| Sunday, 12th January 2025, 8:48 pm

എന്നെക്കണ്ടാല്‍ വില്ലനാണെന്ന് പ്രേക്ഷകര്‍ക്ക് തോന്നും എന്ന കാരണം കൊണ്ട് മാത്രമാണ് ആ സിനിമയില്‍ കാസ്റ്റ് ചെയ്തത്: അജ്മല്‍ അമീര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രണയകാലം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് അജ്മല്‍ അമീര്‍. കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച വേഷങ്ങള്‍ അജ്മലിനെ തേടിയെത്തിയിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അജ്മല്‍ തന്റെ സാന്നിധ്യമറിയിച്ചു. കെ.വി. ആനന്ദ് സംവിധാനം ചെയ്ത കോ എന്ന ചിത്രത്തില്‍ നായകതുല്യമായ വേഷം ചെയ്ത് തമിഴില്‍ അജ്മല്‍ ശ്രദ്ധേയനായി.

കഴിഞ്ഞ വര്‍ഷത്തെ വന്‍ വിജയങ്ങളിലൊന്നായ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിലും അജ്മലിന്റെ സാന്നിധ്യമുണ്ടായിരുന്നു. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തുവന്നപ്പോള്‍ അജ്മല്‍ അമീറാകും വില്ലനെന്നുള്ള തരത്തില്‍ പല റൂമറുകളുമുണ്ടായിരുന്നു. എന്നാല്‍ അവയെല്ലാം തെറ്റാണെന്ന് റിലീസിന് ശേഷം ബോധ്യപ്പെട്ടു. പ്രേക്ഷകരുടെ പ്രതീക്ഷകളെ തകിടം മറിച്ച വേഷമായിരുന്നു ഗോട്ടില്‍ അജ്മല്‍ അമീര്‍ അവതരിപ്പിച്ച അജയ് എന്ന കഥാപാത്രം.

തന്നെ ആ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തത് തന്നെ വില്ലനാണെന്ന് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാനായിരുന്നെന്ന് അജ്മല്‍ അമീര്‍ പറഞ്ഞു. തന്റെ ഫോട്ടോ കാണുമ്പോള്‍ കൂടെ നിന്ന് ചതിക്കുന്ന വില്ലനാകുമെന്ന് പ്രേക്ഷകര്‍ കരുതുമെന്നും എന്നാല്‍ താന്‍ പോസിറ്റീവ് വേഷമാണ് ചെയ്യുന്നതെന്ന് സിനിമ കാണുമ്പോള്‍ മാത്രമേ പലര്‍ക്കും മനസിലായുള്ളൂവെന്നും അജ്മല്‍ അമീര്‍ കൂട്ടിച്ചേര്‍ത്തു.

വില്ലന്‍ വേഷങ്ങള്‍ ചെയ്യില്ലെന്ന് തീരുമാനിച്ചതിന് ശേഷം തന്നെ തേടി വന്ന കഥയായിരുന്നു ഗോട്ടെന്നും കഥാപാത്രത്തെപ്പറ്റി കേട്ടപ്പോള്‍ തനിക്ക് ഒരുപാട് ഇഷ്ടമായെന്നും അജ്മല്‍ അമീര്‍ പറഞ്ഞു. അതിന്റെ അണിയറപ്രവര്‍ത്തകര്‍ തന്റെ കഥാപാത്രത്തെക്കൊണ്ട് എന്താണോ ഉദ്ദേശിച്ചത് അത് വര്‍ക്കൗട്ടായെന്നു അജ്മല്‍ അമീര്‍ കൂട്ടിച്ചേര്‍ത്തു. എസ്.എസ്. മ്യൂസിക്കിനോട് സംസാരിക്കുകയായിരുന്നു അജ്മല്‍ അമീര്‍.

‘ഗോട്ടിന്റെ പോസ്റ്ററില്‍ എന്നെ കണ്ടപ്പോള്‍ പലരും വിചാരിച്ചത് ഞാനാകും മെയിന്‍ വില്ലനെന്നാണ്. കോയില്‍ അങ്ങനെയായിരുന്നല്ലോ. പിന്നീട് എന്നെ ഏത് സിനിമയില്‍ കണ്ടാലും വില്ലനാണെന്നേ ധരിക്കുള്ളൂ. ഗോട്ടിന്റെ മേക്കേഴ്‌സിന് വേണ്ടതും അതായിരുന്നു. എന്നെ കാണുമ്പോള്‍ മെയിന്‍ വില്ലന്‍ ഞാനാണെന്ന് കാണിക്കുന്നതായിരിക്കും ട്വിസ്‌റ്റെന്ന് പലരും ധരിച്ചു.

എന്നാല്‍ എന്റേത് നെഗറ്റീവ് ക്യാരക്ടറല്ല എന്നതായിരുന്നു ട്വിസ്റ്റ്. ഞാനും വില്ലന്‍ വേഷങ്ങളെല്ലാം വേണ്ടെന്ന് തീരുമാനിച്ച് നില്‍ക്കുന്ന സമയത്ത് തന്നെയാണ് ഗോട്ടിലെ ക്യാരക്ടര്‍ എന്നെ തേടി വന്നത്. വില്ലന്‍ വേഷങ്ങള്‍ ചെയ്ത് ടൈപ്പ്കാസ്റ്റ് ആയിപ്പോയ അവസരത്തിലാണ് അത്തരത്തിലൊരു തീരുമാനം എടുക്കേണ്ടി വന്നത്,’ അജ്മല്‍ അമീര്‍ പറഞ്ഞു.

Content Highlight: Ajmal Ameer explains why he select the character in The Greatest of All Time

We use cookies to give you the best possible experience. Learn more