ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിലൂടെ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ഒരു തെറ്റ് ചെയ്തുവെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഇരുവരും ടെസ്റ്റിന് പകരം ഏകദിനത്തില്‍ നിന്നായിരുന്നു വിരമിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ചോപ്ര.
‘തെറ്റായ ഫോര്‍മാറ്റിനോടാണ് രോഹിത്തും കോഹ്‌ലിയും വിട പറഞ്ഞത്. ലോകകപ്പ് നേടിയതിന് ശേഷം അവര്‍ ടി-20യില്‍ നിന്ന് വിരമിച്ചു. അവര്‍ ടെസ്റ്റ് കളിക്കുന്നത് തുടരുകയും ഏകദിനങ്ങളില്‍ നിന്ന് വിരമിക്കുകയും ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷേ കാര്യങ്ങള്‍ വ്യത്യസ്തമാകുമായിരുന്നു. ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ഇന്ത്യ 12 മാസത്തിനിടെ ആറ് ഏകദിനങ്ങളാണ് കളിച്ചത്,’ ചോപ്ര പറഞ്ഞു.
2024ല്‍ ഇന്ത്യ ടി – 20 ലോകകപ്പ് നേടിയതിന് പിന്നാലെ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും കുട്ടി ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ, ഇരുവരും ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്നേ ടെസ്റ്റ് ക്രിക്കറ്റിനോടും വിട പറഞ്ഞു. ആദ്യം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് പടിയിറക്കം പ്രഖ്യാപിച്ചത് രോഹിത് ശര്‍മയായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം വിരാടും വിരമിക്കുകയായിരുന്നു.
അന്ന് തന്നെ ഇരുവരും ഏകദിനത്തില്‍ തുടര്‍ന്നും കളിക്കുമെന്നും അറിയിച്ചിരുന്നു. 50 ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വളരെ കുറവ് മത്സരങ്ങള്‍ മാത്രമാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ഇരുവരും ഏങ്ങനെ തങ്ങളെ തയ്യാറാക്കി നിര്‍ത്തുമെന്നും ചോപ്ര ചോദിച്ചു.
‘ഒരു വര്‍ഷം ആറ് ടെസ്റ്റ് മത്സരം കളിച്ചാല്‍ അവര്‍ക്ക് 30 ദിവസം കളിക്കാന്‍ കഴിയും. ഏകദിനത്തില്‍ അത് ആറ് ദിവസം മാത്രമായി ചുരുങ്ങും. ഐ.പി.എല്‍ മത്സരത്തിന് ശേഷം ഒരു 100 ദിവസങ്ങളെങ്കിലും കഴിഞ്ഞാവും ഇരുവരും ഏകദിനത്തില്‍ കളിക്കുക. രോഹിത്തും കോഹ്‌ലിയും ഈ സമയങ്ങളില്‍ കളിക്കുകയോ പരിശീലിക്കുകയോ ചെയ്യുന്നില്ല,’ ചോപ്ര പറഞ്ഞു
മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര ഏഴോ എട്ടോ ദിവസങ്ങള്‍ കൊണ്ട് അവസാനിക്കുമെന്നും ചോപ്ര പറഞ്ഞു. അടുത്ത പരമ്പരയ്ക്ക് മൂന്ന് മാസം വരെ ഇടവേളയുണ്ടാവും. അത് വളരെ വലുതാണ്. ഏകദിനത്തിന് പകരം ഇരുവരും ടെസ്റ്റ് കളിക്കുന്നത് തുടര്‍ന്നിരുന്നെങ്കില്‍ അവര്‍ക്ക് ഫോമില്‍ തുടരുന്നത് എളുപ്പമായേനെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Akash Chopra says that Virat Kohli and Rohit Sharma made a mistake by retiring Test Cricket instead of ODI