ഐ.പി.എല്‍ 2026 താരലേലത്തില്‍ ഏറ്റവും വിലയേറിയ താരം ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനായിരിക്കുമെന്ന് പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. പരിക്ക് മാറി എത്തിയതിന് ശേഷം താരം മികച്ച പ്രകടനമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ആകാശ് ചോപ്ര.
‘താര ലേലത്തില്‍ ഏറ്റവും വിലയേറിയ താരം കാമറൂണ്‍ ഗ്രീനായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. പരിക്ക് മാറിയതിന് ശേഷം അവന്റെ ബാറ്റിങ് അസാധ്യമാണ്. ഇപ്പോള്‍ ബൗള്‍ ചെയ്യുന്നില്ലെങ്കിലും ഉടനെ തന്നെ അതുണ്ടാക്കും. ബൗള്‍ ചെയ്യാത്തതിനാല്‍ അവനിപ്പോള്‍ ടോപ് ഓര്‍ഡറിലാണ് ബാറ്റ് ചെയ്യുന്നത്,’ ചോപ്ര പറഞ്ഞു.
ഗ്രീന്‍ ബൗളിങ് ചെയ്യുന്നത് പുനരാംഭിച്ചാല്‍ ബാറ്റിങ് ഫോം കണക്കിലെടുക്കുമ്പോള്‍ ഐ.പി.എല്‍ ലേലത്തിന്റെ റെക്കോഡുകള്‍ തകര്‍ക്കാന്‍ സാധ്യതയുണ്ടെന്നും ചോപ്ര പറഞ്ഞു. ടീമുകള്‍ താരത്തിന് വേണ്ടി ധാരാളം പണം ചെലവാക്കാന്‍ തയ്യാറായേക്കും. അതുകൊണ്ട് ഈ ലേലം ഗ്രീനിന്റെ പേരിലാവും അറിയപ്പെടുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓസ്ട്രേലിയയുടെ സൗത്ത് ആഫ്രിക്കക്കെതിരായ പരമ്പരയിലെ ഒന്നാം മത്സരത്തില്‍ കാമറൂണ്‍ ഗ്രീന്‍ കാമിയോ ബാറ്റിങ് കാഴ്ച വെച്ചിരുന്നു. ആദ്യ മത്സരത്തില്‍ താരം 13 പന്തില്‍ 35 റണ്‍സെടുത്തിരുന്നു. താരത്തിന്റെ ഇന്നിങ്സ് മൂന്ന് സിക്സും നാല് ഫോറും അടങ്ങുന്നതായിരുന്നു. 269.23 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് ചെയ്തത്.
എന്നാല്‍ ഒന്നാം മത്സരത്തിലെ ഫോം താരത്തിന് രണ്ടാം മത്സരത്തില്‍ തുടരാനായില്ല. ആ മത്സരത്തില്‍ ഏഴ് പന്തില്‍ താരത്തിന് ഒമ്പത് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. ആദ്യ മത്സരത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഐ.പി.എല്‍ സീസണിന്റെ താരലേലത്തില്‍ ഗ്രീന്‍ വിലയേറിയ താരമാകുമെന്ന് ചോപ്ര പറഞ്ഞത്.
അതേസമയം, കഴിഞ്ഞ സീസണില്‍ ഗ്രീന്‍ പരിക്ക് കാരണം താര ലേലത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. 2024ല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനൊപ്പമായിരുന്നു. ആ സീസണില്‍ 12 മത്സരങ്ങളില്‍ നിന്ന് 255 റണ്‍സും പത്ത് വിക്കറ്റുകളും താരം നേടിയിരുന്നു.
Content Highlight: Akash Chopra says that Cameron Green could be most expensive player in IPL 2026 auction