| Tuesday, 4th March 2025, 4:23 pm

കുലപുരുഷനില്‍ നിന്ന് മനുഷ്യനായി മാറുന്ന കഥാപാത്രം, പപ്പേട്ടന്‍ പൊളിയാണ്

അമര്‍നാഥ് എം.

വിഷ്ണു രാഘവ് സംവിധാനം ചെയ്ത് ജിയോ ഹോട്ട്‌സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ച വെബ് സീരീസാണ് ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍. നീരജ് മാധവ്, ഗൗരി കിഷന്‍, അജു വര്‍ഗീസ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ സീരീസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രവാസിയായ വിനോദിന്റെ പ്രണയവും വീടുപണിയുമാണ് സീരീസിന്റെ ഇതിവൃത്തം.

സീരീസിലെ നായകന്‍ നീരജാണെങ്കിലും കാണുന്ന പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായത് അജു വര്‍ഗീസ് അവതരിപ്പിച്ച പപ്പന്‍ എന്ന കഥാപാത്രമാണ്. ഏറെക്കാലത്തിന് ശേഷം ഫണ്ണിയായിട്ടുള്ള അജുവിനെ ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷനിലൂടെ കാണാന്‍ സാധിച്ചു. ഒരുപാട് ലെയറുകളുള്ള മികച്ച കഥാപാത്രമാണ് പപ്പന്‍. ഒരുപക്ഷേ, നമ്മുടെ ചുറ്റുവട്ടത്ത് തന്നെയുള്ള എല്ലാ കാര്യത്തിനും സഹായിക്കാന്‍ നില്‍ക്കുന്ന ഒരുപാട് പപ്പന്മാരെ കാണാന്‍ സാധിക്കും.

സീരീസിലെ ഏറ്റവും മികച്ച ക്യരക്ടര്‍ ആര്‍ക് ലഭിച്ചതും അജുവിന് തന്നെയാണ്. സീരീസിന്റെ തുടക്കത്തില്‍ സദാചാര പൊലീസിങ്ങിനെ സപ്പോര്‍ട്ട് ചെയ്യുന്ന, സ്ത്രീകള്‍ കുടുംബത്തിലെ പണികള്‍ എടുക്കേണ്ടവരാണെന്ന് കരുതുന്ന ടിപ്പിക്കല്‍ കുലപുരുഷനാണ് പപ്പന്‍. എട്ട് തവണ പെണ്ണുകാണാന്‍ പോയിട്ടും ഒരാളെപ്പോലും ഇഷ്ടമാകാത്ത പപ്പന് അതിന്റേതായ കാരണങ്ങളുണ്ട്.

എന്നാല്‍ സീരീസ് മുന്നോട്ടുപോകുന്തോറും അയാളുടെ ചിന്തകള്‍ക്ക് വരുന്ന മാറ്റം വളരെ കൃത്യമായി അടയാളപ്പെടുത്താന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. സ്ത്രീകളെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ വരുന്ന മാറ്റമാണ് അതില്‍ പ്രധാനം. ഗൗരിയുടെ കഥാപാത്രത്തെക്കുറിച്ച് പപ്പന്‍ ആദ്യം പറയുന്ന കാര്യങ്ങള്‍ പിന്നീട് തെറ്റാണെന്ന് സ്വയം മനസിലാക്കുന്ന ഭാഗങ്ങള്‍ വളരെ മനോഹരമായി കാണിച്ചിട്ടുണ്ട്.

പപ്പന്റെ ജീവിതത്തില്‍ വന്നുപോകുന്ന വിനോദിനും ഗൗരിക്കും പുറമെ ലിസി എന്ന കഥാപാത്രത്തിനും അയാളുടെ സ്വഭാവമാറ്റത്തില്‍ വലിയൊരു പങ്കുണ്ട്. പ്രോഗ്രസീവായി ചിന്തിക്കാന്‍ പപ്പനെ സ്വാധീനിച്ചവരില്‍  ഒരാളായ ലിസിയെ അയാള്‍ തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്ന രംഗമെല്ലാം കാണാന്‍ തന്നെ രസമായിരുന്നു.

പപ്പന്‍ എന്തുകൊണ്ട് റിഗ്രസീവി ചിന്തകളുള്ള കുലപുരുഷനായി എന്നതിനുള്ള കാരണം പറയാതെ പറയാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. അനിയനെക്കാളുപരി സുഹൃത്തിനെപ്പോലെ കൂടെ നിന്നിരുന്ന വിനോദ് ദുബായിലേക്ക് പോയതോടെ പപ്പന് ആ നാട്ടില്‍ സുഹൃത്തുക്കളില്ലാത്ത അവസ്ഥ വരികയാണ്. എന്നും കാണുന്ന അമ്മയും അവര്‍ മറ്റുള്ളവരെപ്പറ്റി പറയുന്ന കുറ്റങ്ങലും കേട്ടാണ് പപ്പന്‍ കുലപുരുഷനാകുന്നത്.

വിനോദും ഗൗരിയും നാട്ടിലേക്ക് വന്നതിന് ശേഷം അവരുടെ എല്ലാ കാര്യത്തിനും കൂടെ നില്‍ക്കുന്നത് പപ്പനാണ്. ഇത്രയും കാലം താന്‍ ശരിയാണെന്ന് കരുതിയ പല കാര്യങ്ങളും തെറ്റാണെന്ന് പപ്പന് ബോധ്യമാകുന്നത് അതിന് ശേഷമാണ്. മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കണമെന്നും പൊളിറ്റിക്കലി കറക്ടായി ചിന്തിക്കണമെന്നൊക്കെ സ്വന്തം അമ്മയോട് പപ്പന്‍ ഉപദേശിക്കുന്നത് വിനോദിന്റെയും ഗൗരിയുടെയും ലിസിയുടെയുമൊക്കെ വരവിന് ശേഷമാണ്.

റിസപ്ഷന് ലിസിയുടെ ഡാന്‍സിന് കൈയടിക്കുന്ന, ചുറ്റുമുള്ളവരുടെ തുറിച്ചുനോട്ടത്തെ കാര്യമാക്കാതെ അവളെ സപ്പോര്‍ട്ട് ചെയ്യുന്ന പപ്പനെ കാണുമ്പോള്‍ നമ്മളും കൈയടിക്കും.

Content Highlight: Aju Varghese’s character arc in Love Under Construction

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more