| Monday, 12th May 2025, 8:49 am

കലക്കന്‍ സീനാണെന്ന് കേട്ടതോടെ വടക്കന്‍ സെല്‍ഫിയില്‍ ആ സീന്‍ ചെയ്യാന്‍ ഭയം തോന്നി: അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് അജു വര്‍ഗീസ്. മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിച്ചത്.

പിന്നീട് കോമഡി റോളുകള്‍ മാത്രം ചെയ്ത അജു ഇപ്പോള്‍ അതില്‍ നിന്നൊക്കെ മാറി വ്യത്യസ്തമായ റോളുകളും മലയാളികള്‍ക്ക് നല്‍കുന്നുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങള്‍ക്കുമൊപ്പം അഭിനയിച്ച നടന്‍ കൂടിയാണ് അജു.

ഇപ്പോള്‍ സിനിമയില്‍ തനിക്ക് ഏറ്റവും പ്രയാസമായി തോന്നിയ വേഷം ഏതാണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് അജു വര്‍ഗീസ്. എല്ലാ കഥാപാത്രങ്ങളും പ്രയാസമായിരുന്നു എന്നാണ് നടന്‍ പറയുന്നത്. ട്രൂ കോപ്പി തിങ്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് ഏറ്റവും പ്രയാസമായി തോന്നിയത് ഏത് വേഷമാണെന്ന് ചോദിച്ചാല്‍, എല്ലാ കഥാപാത്രങ്ങളും എനിക്ക് പ്രയാസമായിരുന്നു. ബാലി കേറമല ആയിരുന്നു എന്നല്ല ഞാന്‍ പറയുന്നത്. ഷോട്ട് എടുക്കുന്ന സമയത്ത് എല്ലാ കഥാപാത്രം ചെയ്യുമ്പോഴും പ്രശ്‌നമുണ്ടായിരുന്നു.

അതും എല്ലാ ഷോട്ടിലും എല്ലാ ഡയലോഗുകളിലും പ്രയാസമായിരുന്നുവെന്ന് ഞാന്‍ പറയില്ല. ഒരു സീന്‍ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് അവര്‍ ‘ഇത് നല്ലൊരു സീനാണ്’ എന്ന് പറഞ്ഞുവെന്ന് കരുതുക. അവിടെയാണ് എനിക്ക് പ്രശ്‌നം.

അവര്‍ എഴുതിയ ഏറ്റവും നല്ലൊരു സീനാണ് അതെന്ന തോന്നല്‍ അവര്‍ക്ക് ഉണ്ടാകും. അപ്പോള്‍ ഞാന്‍ ആ സീനിന്റെ ഭാഗമാകാന്‍ പോകുമ്പോള്‍ എനിക്ക് എക്‌സ്ട്രാ ഒരു ബാധ്യത കൂടെയുണ്ടാകും.

ആ സീന്‍ ആദ്യമേ തന്നെ നല്ലതാണ് എന്ന അഭിപ്രായം വന്നതാണ്. അങ്ങനെയുള്ളപ്പോള്‍ ആ സീന്‍ ചെയ്യുമ്പോള്‍ ഞാന്‍ അത് നന്നാക്കിയില്ലെങ്കില്‍ തീര്‍ന്നില്ലേ കാര്യം. ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം എങ്ങനെയാണ് പറയേണ്ടതെന്ന് എനിക്ക് അറിയില്ല.

വടക്കന്‍ സെല്‍ഫിയുടെ സമയത്ത് ഇതേ പ്രശ്‌നം ഉണ്ടായിരുന്നു. ഒരു ദിവസം വിനോദേട്ടന്‍ (പ്രൊഡ്യൂസര്‍ വിനോദ് ഷൊര്‍ണൂര്‍) വന്നിട്ട് ‘കലക്കന്‍ സീനാണ് അടുത്തതായി എടുക്കാന്‍ പോകുന്നത്. കലക്കണം’ എന്ന് പറഞ്ഞു. നാളെ എടുക്കാന്‍ പോകുന്ന സീനിനെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്.

ഒരുപക്ഷെ ഞാന്‍ ആ കാര്യം അറിയാതെയാണ് ചെയ്യുന്നതെങ്കില്‍ എനിക്ക് കുഴപ്പം ഉണ്ടാകില്ലായിരുന്നു. എപ്പോഴത്തേയും പോലെ ചെന്ന് വളരെ ലാഘവത്തോടെ ആ സീന്‍ ഞാന്‍ ചെയ്‌തേനേ. ഇത് ആ സീന്‍ കലക്കണമെന്ന് ആദ്യമേ പറഞ്ഞു.

അവര്‍ പ്രതീക്ഷിക്കുന്നത് പോലെ തന്നെ നമ്മള്‍ ചെയ്യേണ്ടെ. അത് എന്നെ എപ്പോഴും കൂടുതല്‍ ഭയപ്പെടുത്താറുണ്ട്. അതുകൊണ്ട് ഒരു സിനിമയും ഒരു റോളും എളുപ്പമാണെന്ന് ഞാന്‍ പറയില്ല. പിന്നെ എനിക്ക് തോന്നുന്നത് ഞാന്‍ ഏറ്റവും എളുപ്പത്തില്‍ അഭിനയിക്കുന്നത് പരസ്യങ്ങളിലാണ്. കാരണം പ്രേക്ഷകര്‍ വന്നിട്ട് ‘അതെന്താടോ അങ്ങനെ ചെയ്തത്’ എന്ന് ചോദിക്കില്ലല്ലോ,’ അജു വര്‍ഗീസ് പറയുന്നു.


Content Highlight: Aju Varghese Talks About Oru Vadakkan Selfi

We use cookies to give you the best possible experience. Learn more