അജുവിന് ഡാന്‍സും വശമുണ്ടോ; ദളപതി കച്ചേരിയുമായി അജു വര്‍ഗീസ്, കമന്റുമായി നിവിന്‍ പോളി
Malayalam Cinema
അജുവിന് ഡാന്‍സും വശമുണ്ടോ; ദളപതി കച്ചേരിയുമായി അജു വര്‍ഗീസ്, കമന്റുമായി നിവിന്‍ പോളി
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 31st December 2025, 7:45 am

ഏത് ഭാഷയെന്നോ ഇന്‍ഡസ്ട്രിയെന്നോ വ്യത്യാസമില്ലാതെ സിനിമാ ആരാധകര്‍ അങ്ങേയറ്റം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തമിഴ് സൂപ്പര്‍ താരം വിജയ്‌യുടെ ജന നായകന്‍. രാഷ്ട്രീയ പ്രവേശത്തോടെ സിനിമയോട് വിട പറയുന്ന ദളപതിയുടെ അവസാന സിനിമയുടെ ഓഡിയോ ലോഞ്ചടക്കം ഓരോ അപ്‌ഡേഷനും ആരാധകര്‍ വലിയ ആഘോഷമാക്കിയിരുന്നു.

Photo: screen grab/ T series/ youtube.com

ഇപ്പോഴിതാ മലയാളത്തിന്റെ സൂപ്പര്‍ താരം അജു വര്‍ഗീസും ചിത്രത്തിലെ വിജയ്‌യുടെ തകര്‍പ്പന്‍ ഡാന്‍സുമായി രംഗത്തെത്തിയിരിക്കുകയാണ്. ജന നായകന്‍ സിനിമയിലെ ഇതിനോടകം പുറത്തിറങ്ങിയ ദളപതി കച്ചേരി ഗാനത്തിന് ചുവടുവെക്കുന്ന അജു വര്‍ഗീസിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

കഴിഞ്ഞ ദിവസം മലേഷ്യയില്‍ നടന്ന ജന നായകന്റെ ഓഡിയോ ലോഞ്ചില്‍ വിജയ് നൃത്തം ചെയ്യുന്ന വീഡിയോ വലിയ രീതിയില്‍ വൈറലായിരുന്നു. വില്‍ മിസ് യുവര്‍ മൂവി സര്‍ എന്ന അടിക്കുറിപ്പോടെ ഗാനത്തിന് ചുവട് വെക്കുന്ന അജുവിന്റെ വീഡിയോക്ക് താഴെ ഒട്ടനവധി പേരാണ് ഇതിനോടകം കമന്റുമായി എത്തിയിരിക്കുന്നത്.

അജുവിന്റെ ഉറ്റസുഹൃത്തായ നടന്‍ നിവിന്‍ പോളിയുടെ കമന്റാണ് ഇതില്‍ പ്രധാനപ്പെട്ടത്. ‘നീ മരണമാസ്സ് ആടാ, വേറെ ലെവലാടാ നീ’ എന്നാണ് അജുവിന്റ വീഡിയോക്ക് താഴെയുള്ള നിവിന്റെ കമന്റ്. കമന്റിന് മറുപടി നല്‍കാനും അജു മറന്നിട്ടില്ല, എന്നെ പ്രോത്സാഹിപ്പിക്കുകയാണല്ലേ എന്ന അജുവിന്റെ ചോദ്യവും സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നുണ്ട്.

Photo: screen grab/ T series/ youtube.com

2025 അവസാനം ബോക്‌സ് ഓഫീസ് അജുവും നിവിനും ചേര്‍ന്ന് തൂക്കിയെന്നും ഇന്‍സ്റ്റഗ്രാം അജു ഒറ്റക്ക് തൂക്കിയെന്നുമാണ് ഒരു ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ നിന്നുമുള്ള കമന്റ്. അഖില്‍ സത്യന്റെ സംവിധാനത്തില്‍ നിവിന്‍ പോളി-അജു വര്‍ഗീസ് കൂട്ടുകെട്ടിലൂടെ പുറത്തിറങ്ങിയ സര്‍വ്വം മായ മികച്ച അഭിപ്രായം നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്.

മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ മലയാളികള്‍ക്ക് മുമ്പിലേക്ക് എത്തിയ ഇരുതാരങ്ങളും ഇതിനോടകം തന്നെ മലയാളി സിനിമ പ്രേക്ഷകരുടെ ഇഷ്ടകോംബോയില്‍ ഒന്നായി മാറിയിരുന്നു. ഹൊറര്‍ കോമഡി ഴോണറില്‍ പെടുന്ന ചിത്രത്തില്‍ ജനാര്‍ദ്ദനന്‍, മധു വാര്യര്‍, റിയ ഷിബു തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

Content Highlight: Aju Varghese dance for Thalapathy kacheri song

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.