| Tuesday, 2nd September 2025, 6:17 pm

ഏഷ്യാ കപ്പ്: സഞ്ജുവോ ജിതേഷോ; കെ.സി.എല്ലിലെ വെടിക്കെട്ട് പരിഗണിക്കാതെ തെരഞ്ഞെടുപ്പുമായി മുന്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായി സഞ്ജു സാംസണ്‍ തന്നെ വരണമെന്ന് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമാ ആകാശ് ചോപ്ര. ഈ സ്ഥാനത്തേക്ക് സംശയലേശമന്യേ സഞ്ജു സാംസണ്‍ തന്നെ എത്തണമെന്നും ടോപ് ഓര്‍ഡറില്‍ താരത്തിന്റെ പ്രകടനം ഏറെ മികച്ചതാണെന്നും ആകാശ് ചോപ്ര പറഞ്ഞു.

‘സഞ്ജു സാംസണ്‍ കഴിഞ്ഞ 12 മത്സരത്തില്‍ മൂന്ന് സെഞ്ച്വറികള്‍ നേടി. നിലവില്‍ സഞ്ജു തന്നെയാണ് ടീമിന്റെ ഭാഗവും. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ റോളില്‍ ആദ്യം പരിഗണിക്കേണ്ട പേര് സഞ്ജു സാംസണിന്റേത് തന്നെയാണ്.

ടി-20 ഫോര്‍മാറ്റില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ അവന്റെ പ്രകടനങ്ങള്‍ പരിശോധിക്കുമ്പോള്‍, 33 എന്ന ശരാശരിയിലും 140+ സ്‌ട്രൈക്ക് റേറ്റിലും അവന്‍ 6,000ലധികം റണ്‍സ് നേടിയതായി കാണാം. ഇത് വളരെ മികച്ച പ്രകടനങ്ങളാണ്,’ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ ആകാശ് ചോപ്ര പറഞ്ഞു.

2024 ല്‍ ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരയിലാണ് സഞ്ജു സാംസണ്‍ തന്റെ കരിയറിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയത്. ബംഗ്ലാദേശിനെതിരെ 47 പന്തില്‍ 111 റണ്‍സടിച്ച താരം, അന്താരാഷ്ട്ര ടി-20യില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടവും സ്വന്തമാക്കി.

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിലും സെഞ്ച്വറി നേടിയ താരം, അന്താരാഷ്ട്ര ടി-20യില്‍ തുടര്‍ച്ചയായി സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും സ്വന്തമാക്കി.

പ്രോട്ടിയാസിനെതിരെ മറ്റൊരു സെഞ്ച്വറി കൂടി നേടി സഞ്ജു തിളങ്ങിയെങ്കിലും ഇംഗ്ലണ്ടിനെതിരെ സ്വന്തം മണ്ണില്‍ നടന്ന പരമ്പരയില്‍ നിരാശപ്പെടുത്തി. പരമ്പരയ്ക്കിടെ പരിക്കേറ്റത് ഐ.പി.എല്ലിലെ പ്രകടനത്തെയും ബാധിച്ചു. ഇതോടെ സഞ്ജുവിന്റെ ഫോമിനെ കുറിച്ചുള്ള ചര്‍ച്ചകളും ഉയര്‍ന്നു.

എന്നാല്‍ നിലവില്‍ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗില്‍ മികച്ച പ്രകടനം പുറത്തെടുത്താണ് സഞ്ജു വിമര്‍ശകരുടെ വായടപ്പിക്കുന്നത്. മിഡില്‍ ഓര്‍ഡറിലിറങ്ങിയ ആദ്യ ഇന്നിങ്‌സില്‍ താരം പാടെ നിരാശപ്പെടുത്തി. 22 പന്തില്‍ വെറും 13 റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്. ഇതോടെ വിമര്‍ശകര്‍ പൂര്‍വാധികം ശക്തിയോടെ താരത്തെ ക്രൂശിക്കാനാരംഭിച്ചു.

ഓപ്പണറുടെ റോളില്‍ തിരിച്ചെത്തിയ അടുത്ത ഇന്നിങ്‌സില്‍ സെഞ്ച്വറിയുമായി സഞ്ജു തിളങ്ങി. 51 പന്തില്‍ 121 റണ്‍സാണ് താരം അടിച്ചെടുത്തത്. അടുത്ത മൂന്ന് ഇന്നിങ്‌സുകളിലും സഞ്ജു 50+ സ്‌കോര്‍ നേടി.

കെ.സി.എല്ലിലെ അഞ്ച് ഇന്നിങ്‌സില്‍ നിന്നും 368 റണ്‍സാണ് താരം സ്വന്തമാക്കിയത്. 73.60 എന്ന മികച്ച ശരാശരിയും 186.80 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം സ്‌കോര്‍ ചെയ്തത്. 30 സിക്‌സറും 24 ഫോറും അഞ്ച് ഇന്നിങ്‌സില്‍ നിന്നും താരം അടിച്ചെടുത്തു. ഇതോടെ ഏഷ്യാ കപ്പില്‍ സഞ്ജുവിന്റെ സാധ്യതകളും വര്‍ധിച്ചിരിക്കുകയാണ്.

കെ.സി.എല്ലില്‍ തന്റെ ടീമായ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ സെമിയിലെത്തിച്ച് സഞ്ജു ഏഷ്യാ കപ്പിനായി ഒരുങ്ങുകയാണ്. താരം വൈകാതെ ടീമിനൊപ്പം ചേരും.

ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യ കുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, റിങ്കു സിങ്

Content Highlight: Akash Chopra says Sanju Samson should be India’s Wicket Keeper Batter in Asia Cup

We use cookies to give you the best possible experience. Learn more