എന്റെ ചെലവിൽ അവർ അങ്ങനെ ഫെയ്മസ് ആവണ്ട, ഞാൻ വൈറലാകാൻ വേണ്ടി ഇടുന്ന വീഡിയോയാണ്: അജു വർഗീസ്
Malayalam Cinema
എന്റെ ചെലവിൽ അവർ അങ്ങനെ ഫെയ്മസ് ആവണ്ട, ഞാൻ വൈറലാകാൻ വേണ്ടി ഇടുന്ന വീഡിയോയാണ്: അജു വർഗീസ്
നന്ദന എം.സി
Sunday, 3rd May 2026, 10:15 am

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് അജു വർഗീസ്. കരിയറിന്റെ തുടക്കത്തിൽ ഹാസ്യ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരം, പിന്നീട് ഗൗരവമുള്ള കഥാപാത്രങ്ങളിലൂടെയും തന്റെ അഭിനയ മികവ് തെളിയിച്ചു.

സിനിമയും കുടുംബജീവിതവും ഒരുപോലെ സന്തോഷത്തോടെ കൊണ്ടുപോകുന്ന അജു വർഗീസ് ഇപ്പോൾ തന്റെ മക്കളെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

അജു വർഗീസ്, Photo: Aju varghese/ Facebook

ഒരു അഭിമുഖത്തിനിടെ അവതാരക ചോദിച്ച ചോദ്യത്തിനായിരുന്നു അജു വർഗീസിന്റെ രസകരമായ മറുപടി. തന്റെ മക്കൾ തന്റെ പേരിൽ പ്രശസ്തരാകരുതെന്നും, അവർ സ്വന്തമായി എന്തെങ്കിലും നേടി അറിയപ്പെടണമെന്നുമാണ് താരം പറഞ്ഞത്. സോഷ്യൽ മീഡിയയിലൂടെ താരപുത്രന്മാർ വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന കാലഘട്ടത്തിലാണ് അജുവിന്റെ ഈ പ്രതികരണം ശ്രദ്ധ നേടുന്നത്.

‘എന്റെ ചെലവിൽ അവരങ്ങനെ ഫെയ്മസ് ആവണ്ട. ഞാൻ ഫെയ്മസ് ആവാൻ വേണ്ടി ഇടുന്ന വീഡിയോ അല്ലേ? മക്കൾ അവരുടെ വീഡിയോ ഇടാത്തതിൽ കംപ്ലയിന്റ് ഒന്നും ചെയ്തിട്ടില്ല. കാരണം അവർക്ക് അതിനുള്ള പ്രായമായിട്ടില്ല. ഇതിനൊക്കെ ഒരു ഗുണമുണ്ടെന്ന് അവർക്കിപ്പോൾ അറിയില്ലായിരിക്കാം. ഇനി അങ്ങനെ അറിഞ്ഞാലും ഞാൻ കൊടുക്കില്ല,’ എന്നായിരുന്നു അജു വർഗീസിന്റെ തമാശ നിറഞ്ഞ മറുപടി.

അജു വർഗീസ് കുടുംബത്തോടൊപ്പം, Photo: X.com

താരത്തിന്റെ വാക്കുകൾക്ക് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്. കുട്ടികളെ ചെറുപ്പത്തിൽ തന്നെ സോഷ്യൽ മീഡിയയിലേക്ക് തള്ളിവിടാതെ, സ്വന്തം കഴിവിൽ വളരാൻ അനുവദിക്കണമെന്ന ചിന്താഗതിയാണ് പലരും പ്രശംസിക്കുന്നത്. പ്രശസ്തനായ അച്ഛന്റെ പേരിൽ അറിയപ്പെടുന്നതിന് പകരം, സ്വന്തം കാലിൽ നിൽക്കണം എന്ന സന്ദേശമാണ് അജു പറഞ്ഞതെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു.

അതേസമയം സിനിമ രംഗത്തും അജു വർഗീസ് വലിയ തിരക്കിലാണ്. അടുത്തിടെ റിലീസായ വാഴ 2 എന്ന ചിത്രത്തിലാണ് താരം അവസാനമായി എത്തിയത്. വിപിൻ ദാസ് ഒരുക്കിയ തിരക്കഥയ്ക്ക് സവിൻ സ സംവിധാനം നിർവഹിച്ച ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. സോഷ്യൽ മീഡിയ റീൽസിലൂടെ ശ്രദ്ധ നേടിയ ഹാഷിർ, അലൻ, അജുവിൻ, വിനായക് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് ചിത്രം കാഴ്ച വെക്കുന്നത്. 200 കോടിയ്ക്ക് മുകളിലെ കളക്ഷൻ നേടിയ ചിത്രം ഇപ്പോഴും ഹൗസ്‌ഫുൾ പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ ബിജുക്കുട്ടൻ, വിജയ് ബാബു എന്നിവർക്കൊപ്പം അജു വർഗീസും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

Content Highlight: Aju Varghese talks about his family

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.