ഇന്നലെ വരെ അജിത്തിന്റെ ഡയലോഗ്, ഇനി അത് ചേരുന്നത് വിജയ്ക്ക്, മലേഷ്യയെ ഇളക്കിമറിച്ച് ദളപതി എന്‍ട്രി
Indian Cinema
ഇന്നലെ വരെ അജിത്തിന്റെ ഡയലോഗ്, ഇനി അത് ചേരുന്നത് വിജയ്ക്ക്, മലേഷ്യയെ ഇളക്കിമറിച്ച് ദളപതി എന്‍ട്രി
അമര്‍നാഥ് എം.
Saturday, 27th December 2025, 8:54 am

തമിഴ് സിനിമാലോകം മലേഷ്യയിലേക്ക് ശ്രദ്ധ നല്‍കുന്ന ദിവസമാണ് ഇന്ന്. തമിഴ് ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറായ വിജയ്‌യുടെ ജന നായകന്‍ സിനിമയുടെ ഓഡിയോ ലോഞ്ചിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. 85,000 പേര്‍ക്ക് ഇരിക്കാനാകുന്ന ജലീല്‍ ബുകിത് സ്റ്റേഡിയം നിറഞ്ഞുകവിയുമെന്നാണ് സംഘാടകര്‍ പറയുന്നത്.

ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാന്‍ വിജയ് അടക്കമുള്ള അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം മലേഷ്യയിലെത്തിയിരുന്നു. ഇഷ്ടനടനെ ഒരുനോക്ക് കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് എയര്‍പോര്‍ട്ടിലും ഹോട്ടലിലും തടിച്ചുകൂടിയത്. വിജയ്‌യുടെ വരവ് പരമാവധി ആഘോഷമാക്കാനാണ് ആരാധകര്‍ പദ്ധതിയിടുന്നത്.

ഗുഡ് ബാഡ് അഗ്ലി Photo: Screen grab/ Aswin Talks

അജിത് നായകനായ ഗുഡ് ബാഡ് അഗ്ലിയിലെ ഹിറ്റ് ഡയലോഗ് കഴിഞ്ഞദിവസം മുതല്‍ വിജയ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തില്‍ അര്‍ജുന്‍ ദാസിന്റെ കഥാപാത്രത്തോട് ഷൈന്‍ ടോം ചാക്കോ പറയുന്ന ‘മൊത്തം മലേഷ്യാവും അവരുടേത് താന്‍ ഡാ’ എന്ന് ഡയലോഗ് വിജയ്ക്ക് നന്നായി ചേരുമെന്നാണ് ആരാധകര്‍ വാദിക്കുന്നത്.

ഗുഡ് ബാഡ് അഗ്ലിയിലെ ഡയലോഗും വിജയ്‌യുടെ എന്‍ട്രിയും മിക്‌സ് ചെയ്തുകൊണ്ടുള്ള വീഡിയോക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ റീച്ചാണ്. തമിഴ് സിനിമ ഇന്നേവരെ കാണാത്ത ഗ്രാന്‍ഡ് ഇവന്റായാണ് ഓഡിയോ ലോഞ്ച് അരങ്ങേറുക. വിജയ്‌യുടെ കരിയറിലെ ഹിറ്റ് ഗാനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ‘ദളപതി കച്ചേരി’ എന്ന പേരില്‍ ഒരു കണ്‍സേര്‍ട്ടും ഓഡിയോ ലോഞ്ചിന്റെ ഭാഗമായി നടത്തുന്നുണ്ട്.

വിജയ്‌ Photo: Southwood/ X.com

ഉച്ചക്ക് രണ്ട് മണിക്കാണ് കണ്‍സേര്‍ട്ട് ആരംഭിക്കുക. ഇന്ത്യന്‍ സമയം വൈകിട്ട് ആറ് മണിയോടെ ഓഡിയോ ലോഞ്ച് ആരംഭിക്കും. ആരാധകര്‍ ഏറെ കാത്തിരിക്കുന്ന വിജയ്‌യുടെ പ്രസംഗം രാത്രി ഒമ്പതരയോടെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദളപതിയുടെ അവസാന കുട്ടി സ്റ്റോറി കേള്‍ക്കാന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

തമിഴ് സിനിമ ഇന്നേവരെ കാണാത്ത ഗംഭീര ഇവന്റാണ് നടക്കുന്നത്. ജന നായകന്റെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം സംവിധായകരായ അറ്റ്‌ലീ, നെല്‍സണ്‍, ലോകേഷ് കനകരാജ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ഇതുവരെ ചിത്രത്തിന്റേതായി മൂന്ന് ഗാനങ്ങള്‍ പുറത്തിറങ്ങിക്കഴിഞ്ഞു. ഇനി രണ്ട് ഗാനങ്ങള്‍ കൂടി ഇന്നത്തെ ഓഡിയോ ലോഞ്ചില്‍ പുറത്തിറക്കും.

ജന നായകന്‍ Photo: KVN Productions/ X.com

എച്ച്. വിനോദാണ് ജന നായകന്‍ അണിയിച്ചൊരുക്കുന്നത്. തെലുങ്ക് ചിത്രം ഭഗവന്ത് കേസരിയുടെ റീമേക്കാണ് ജന നായകനെന്ന് അഭ്യൂഹങ്ങളുണ്ട്. 450 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡേയാണ് നായിക. മമിത ബൈജു, ബോബി ഡിയോള്‍, പ്രിയാമണി, പ്രകാശ് രാജ്, നരേന്‍ തുടങ്ങി വന്‍ താരനിര ജന നായകനില്‍ അണിനിരക്കുന്നുണ്ട്.

Content Highlight: Ajith’s buildup dialogue in Good Bad Ugly added for Vijay’s entry in Malaysia

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം