| Friday, 10th January 2025, 10:06 pm

അടുത്ത ഒമ്പത് മാസത്തേക്ക് ഒരു സിനിമയും കമ്മിറ്റ് ചെയ്യുന്നില്ല, എന്റെ ലക്ഷ്യം വേറൊന്നാണ്: അജിത് കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴില്‍ ഏറ്റവുമധികം ഫാന്‍ ഫോളോയിങ്ങുള്ള നടനാണ് അജിത് കുമാര്‍. ഫാന്‍സ് ക്ലബ്ബുകള്‍ പിരിച്ചുവിട്ടിട്ടും ഓഡിയോ ലോഞ്ച് പോലുള്ള പ്രൊമോഷന് പങ്കെടുക്കാതിരുന്നിട്ടും താരത്തിന്റെ ജനപ്രീതിക്ക് കുറവ് സംഭവിച്ചിട്ടില്ല. സിനിമയോടൊപ്പം തന്റെ പാഷനായ യാത്രകളും ഒരുപോലെ കൊണ്ടുനടക്കുന്ന അജിത്തിനെ സ്നേഹപൂര്‍വം തലയെന്ന് ആരാധകര്‍ അഭിസംബോധന ചെയ്തിരുന്നു. എന്നാല്‍ ആ പേരും തന്നെ വിളിക്കരുതെന്ന് ആരാധകരോട് അജിത് ആവശ്യപ്പെട്ടിരുന്നു.

അടുത്തിടെ അജിത് സ്വന്തമായി റേസിങ് ടീം ആരംഭിച്ചത് വലിയ വാര്‍ത്തയായിരുന്നു. അജിത് കുമാര്‍ റേസിങ് എന്ന പേരില്‍ ആരംഭിച്ച ടീം ഈ വര്‍ഷത്തെ പ്രധാന മത്സരങ്ങളില്‍ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു. ദുബായിലെ ഓട്ടോഗ്രാമില്‍ നടക്കുന്ന 24 ഹവര്‍ ചാമ്പ്യന്‍ഷിപ്പിലും യൂറോപ്യന്‍ 24 ഹവര്‍ ചാമ്പ്യന്‍ഷിപ്പിലും പങ്കെടുക്കുകയാണ് ലക്ഷ്യമെന്ന് അജിത് വ്യക്തമാക്കിയിരുന്നു.

തമിഴിലെ മുന്‍നിര താരമായി നില്‍ക്കുമ്പോള്‍ റേസിങ് എന്ന പാഷന്‍ എങ്ങനെ ഒപ്പം കൊണ്ടുപോകുന്നു എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് താരം. ആരെങ്കിലും പറയുന്നത് അതുപോലെ ചെയ്യുന്നത് തന്റെ ശീലമല്ലെന്നും ഇഷ്ടങ്ങള്‍ എല്ലാം ഒരുമിച്ചുകൊണ്ടുപോവുകയാണ് തന്റെ ലക്ഷ്യമെന്നും അജിത് പറഞ്ഞു. 2003ലും 201ലും സിനിമയോടൊപ്പം റേസിങ്ങും കൊണ്ടുപോയിട്ടുണ്ടായിരുന്നെന്നും അജിത് കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷത്തെ റേസിങ് സൈക്കിള്‍ അവസാനിക്കുന്നതുവരെ സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ലെന്നും അതുവരെ റേസിങ് മാത്രമാണ് ലക്ഷ്യമെന്നും അജിത് പറഞ്ഞു. രണ്ട് തോണികള്‍ ഒരുപോലെ ബാലന്‍സ് ചെയ്ത് കൊണ്ടുപോവുക ശ്രമകരമാണെന്നും എന്നാല്‍ തന്‍ രണ്ടും എന്‍ജോയ് ചെയ്യുന്നുണ്ടെന്നും അജിത് കൂട്ടിച്ചേര്‍ത്തു. റേസിങ് ചാമ്പ്യന്‍ഷിപ്പിനിടെ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അജിത് കുമാര്‍.

‘ആരെങ്കിലും എന്നോട് പറയുന്നത് കേട്ട് അതുപോലെ നടക്കാന്‍ എനിക്ക് താത്പര്യമില്ല. എന്താണോ എന്റെ ഇഷ്ടങ്ങള്‍ അതിനനുസരിച്ച് മുന്നോട്ടുപോവുന്നതാണ് എന്റെ ശീലം. സിനിമയും എനിക്ക് ഇഷ്ടമാണ്, റേസിങ്ങും ഇഷ്ടമാണ്. സിനിമയില്‍ മുന്നിട്ടു നില്‍ക്കുമ്പോള്‍ റേസിങ് ചാമ്പ്യന്‍ഷിപ്പിന് ഇറങ്ങുന്നത് ആദ്യമായിട്ടല്ല. 2003ല്‍ ഒരുപാട് ഹിറ്റ് സിനിമകള്‍ ചെയ്ത സമയത്ത് ആ വര്‍ഷത്തെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അതിനിടയില്‍ കമ്മിറ്റ് ചെയ്ത ഒരു സിനിമ കാരണം ആ വര്‍ഷത്തെ സൈക്കിള്‍ പൂര്‍ത്തിയാക്കന്‍ സാധിച്ചില്ല.

അതുപോലെ 2010ലും റേസിങ്ങിന് ഇറങ്ങിയിരുന്നു. അതും മറ്റ് ചില കാരണങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കാന്‍ പറ്റിയില്ല. എന്നാല്‍ ഈ വര്‍ഷത്തെ ചാന്വ്യന്‍ഷിപ്പ് സൈക്കിള്‍ പൂര്‍ത്തിയാകുന്നതുവരെ ഒരു സിനിമയും കമ്മിറ്റ് ചെയ്തിട്ടില്ല. രണ്ടും ഒരുപോലെ ബാലന്‍സ് ചെയ്തുകൊണ്ട് പോവുക എന്നത് കുറച്ച് ശ്രമകരമാണ്. പക്ഷേ, ഞാനത് എന്‍ജോയ് ചെയ്യുന്നുണ്ട്,’ അജിത് കുമാര്‍ പറഞ്ഞു.

Content Highlight: Ajith Kumar says he won’t commit any movies until October

We use cookies to give you the best possible experience. Learn more