അടുത്തിടെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും ചേതേശ്വര്‍ പൂജാര വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. താരത്തിന് പുറമേ ഞെട്ടിച്ചുകൊണ്ടായിരുന്നു സൂപ്പര്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍ ഐ.പി.എല്ലില്‍ നിന്നും വിരമിച്ചത്.
ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. ഐ.പി.എല്ലില്‍ നിന്നും വിരമിച്ച ശേഷം മറ്റ് ലീഗുകളില്‍ കളിക്കാന്‍ ആസൂത്രണം ചെയ്യുകയാണ് അശ്വിനെന്ന് അദ്ദേഹം പറഞ്ഞു.
അശ്വിന്റെ ഐ.പി.എല്‍ കരിയര്‍ മികച്ചതായിരുന്നു എന്നും പക്ഷേ എല്ലാ നല്ല കഥകളും അവസാനിക്കുന്നു, അദ്ദേഹത്തെപ്പോലെ മറ്റു താരങ്ങളും മറ്റ് ലീഗുകളില്‍ കളിക്കാന്‍ പോകുകയാണോ എന്നും ചോപ്ര ആശങ്ക ഉന്നയിച്ചു.
നിലവില്‍ മറ്റു ലീഗുകളില്‍ കളിക്കണമെങ്കില്‍ ഒരു ഇന്ത്യന്‍ താരം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും ഐ.പി.എല്ലില്‍ നിന്നും വിരമിക്കണം. ഇതോടെ മറ്റ് താരങ്ങളും ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ പോവുകയാണോ എന്ന സംശയമാണ് ചോപ്ര എടുത്തുകാണിച്ചത്.
‘അശ്വിന്‍ ഐ.പി.എല്ലിനോടും വിട പറഞ്ഞു, ഇനി അദ്ദേഹം ലോകമെമ്പാടുമുള്ള വ്യത്യസ്ത ലീഗുകളില്‍ കളിക്കുമെന്ന് പറയുന്നു. അദ്ദേഹം ഒരു പുതിയ ഗതി ആസൂത്രണം ചെയ്യുകയാണ്. അദ്ദേഹത്തിന്റെ ഐ.പി.എല്‍ കരിയര്‍ മികച്ചതായിരുന്നു.
പക്ഷേ എല്ലാ നല്ല കഥകളും അവസാനിക്കുന്നു, അദ്ദേഹത്തിന്റെ കഥ ഇവിടെ അവസാനിക്കുന്നു. അതിനര്‍ത്ഥം മറ്റ് ഇന്ത്യന്‍ കളിക്കാരും മറ്റ് ലീഗുകളില്‍ കളിക്കാന്‍ പോകുമെന്നാണോ?,’ ആകാശ് ചോപ്ര അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ഐ.പി.എല്‍ 2025ല്‍ അശ്വിന്‍ ടൂര്‍ണമെന്റിലെ ഏറ്റവും വിജയകരമായ ടീമുകളില്‍ ഒന്നായ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമായിരുന്നു. മറ്റ് ടീമുകളിലേക്ക് ചേക്കേറിയ ബൗളറെ കഴിഞ്ഞ സീസണില്‍ 9.75 കോടിക്ക് താരലേലത്തിലൂടെ സി.എസ്.കെ വീണ്ടും ടീമിലെത്തിക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിക്കപ്പെട്ട പ്രകടനം താരത്തിന് കാഴ്ച വെക്കാനായില്ല.
ഐ.പി.എല്ലില്‍ അഞ്ച് ടീമുകളില്‍ അശ്വിന് കളിച്ചിട്ടുണ്ട്. 2009ല്‍ സൂപ്പര്‍ കിങ്‌സിലൂടെയായിരുന്നുതാരത്തിന്റെ ടൂര്‍ണമെന്റിലെ അരങ്ങേറ്റം. 2015 വരെ അവിടെ കളിച്ച താരം സി.എസ്.കെ വിലക്ക് നേരിട്ട വര്‍ഷം മാത്രമാണ് മറ്റൊരു ടീമിലേക്ക് ചേക്കേറിയത്. 2016ല്‍ അശ്വിന്‍ റൈസിങ് പൂനെ വാരിയയേഴ്‌സിനൊപ്പമായിരുന്നു.
പിന്നീടുള്ള രണ്ട് സീസണുകളില്‍ പഞ്ചാബ് കിങ്‌സിനായി അശ്വിന് കളത്തിലിറങ്ങി. 202021 സീസണില്‍ ദല്‍ഹി ക്യാപ്റ്റല്‍സില്‍ എത്തിയ താരം ഇവിടെയും രണ്ട് സീസണ്‍ ടീമിനൊപ്പം കളിച്ചു. തൊട്ടടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളത്തിലിറങ്ങി. 2024ലെ മെഗാ താര ലേലത്തില്‍ ആര്‍.ആര്‍ റിലീസ് ചെയ്തതോടെ അശ്വിന്‍ വീണ്ടും ചെന്നൈയിലേക്കെത്തുകയായിരുന്നു.
Content Highlight: Akash Chopra Talking About R. Ashwin