മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് അജു വര്‍ഗീസ്. 15 വര്‍ഷമായി സിനിമയില്‍ തുടരുന്ന നടന്‍ തന്റെ കരിയറിന്റെ തുടക്കത്തില്‍ കൂടുതലും ചെയ്തിരുന്നത് കോമഡി റോളുകളായിരുന്നു. എന്നാല്‍ ഇന്ന് അതില്‍ നിന്നൊക്കെ മാറി വ്യത്യസ്തമായ വേഷങ്ങളിലൂടെ അമ്പരപ്പിക്കുകയാണ് അജു വര്‍ഗീസ്.
ഇപ്പോള്‍ സിനിമകളിലെ വയലന്‍സിനെ കുറിച്ചും അത് കുട്ടികളെ ബാധിക്കുന്നതിനെ കുറിച്ചും പറയുകയാണ് നടന്‍. സില്ലിമോങ്ക്‌സ് മോളീവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അജു.
‘തിയേറ്ററില്‍ സിനിമയ്ക്ക് പൂര്‍ണമായും ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഉണ്ടാകണം. എഴുത്തുകാരന്റെ വിഷനെ വിഷ്വലാക്കുക എന്നതിനോട് ഞാന്‍ നൂറ് ശതമാനവും യോജിക്കുന്നു.
അത് ഇവിടുത്തെ സെന്‍സര്‍ ബോര്‍ഡിന്റെ നിയമങ്ങളെയൊക്കെ മനസിലാക്കി കൊണ്ട് തന്നെയാണ് ചെയ്യേണ്ടത്. പക്ഷെ ആ സിനിമ മൊബൈലിലൂടെ കുട്ടികളിലേക്കും എത്തുന്ന സമയത്താണ് പ്രശ്‌നം. എന്റെയൊരു സ്റ്റാന്‍ഡ് അതാണ്.
ഈ കാരണം കൊണ്ട് കുറച്ച് വിട്ടുവീഴ്ചകളാവാം എന്നാണ് ഞാന്‍ വിചാരിക്കുന്നത്. പുതിയ തലമുറയിലേക്ക് പോകുന്ന കാര്യമാണ്. എന്നെ കുറിച്ച് പറയുമ്പോള്‍, ഞാന്‍ മക്കളെ വളര്‍ത്താന്‍ അറിയാവുന്ന ഒരു നല്ല അപ്പനല്ല.
അത് തെറ്റായിരുന്നു എന്നുള്ളതും ഞാന്‍ മനസിലാക്കി. ഇന്നത്തെ തലമുറയോട് നമുക്ക് അങ്ങനെ ചാക്കോ മാഷായി നില്‍ക്കാന്‍ പറ്റില്ല. മുമ്പായിരുന്നെങ്കില്‍ നമുക്ക് വടി കാണിച്ചോ പേടിപ്പിച്ചോ നിര്‍ത്താം.
ഇന്ന് അങ്ങനെയല്ല. ഇന്നത്തെ കുട്ടികള്‍ ചോദ്യങ്ങള്‍ ചോദിക്കും. അതിന് കണ്‍വീന്‍സിങ്ങായ ഉത്തരം നമ്മള്‍ കൊടുക്കണം. അപ്പോള്‍ കുട്ടികളെ ബാധിക്കുന്നതൊന്നും വരരുത് എന്ന അഭിപ്രായക്കാരനാണ് ഞാന്‍,’ അജു വര്‍ഗീസ് പറയുന്നു.
Content Highlight: Aju Varghese Talks About Violence In Cinema