ഐ.പി.എൽ 2025 വിരാമമിട്ടതിന് പിന്നാലെ തന്നെ സോഷ്യൽ മീഡിയയിൽ സജീവമായ വിഷയമാണ് മലയാളി താരം സഞ്ജു സാംസണന്റെ കൂടുമാറ്റവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ. താരവും രാജസ്ഥാന്‍ മാനേജ്‌മെന്റും തമ്മിൽ പ്രശ്‍നങ്ങളുണ്ടെന്നും അടുത്ത സീസണിൽ നായകൻ ടീമിൽ തുടരില്ലെന്നുമുള്ള റിപ്പോർട്ടുകളുമാണ് ഉണ്ടായിരുന്നത്.
അതിന് പിന്നാലെ ലീഗിൽ ഏറ്റവും വിജയകരമായ ടീമുകളിൽ ഒന്നായ ചെന്നൈ സൂപ്പര്‍ കിങ്‌സ് പുതിയ സീസണിന് തങ്ങളുടെ ടീമിന് ഒരു നായകനെ തിരക്കുന്നതായും സഞ്ജുവുമായി ചില ചര്‍ച്ചകള്‍ നടത്തിയെന്നും റൂമറുകള്‍ ഉണ്ടായിരുന്നു. കൂടാതെ, ചെന്നൈയ്ക്ക് താരത്തിനെ ടീമിലെത്തിക്കുന്നതിൽ താൽപര്യമുണ്ടെന്ന് ക്രിക് ബസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഒരു സി.എസ്.കെ ഉദ്യോഗസ്ഥനെ ഉദ്ധരി ച്ചായിരുന്നു ക്രിക് ബസിന്റെ റിപ്പോർട്ട്.
ഇപ്പോൾ ഇതിൽ പ്രതികരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. സഞ്ജുവൊരു വിക്കറ്റ് കീപ്പർ ബാറ്ററായതിനാൽ ചെന്നൈയിലെത്തിയാൽ അത് നല്ലതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ധോണിയുടെ ലെഗസി തുടരാൻ ഉറവിൽ പട്ടേലിനെപോലെ ഒരു യുവതാരമല്ല വേണ്ടതെന്നും കൂടുതൽ പരിചയസമ്പത്തും വലിയ പേരുമുള്ള ഒരു വിക്കറ്റ് കീപ്പർ ബാറ്ററെയാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ആകാശ് ചോപ്ര.
‘സഞ്ജു സാംസൺ സി.എസ്.കെയിൽ എത്തുമോ? അങ്ങനെ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ കണ്ടു. പക്ഷേ, രാജസ്ഥാൻ പറയുന്നതെന്തെന്ന് അറിയാൻ നമ്മൾ കാത്തിരിക്കണം. സി.എസ്.കെയിലെ ഒരു ഉദ്യോഗസ്ഥൻ സഞ്ജുവിൽ താൽപര്യമുണ്ടെന്ന് പറഞ്ഞു.
അവൻ ഒരു വിക്കറ്റ് കീപ്പർ ബാറ്ററായതിനാൽ ചെന്നൈയിലെത്തിയാൽ അത് നല്ലതായിരിക്കും. എം.എസ് ധോണിക്ക് ശേഷം ആ സ്ഥാനം ഏറ്റെടുക്കാൻ അവർക്ക് ആരെയെങ്കിലും കണ്ടെത്തേണ്ടതുണ്ട്. അതുകൊണ്ട് സഞ്ജു നല്ലൊരു ഓപ്ഷനാണ്.
ധ്രുവ് ജുറെലിനെയും റിഷബ് പന്തിനെയും ഓപ്ഷനുകളായി ഞാൻ ആദ്യം പരിഗണിച്ചിരുന്നു. ഉർവിൽ പട്ടേലിനെപ്പോലുള്ള ഒരാളല്ല, കൂടുതൽ പരിചയസമ്പത്തും വലിയ പേരും ഉള്ള ഒരു വിക്കറ്റ് കീപ്പർ ബാറ്ററെയാണ് സി.എസ്.കെയ്ക്ക് വേണ്ടത്. ധോണിയുടെ ലെഗസി തുടരാൻ, അവർക്ക് ആ കഴിവുള്ള ഒരു കളിക്കാരനെ ആവശ്യമാണ്,’ ചോപ്ര പറഞ്ഞു.
Content Highlight: Akash Chopra says that if Sanju Samson moves to CSK it will be better, and he could continue the legacy of MS Dhoni