| Sunday, 20th April 2025, 8:41 am

ലാല്‍ സാറിനൊപ്പമുള്ള 25 ദിവസങ്ങള്‍, ഏറ്റവും സന്തോഷം തോന്നിയ ഫിലിം മൊമന്റ്: അജു വര്‍ഗീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് അജു വര്‍ഗീസ്. മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിച്ചത്.

പിന്നീട് കോമഡി റോളുകള്‍ മാത്രം ചെയ്ത അജു ഇപ്പോള്‍ അതില്‍ നിന്നൊക്കെ മാറി വ്യത്യസ്തമായ റോളുകളും മലയാളികള്‍ക്ക് നല്‍കുന്നുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങള്‍ക്കുമൊപ്പം അഭിനയിച്ച നടന്‍ കൂടിയാണ് അജു.

ഇപ്പോള്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച പെരുച്ചാഴി എന്ന സിനിമയെ കുറിച്ച് പറയുകയാണ് നടന്‍. ‘ഏറ്റവും സന്തോഷം തോന്നിയ ഫിലിം മൊമന്റ് ഏതാണ്’ എന്ന ചോദ്യത്തിന് ലൈഫ് നെറ്റ് ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മറുപടി നല്‍കുകയായിരുന്നു അജു വര്‍ഗീസ്.

‘ലാല്‍ സാറിന്റെ കൂടെ പെരുച്ചാഴി ചെയ്തത് ഏറ്റവും സന്തോഷം തോന്നിയ ഒരു നിമിഷമായിരുന്നു. അത്തരത്തില്‍ സന്തോഷം തോന്നിയ വേറെയും മൊമന്റുകളുണ്ട്.

പക്ഷെ അതില്‍ തന്നെ ഏറ്റവും മികച്ചതെന്ന് നമുക്ക് പറയാന്‍ സാധിക്കുന്നത് ലാല്‍ സാറിന്റെ കൂടെ പെരുച്ചാഴിയില്‍ അഭിനയിച്ചതായിരുന്നു. ഒരു പത്തിരുപത്തിയഞ്ച് ദിവസങ്ങളോളം അദ്ദേഹത്തിന്റെ കൂടെ സമയം ചെലവഴിക്കാന്‍ പറ്റി.

അദ്ദേഹത്തിന്റെ തിരക്കുകളില്‍ നിന്നെല്ലാം മാറി നിന്ന നിമിഷമായിരുന്നു അത്. നാട്ടിലുള്ളപ്പോള്‍ വരുന്ന അത്രയും കോളുകളോ അത്രയും തിരക്കോ ഫാന്‍സിന്റെ മീറ്റിങ്ങുകളോ അവിടെ ഉണ്ടായിരുന്നില്ല,’ അജു വര്‍ഗീസ് പറയുന്നു.

പെരുച്ചാഴി:

അരുണ്‍ വൈദ്യനാഥന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2014ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പെരുച്ചാഴി. മോഹന്‍ലാല്‍ നായകനായ ഈ സിനിമ നിര്‍മിച്ചത് ഫ്രൈഡേ ഫിലിം ഹൗസിന് വേണ്ടി സാന്ദ്ര തോമസും വിജയ് ബാബുവും ചേര്‍ന്നായിരുന്നു.

മോഹന്‍ലാലിനും അജു വര്‍ഗീസിനും പുറമെ സീന്‍ ജെയിംസ് സട്ടണ്‍, രാഗിണി നന്ദ്വാനി, മുകേഷ്, ബാബുരാജ്, വിജയ് ബാബു എന്നിവരും ഈ സിനിമയില്‍ പ്രധാനവേഷങ്ങളില്‍ എത്തിയിരുന്നു.

Content Highlight: Aju Varghese Says Mohanlal’s Peruchazhi Movie Is A Film Moment That Makes Him Happy

We use cookies to give you the best possible experience. Learn more