| Saturday, 18th January 2025, 11:33 am

ആ സിനിമയുടെ പരാജയം ധ്യാനിനെ വല്ലാതെ തളര്‍ത്തി, നെപ്പോകിഡാണെന്ന് പറഞ്ഞാലും അവനും ഒരുപാട് കഷ്ടപ്പെടുന്നുണ്ട്: അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോമഡി ആര്‍ട്ടിസ്റ്റായി കരിയര്‍ ആരംഭിച്ച നടനാണ് അജു വര്‍ഗീസ്. ഹെലന്‍ എന്ന ചിത്രത്തിലൂടെ നെഗറ്റീവ് വേഷവും കമലയിലൂടെ നായകവേഷവും തനിക്ക് ചേരുമെന്ന് അജു വര്‍ഗീസ് തെളിയിച്ചു. ഹോട്‌സ്റ്റാറിലൂടെ റിലീസായ കേരള ക്രൈം ഫയല്‍സ് എന്ന വെബ് സീരീസിലെ നായകനായി പ്രേക്ഷകരെ ഞെട്ടിക്കാനും അജുവിന് സാധിച്ചു.

സിനിമയിലെ തന്റെ അടുത്ത സുഹൃത്തും നടനുമായ ധ്യാന്‍ ശ്രീനിവാസനെക്കുറിച്ച് സംസാരിക്കുകയാണ് അജു വര്‍ഗീസ്. നെപ്പോകിഡാണെന്ന് പറഞ്ഞ് പലരും കളിയാക്കുമെങ്കിലും ധ്യാന്‍ സിനിമയില്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്ന് അജു വര്‍ഗീസ് പറഞ്ഞു. തിര, കുഞ്ഞിരാമായണം, അടി കപ്യാരേ കൂട്ടമണി എന്നീ സിനിമകളെല്ലാം ധ്യാനിന്റെ ഹിറ്റ് ചിത്രങ്ങളായിരുന്നെന്ന് അജു വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.

ധ്യാന്‍ ശ്രീനിവാസന്‍ പിന്നീട് നയകനായെത്തിയ ഒരേമുഖം കേരളത്തില്‍ ആദ്യദിവസം പലയിടത്തും ഹൗസ്ഫുള്ളായിരുന്നെന്നും അജു വര്‍ഗീസ് പറഞ്ഞു. പിന്നീട് ധ്യാന്‍ ആദ്യമായി തിരക്കഥയെഴുതിയ ഗൂഢാലോചന എന്ന ചിത്രം വലിയ പരാജയമായി മാറിയെന്നും അത് ധ്യാനിനെ വല്ലാതെ ബാധിച്ചെന്നും അജു വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.

അലസനാണെന്നൊക്കെ പലരും പറയുമെങ്കിലും ലവ് ആക്ഷന്‍ ഡ്രാമ പോലെ വലിയൊരു സിനിമ സംവിധാനം ചെയ്തയാളാണ് ധ്യാനെന്നും അജു പറഞ്ഞു. എത്രയൊക്കെ അടുത്ത സുഹൃത്തുക്കളാണെന്ന് പറഞ്ഞാലും സെറ്റിലെത്തുമ്പോള്‍ നയന്‍താര, നിവിന്‍ പോളി, ശ്രീനിവാസന്‍ തുടങ്ങിയ ആര്‍ട്ടിസ്റ്റുകളെ വെച്ച് സീനെടുക്കുക എന്നത് ചെറിയ പണിയല്ലെന്നും ആ കഷ്ടപ്പാട് സിനിമ വിജയിക്കാന്‍ കാരണമായെന്നും അജു കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്.

‘ധ്യാനിനെ പലരും അലസന്‍, മടിയന്‍, നെപ്പോകിഡ് എന്നൊക്കെ വിളിക്കുന്നത് കേള്‍ക്കാം. പക്ഷേ അവന് സിനിമയോട് വലിയ പാഷനുണ്ട്. കരിയറിന്റെ തുടക്കത്തില്‍ അവന്‍ വളരെ ശ്രദ്ധിച്ചാണ് ഓരോ പടവും ചെയ്തിരുന്നത്. കുഞ്ഞിരാമായണം, തിര, അടി കപ്യാരേ കൂട്ടമണിയൊക്കെ നല്ല സിനിമകളായിരുന്നു. അതെല്ലാം ഹിറ്റായതുമാണ്.

എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്, ഒരേമുഖം എന്ന സിനിമ ആദ്യത്തെ ദിവസം കേരളത്തില്‍ പലയിടത്തും ഹൗസ്ഫുള്ളായിരുന്നു. പിന്നീട് ഗൂഢാലോചന എന്ന പടം ഇറങ്ങിയപ്പോള്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല. അത് അവനെ ബാധിച്ചിട്ടുണ്ട്. അലസനാണെന്ന് പറയുമെങ്കിലും ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമ സംവിധാനം ചെയ്ത് ഹിറ്റാക്കിയ ആളാണ് ധ്യാന്‍.

റൂമിലിരിക്കുമ്പോള്‍ തമാശയൊക്കെ പറഞ്ഞ് ചിരിച്ച് ഇരുന്നാലും സെറ്റിലെത്തിയാല്‍ അവന്‍ നയന്‍താരയെയും നിവിനെയും ശ്രീനിയേട്ടനെയും പോലുള്ള ആര്‍ട്ടിസ്റ്റുകളെ വെച്ച് സീനെടുക്കേണ്ടതാണ്. അതില്‍ അവന്‍ നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. ആ കഷ്ടപ്പാട് തന്നെയാണ് ലവ് ആക്ഷന്‍ ഡ്രാമയുടെ വിജയത്തിന്റെ കാരണം,’ അജു വര്‍ഗീസ് പറയുന്നു.

Content Highlight: Aju Varghese says that Dhyan Sreenivasan is passionate to cinema

We use cookies to give you the best possible experience. Learn more