ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള വൈറ്റ് ബോള്‍ പരമ്പരയ്ക്കുള്ള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് ഏകദിനത്തില്‍ ശ്രേയസ് അയ്യരിനെ വൈസ് ക്യാപ്റ്റനാക്കാനുള്ള തീരുമാനം. ആഭ്യന്തര ക്രിക്കറ്റിലടക്കം മികച്ച പ്രകടനം നടത്തിയിട്ടും ടെസ്റ്റ് ടീമില്‍ നിന്നും ഏഷ്യാ കപ്പിലും തഴഞ്ഞതിന് ശേഷമാണ് താരത്തെ ഡെപ്യൂട്ടിയാക്കുന്നത്.
ഇപ്പോള്‍ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് ക്രിക്കറ്റ് നിരീക്ഷകനായ ആകാശ് ചോപ്ര. ശ്രേയസ് അയ്യരെ വൈസ് ക്യാപ്റ്റനാക്കിയത് ഐ.പി.എല്‍ പ്രകടനങ്ങളെ പരിഗണിക്കുന്നുണ്ടെന്നതിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് 2020 മുതല്‍ മികച്ച പ്രകടനം നടത്തുന്ന കെ.എല്‍ രാഹുലിനെ ഈ സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നത് എന്നും ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ കൂട്ടിച്ചേര്‍ത്തു.
‘ഇതൊരു വലിയ വാര്‍ത്തയാണ്. ഐ.പി.എല്‍ പ്രകടനങ്ങള്‍ക്ക് വില കൊടുക്കുന്നതിന്റെ തെളിവാണ് ശ്രേയസ് അയ്യരെ വൈസ് ക്യാപ്റ്റനാക്കിയത്. കെ.എല്‍ രാഹുലിനെയും ആ സ്ഥാനത്തേക്ക് പരിഗണിക്കാമായിരുന്നു. 2020 ശേഷം അവന്‍ മികച്ച പ്രകടനമാണ് നടത്തുന്നത്.
എന്നാല്‍, കെ.കെ.ആറിന് ഐ.പി.എല്‍ കിരീടം നേടിക്കൊടുക്കുകയും പഞ്ചാബിനെ ഫൈനലില്‍ എത്തിക്കുകയും ചെയ്തതിനാല്‍ ശ്രേയസിന് നറുക്ക് വീഴുകയായിരുന്നു,’ ചോപ്ര പറഞ്ഞു.
ഇതൊരു പരിവര്‍ത്തനത്തിന്റെ ഭാഗമാണെന്നും സെലക്ടര്‍മാര്‍ പിന്നോട്ട് നോക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് രാഹുലിനെ തെരഞ്ഞെടുക്കാതിരുന്നത്. ഇന്ത്യയുടെ ഭാവി പദ്ധതിക്ക് ഇണങ്ങുന്നയാളായതിനാലാണ് ശ്രേയസിനെ തെരഞ്ഞെടുത്തതെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.
2025 ഫെബ്രുവരിയില്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയപ്പോള്‍ ഇന്ത്യന്‍ ടീമില്‍ മികച്ച പ്രകടനം നടത്തിയത് ശ്രേയസായിരുന്നു. സെമി ഫൈനലിലും ഫൈനലിലും അടക്കം നിര്‍ണായകമായ ഇന്നിങ്സാണ് താരം കളിച്ചിരുന്നത്. താരമായിരുന്നു ഇന്ത്യയുടെ ടോപ് റണ്‍ സ്‌കോറര്‍. അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 243 റണ്‍സാണ് വലം കൈയ്യന്‍ ബാറ്റര്‍ നേടിയത്.