ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യയുടെ പുതിയ ക്യാപ്റ്റനെ കാത്തിരിക്കുകയാണ് ഇന്ത്യന്‍ ആരാധകരും ക്രിക്കറ്റ് ലോകവും. മെയ് ഒമ്പതിന് ഈ ഫോര്‍മാറ്റില്‍ നിന്ന് നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ക്യാപ്റ്റന്‍ ആരാകുമെന്ന ചര്‍ച്ചകള്‍ സജീവമായത്.
ശുഭ്മന്‍ ഗില്ലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കൂടുതല്‍ സാധ്യത കല്പിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ താരം നായകനായേക്കും എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇംഗ്ലണ്ട് പര്യടനത്തില്‍ ഗില്‍ ഇന്ത്യന്‍ ടീമിന്റെ നായകന്‍ സ്ഥാനം ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജൂണ്‍ അവസാനമാണ് ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ഐ.പി.എല്ലിന് ശേഷമെത്തുന്ന പരമ്പരയില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണുള്ളത്. 2025-27 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിന് തുടക്കം കുറിക്കുക ഈ പരമ്പരയാണ്.
ഇപ്പോള്‍ ഗില്‍ ടെസ്റ്റില്‍ നായകനാകുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. അഞ്ച് ടെസ്റ്റുകളും കളിക്കാന്‍ കഴിയില്ലെങ്കില്‍ ജസ്പ്രീത് ബുംറയെ ക്യാപ്റ്റനാക്കാന്‍ കഴിയില്ലെന്നും ശുഭ്മാന്‍ ഗില്ലിന്റെ നിയമനം നടന്നതായി തോന്നുന്നുവെന്നും ചോപ്ര പറഞ്ഞു.
ടെസ്റ്റില്‍ ഗില്ലിന്റെ സ്റ്റാറ്റസ് അത്ര മികച്ചതല്ലെന്നും ഏഷ്യയ്ക്ക് പുറത്ത് ഇനിയും റണ്‍സ് നേടേണ്ടതിനാല്‍ ക്യാപ്റ്റനാവുന്നത് ഗില്ലിന് വലിയ വെല്ലുവിളിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ആകാശ് ചോപ്ര.
‘അഞ്ച് ടെസ്റ്റുകളും കളിക്കാന്‍ കഴിയില്ലെന്ന് ജസ്പ്രീത് ബുംറ പറഞ്ഞതായി കേട്ടു. അങ്ങനെയെങ്കില്‍ അദ്ദേഹത്തെ ക്യാപ്റ്റനാക്കാന്‍ കഴിയില്ല. ശുഭ്മാന്‍ ഗില്ലിന്റെ നിയമനം നടന്നതായി തോന്നുന്നു. മെയ് 23 ന് നിങ്ങള്‍ക്ക് സ്ഥിരീകരണം ലഭിക്കും.
ഗില്ലിന്റെ സ്റ്റാറ്റസ് അത്ര മികച്ചതല്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അവന്റെ ശരാശരി 35 ആണ്, അത് അനുയോജ്യമല്ല. അവന്‍ ഏകദിനത്തില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നുണ്ട്. എന്നാല്‍, ടെസ്റ്റില്‍ സ്ഥിരതയില്ലാത്ത പ്രകടനമുള്ള ഒരാളും ടി-20 ടീമിന്റെ ഭാഗമോ അല്ലാത്ത ഒരാളുമാണ് അവന്‍.
അതിനാല്‍ ഇത് അവന് വലിയൊരു ദൗത്യമായിരിക്കും. ഏഷ്യയ്ക്ക് പുറത്ത് ഗില്ലിന് ഇനിയും റണ്‍സ് നേടേണ്ടതുണ്ട്,’ ആകാശ് ചോപ്ര പറഞ്ഞു.
Content Highlight: Akash Chopra says Test captaincy would be challenge for Shubhman Gill