ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റെറ്ററുമായ ആകാശ് ചോപ്ര. ഏതെങ്കിലുമൊരു താരത്തെ പുറത്തിരുത്തി ഇന്ത്യ ഒരു ഫാസ്റ്റ് ബൗളറെ സ്‌ക്വാഡിന്റെ ഭാഗമാക്കണമെന്നാണ് ചോപ്ര ആവശ്യപ്പെടുന്നത്.
ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്കിടെ പരിക്കേറ്റ ജസ്പ്രീത് ബുംറയുള്‍പ്പടെ വെറും മൂന്ന് പേസര്‍മാരെയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡിന്റെ ഭാഗമാക്കിയിരുന്നത്. മുഹമ്മദ് ഷമിയും അര്‍ഷ്ദീപ് സിങ്ങുമാണ് മറ്റ് രണ്ട് പേസര്‍മാര്‍.
2023 ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ മുഹമ്മദ് ഷമി ഇതുവരെ ഒറ്റ അന്താരാഷ്ട്ര ഏകദിനം പോലും കളിച്ചിട്ടില്ല. ഇന്ത്യ – ഇംഗ്ലണ്ട് ടി-20 പരമ്പരയിലാണ് ഷമി അന്താരാഷ്ട്ര തലത്തിലേക്കുള്ള തിരിച്ചുവരവ് നടത്തിയത്. ടി-20 സ്‌പെഷ്യലിസ്റ്റായ അര്‍ഷ്ദീപ് സിങ്ങാകട്ടെ കരിയറില്‍ പത്ത് അന്താരാഷ്ട്ര ഏകദിനങ്ങള്‍ തികച്ച് കളിച്ചിട്ടുമില്ല.
ജസ്പ്രീത് ബുംറയുടെ പരിക്ക് ഒരുപക്ഷേ ഇന്ത്യയ്ക്ക് തിരിച്ചടിയാവുകയാണെങ്കില്‍ അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി എന്നിവരിലേക്ക് ഇന്ത്യ ചുരുങ്ങും.
ഈ സാഹചര്യത്തിലാണ് ടീം കോമ്പിനേഷനില്‍ മാറ്റം വേണമെന്ന് ആകാശ് ചോപ്ര നിര്‍ദേശിക്കുന്നത്.
‘ഇന്ത്യ ഏതെങ്കിലുമൊരു താരത്തെ പുറത്തിരുത്തി ഒരു സീമറെ ടീമിലെത്തിക്കേണ്ടി വരും. നിങ്ങള്‍ക്ക് 15ല്‍ കൂടുതല്‍ താരങ്ങളെ നിങ്ങള്‍ക്ക് ഉള്‍പ്പെടുത്താന്‍ സാധിക്കില്ല, കാരണം ഇതൊരു ഐ.സി.സി ഇവന്റാണ് അല്ലാതെ ബൈലാറ്ററല്‍ പരമ്പരകളല്ല.
ടൂര്‍ണമെന്റിനിടെ പരിക്ക് മൂലം ടീമില്‍ ഏന്തെങ്കിലും തരത്തിലുള്ള മാറ്റം വരുത്തണമെന്ന് ആഗ്രഹിച്ചാല്‍ അതിനും ഐ.സി.സിയുടെ അനുവാദം ആവശ്യമാണ്. ഇന്ത്യക്ക് നാല് ഫാസ്റ്റ് ബൗളര്‍മാര്‍ ആവശ്യമാണ്, കാരണം മുഹമ്മദ് ഷമി തയ്യാറാണെന്ന് എനിക്ക് തോന്നുന്നില്ല,’ ആകാശ് ചോപ്ര പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയില്‍ മുഹമ്മദ് ഷമി ടീമിലേക്ക് മടങ്ങിയെത്തിയിരുന്നെങ്കിലും താരത്തിന്റെ ബൗളിങ്ങില്‍ ആ പഴയ ഫയറുണ്ടായിരുന്നില്ല. രണ്ട് മത്സരങ്ങളിലാണ് താരം കളത്തിലിറങ്ങിയത്. മോശമല്ലാത്ത പ്രകടനവും കാഴ്ചവെച്ചിരുന്നു. പക്ഷേ, ഷമി ഒടുവില്‍ കളിച്ചത് 2023 ലോകകപ്പിലായതിനാലും ടൂര്‍ണമെന്റില്‍ ഷമിയുടെ പ്രകടനം മറ്റാരെക്കാളും മികച്ചതായതിനാലും ടി-20 പരമ്പരയിലെ പ്രകടനത്തില്‍ ആരാധകര്‍ തൃപ്തരല്ല. ഇക്കാരണത്താലാണ് ഷമിയുടെ കാര്യത്തില്‍ ആകാശ് ചോപ്ര ആശങ്ക പ്രകടപ്പിച്ചത്.
അന്താരാഷ്ട്ര ഏകദിനങ്ങളില്‍ അര്‍ഷ്ദീപ് സിങ്ങിന്റെ പരിചയക്കുറവിനെ കുറിച്ചും ആകാശ് ചോപ്ര ഓര്‍മിപ്പിച്ചു.
‘അര്‍ഷ്ദീപ് സിങ് മികച്ച ബൗളറാണ്. എന്നാല്‍ അവന്‍ ഒരുപാട് ഒ.ഡി.ഐ മത്സരങ്ങള്‍ കളിച്ചിട്ടില്ല. എനിക്ക് തോന്നുന്നത് സെലക്ഷന്‍ കമ്മിറ്റി ഒരു പേസറെ കൂടി ടീമിന്റെ ഭാഗമാക്കുമെന്നാണ്. ചാമ്പ്യന്‍സ് ട്രോഫിക്കായി മുഹമ്മദ് സിറാജ് ദുബായിലേക്ക് പറക്കും,’ ചോപ്ര പറഞ്ഞു.
ഫെബ്രുവരി 20നാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ബംഗ്ലാദേശാണ് എതിരാളികള്‍.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് എ-യിലാണ് ഇന്ത്യ സ്ഥാനം പിടിച്ചിരിക്കുന്നത്. ബംഗ്ലാദേശ്, പാകിസ്ഥാന്‍, ന്യൂസിലാന്‍ഡ് ടീമുകളാണ് ഗ്രൂപ്പ് എ-യില്‍ ഇന്ത്യയ്ക്കൊപ്പമുള്ളത്.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍
ഫെബ്രുവരി 20 vs ബംഗ്ലാദേശ് – ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം.
ഫെബ്രുവരി 23 vs പാകിസ്ഥാന്‍ – ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം.
മാര്‍ച്ച് 2 vs ന്യൂസിലാന്‍ഡ് – ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം
Content Highlight: Akash Chopra says there may be changes in the Indian team for the Champions Trophy