ഇത് അനീതിയാണ്; ഒന്നാം ഏകദിനത്തിലെ ഇന്ത്യയുടെ തോല്‍വിയില്‍ ചോപ്ര
Sports News
ഇത് അനീതിയാണ്; ഒന്നാം ഏകദിനത്തിലെ ഇന്ത്യയുടെ തോല്‍വിയില്‍ ചോപ്ര
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 20th October 2025, 4:57 pm

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ഒന്നാം ഏകദിനത്തില്‍ സന്ദര്‍ശകര്‍ തോറ്റിരുന്നു. മഴ മൂലം പല തവണ തടസപ്പെട്ട മത്സരത്തില്‍ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഡി.എല്‍.എസ് വഴി തിട്ടപ്പെടുത്തി 130 റണ്‍സിന്റെ വിജയലക്ഷ്യം ആതിഥേയര്‍ 29 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. നേരത്തെ, മത്സരം 26 ഓവറായി ചുരുക്കിയിരുന്നു.

ഇപ്പോള്‍ ഡി.എല്‍.എസ് വഴി വിജയലക്ഷ്യം 130 ആക്കിയത് ഇന്ത്യയോട് ചെയ്ത അനീതിയാണെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ ചോപ്ര. മത്സരം തുടങ്ങുമ്പോള്‍ 50 ഓവറായിരുന്നുവെന്നും പിന്നീടാണ് ഓവറുകള്‍ വെട്ടികുറച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇതിലേക്ക് പൊരുത്തപ്പെടാന്‍ ഇന്ത്യയ്ക്ക് ബുദ്ധിമുട്ടായെന്നും അതിനാല്‍ തന്നെ വിജയലക്ഷ്യം മാറ്റിയത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ചോപ്ര പ്രതികരണം നടത്തിയത്.

‘ഇന്ത്യ 136 റണ്‍സ് എടുത്തിട്ടും വിജയലക്ഷ്യം 130 ആയി. എന്താണ് ഡി.എല്‍.എസ്? ഇത് പ്രകാരം റണ്‍സ് വെട്ടി ചുരുക്കാറുണ്ട്. പക്ഷേ, ഇത് തെറ്റാണ്, അനീതിയാണ്. അതിന്റെ കാരണങ്ങള്‍ ഞാന്‍ വിശദീകരിക്കാം. ഒന്നാമതായി മത്സരം ആരംഭിക്കുമ്പോള്‍ 50 ഓവറായിരുന്നു. ക്രമേണ ഓവറുകള്‍ ചുരുങ്ങിയതോടെ ഇന്ത്യ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടി.

രണ്ട് ഇന്നിങ്സുകളെയും ശേഷിക്കുന്ന വിക്കറ്റുകളെയും പരിഗണിച്ചാണ് മത്സരത്തില്‍ റണ്‍സ് വെട്ടി കുറക്കുക. ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റുകള്‍ നഷ്ടമായാല്‍ തന്നെ അവര്‍ ദുര്‍ബലരായിരുന്നു. മത്സരം ശരിയായി നടന്നിരുന്നെങ്കില്‍ ഇന്ത്യ ഇതിലേറെ റണ്‍സ് എടുത്തേനേ. ആദ്യമേ 26 ഓവറായിരുന്നു മത്സരമെങ്കില്‍ ഇത്ര റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ട് ഇത് തെറ്റാണ്,’ ചോപ്ര പറഞ്ഞു.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മത്സരമായിരുന്നു ഓസ്‌ട്രേലിയക്ക് എതിരെയുള്ള ഏകദിനം. എന്നാല്‍, വലിയ ഇടവേളക്ക് ശേഷം ക്രീസില്‍ തിരിച്ചെത്തിയ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും വലിയ പ്രകടനങ്ങള്‍ നടത്താത്തത് ഇന്ത്യക്ക് തിരിച്ചടിയാവുകയായായിരുന്നു. ഇവര്‍ക്കൊപ്പം ടോപ് ഓര്‍ഡര്‍ നിരാശപ്പെടുത്തിയതും മഴ ഇടയ്ക്കിടെ എത്തിയതും ടീമിന് പ്രതിസന്ധിയായി.

Content Highlight: Akash Chopra says reducing total to 130 from 136 in first ODI against Australia is injustice to India