ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തേയും മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 150 റണ്‍സിന്റെ വിജയത്തോടെ 4-1ന് പരമ്പര സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.
പരമ്പരയിലെ അഞ്ച് മത്സരത്തിലും സഞ്ജുവിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലായിരുന്നു. ആദ്യ മത്സരത്തില്‍ 26 റണ്‍സും ചെപ്പോക്കില്‍ നടന്ന രണ്ടാം മത്സരത്തില്‍ അഞ്ച് റണ്‍സുമാണ് താരത്തിന് നേടാന്‍ സാധിച്ചത്.
എന്നാല്‍ സഞ്ജു തിരിച്ചുവരുമെന്ന് കരുതിയ മൂന്നാം മത്സരത്തില്‍ മൂന്ന് റണ്‍സും, നാലാം മത്സരത്തില്‍ ഒരു റണ്‍സുമാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് നേടാന്‍ സാധിച്ചത്. കഴിവ് തെളിയിക്കാന്‍ സഞ്ജുവിന് ലഭിച്ച അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ 16 റണ്‍സിനാണ് സഞ്ജു കളം വിട്ടത്.
ആദ്യ മൂന്ന് മത്സരത്തിലും ജോഫ്രാ ആര്‍ച്ചറിന്റെ ഷോട്ട് ബോളില്‍ പുറത്തായ സഞ്ജു ശേഷിച്ച രണ്ട് മത്സരങ്ങളിലും അതേ രീതിയില്‍ പുറത്താകേണ്ടി വന്നിരുന്നു. അതോടെ ഏറെ വിമര്‍ശനങ്ങള്‍ താരം നേരിടേണ്ടി വന്നിരുന്നു.
ഒരേ രീതിയില്‍ പുറത്തായ സഞ്ജുവിനെ വിമര്‍ശിക്കാതിരിക്കാന്‍ കഴിയില്ലെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോ്പ്ര. സഞ്ജു പരമ്പരയില്‍ ഒരേ രീതിയിലാണ് പുറത്താകുന്നതെന്നും എങ്ങനെയാണ് ഒരേ തെറ്റ് ആവര്‍ത്തിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും ചോപ്ര പറഞ്ഞു. മാത്രമല്ല വിരാട് കോഹ്‌ലിയുടെ കാര്യത്തിലും ഒരേ രീതിയില്‍ പുറത്തായപ്പോള്‍ ചര്‍ച്ച ചെയ്തിരുന്നെന്ന് ചോപ്ര കൂട്ടിച്ചേര്‍ത്തു.
‘സഞ്ജു സാംസണെ കുറിച്ച് എനിക്ക് സംസാരിക്കാതെ ഇരിക്കാന്‍ പറ്റില്ല. ഒരു പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും ഒരേ രീതിയില്‍ തന്നെയാണ് അവന്‍ പുറത്തായത്. ഇത് എങ്ങനെ സംഭവിക്കുന്നുവെന്ന് എനിക്ക് മനസിലാകുന്നില്ല. തുടര്‍ന്നും അതുപോലെ സംഭവിക്കുന്നു എന്ന് വിശ്വസിക്കാനും പറ്റുന്നില്ല,
അങ്ങനെ നോക്കുകയാണെങ്കില്‍ വിരാട് കോഹ്‌ലി എട്ട് തവണ സ്ലിപ്പില്‍ ക്യാച്ച് നല്‍കിയല്ലേ പുറത്തായത് എന്ന് നിങ്ങള്‍ ചോദിക്കുമായിരിക്കും, പക്ഷെ അതിനെ കുറിച്ചും ഞങ്ങള്‍ സംസാരിച്ചിരുന്നു. വിരാട് പുറത്തായതിനെ കുറിച്ച് ഞങ്ങള്‍ വിശകലനം നടത്തിയിരുന്നു. ഇപ്പോള്‍ സഞ്ജുവിനെതിരെ എപ്പോള്‍ ഷോര്‍ട്ട് ബോള്‍ എറിഞ്ഞാലും അവന്‍ വിക്കറ്റ് പാഴാക്കുന്നു,’ ആകാശ് ചോപ്ര പറഞ്ഞു.