര്‍ത്തുന്നത് അബദ്ധമായിരിക്കുമെന്നു എനിക്ക് തോന്നുന്നു,’ ആകാശ് ചോപ്ര പറഞ്ഞു.

ഏകദിനത്തില്‍ കളിച്ച 14 ഇന്നിങ്സില്‍ നിന്നും 56.66 എന്ന മികച്ച ശരാശരിയിലും 99.60 സ്ട്രൈക്ക് റേറ്റിലും 510 റണ്‍സാണ് സഞ്ജുവിന്റെ പേരിലുള്ളത്.

ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും താരം കുറിച്ചിട്ടുണ്ട്. അതേസമയം റിഷബ് പന്താകട്ടെ 27 ഇന്നിങ്സില്‍ നിന്നും 33.50 ശരാശരിയില്‍ 871 റണ്‍സാണ് നേടിയത്. ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും ഏകദിനത്തില്‍ പന്ത് സ്വന്തമാക്കിയിട്ടുണ്ട്.

Content Highlight: Akash Chopra Talking About Sanju Samson And Rishabh Pant