19 വര്‍ഷത്തിന് ശേഷം അജിത് തമിഴ്‌നാട്ടില്‍ ഒന്നാമത്, വിജയ് സിനിമ ചെയ്യാത്തതുകൊണ്ടാണെന്ന് ആരാധകര്‍
Indian Cinema
19 വര്‍ഷത്തിന് ശേഷം അജിത് തമിഴ്‌നാട്ടില്‍ ഒന്നാമത്, വിജയ് സിനിമ ചെയ്യാത്തതുകൊണ്ടാണെന്ന് ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 16th December 2025, 6:51 pm

സിനിമാജീവിതത്തിന് ഇടേവള പ്രഖ്യാപിച്ചുകൊണ്ട് പൂര്‍ണമായും രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെന്ന് വിജയ് പ്രഖ്യാപിച്ചത് തമിഴ് സിനിമക്ക് വലിയ തിരിച്ചടിയാണ് നല്കിയിരിക്കുന്നത്. ഇന്‍ഡസ്ട്രിയില്‍ ഏറ്റവുമധികം റെവന്യൂ ഉണ്ടാക്കുന്ന വിജയ് സിനിമകളുടെ അഭാവം ബോക്‌സ് ഓഫീസിനെ ബാധിച്ചിരിക്കുകയാണ്.

എന്നാല്‍ വിജയ്‌യുടെ അസാന്നിധ്യം മറ്റ് താരങ്ങള്‍ക്ക് ഗുണം ചെയ്‌തെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. 19 വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ്‌നാട്ടില്‍ ഇയര്‍ ടോപ്പറെന്ന നേട്ടം തമിഴ് താരം അജിത് തന്റെ പേരിലാക്കിയിരിക്കുകയാണ്. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ഗുഡ് ബാഡ് അഗ്ലി തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 170 കോടിയാണ് സ്വന്തമാക്കിയത്.

 

2006ല്‍ പുറത്തിറങ്ങിയ വരലാറാണ് തമിഴ്‌നാട്ടില്‍ അജിത്തിന്റെ അവസാന ഇയര്‍ ടോപ്പര്‍. പിന്നീട് വമ്പന്‍ വിജയങ്ങള്‍ പലതും അജിത്തിന് ലഭിച്ചെങ്കിലും തമിഴ്‌നാട്ടില്‍ ഒന്നാമതെത്താന്‍ താരത്തിന് സാധിച്ചിരുന്നില്ല. ഈ വര്‍ഷം ഇയര്‍ ടോപ്പറായത് വിജയ് സിനിമയൊന്നും ചെയ്യാത്തതുകൊണ്ടാണെന്ന് വിജയ് ആരാധകര്‍ അവകാശപ്പെടുന്നുണ്ട്.

രജിനിയുടെ മള്‍ട്ടിസ്റ്റാര്‍ ചിത്രം കൂലി പോലും തമിഴ്‌നാട്ടില്‍ രണ്ടാമതാണ്. വന്‍ ഹൈപ്പിലെത്തിയ കൂലി പ്രതീക്ഷക്കൊത്ത് ഉയരാതെ പോവുകയായിരുന്നു. ഗ്ലോബല്‍ ബോക്‌സ് ഓഫീസില്‍ 500 കോടിയിലേറെ നേടിയ കൂലി തമിഴ്‌നാട്ടില്‍ 147 കോടി മാത്രമാണ് നേടിയത്. രജിനി പോലും തമിഴ്‌നാട്ടില്‍ അജിത്തിന് പിന്നിലായത് പലരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

വിജയ് ചിത്രം ജന നായകന്‍ ഈ വര്‍ഷം ദീപാവലിക്ക് തിയേറ്ററുകളിലെത്തുമെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാല്‍ ഷൂട്ട് പൂര്‍ത്തിയാകാത്തതിനാല്‍ 2026 ജനുവരിയിലേക്ക് റിലീസ് മാറ്റുകയായിരുന്നു. ഇതോടെ ഹാട്രിക് ഇയര്‍ ടോപ്പര്‍ നേട്ടം വിജയ്ക്ക് നഷ്ടമാവുകയും ചെയ്തു. 2019 മുതലിങ്ങോട്ട് നാല് തവണയാണ് വിജയ് ഇയര്‍ ടോപ്പറായി മാറിയത്.

2019ല്‍ ബിഗില്‍, 2021ല്‍ മാസ്റ്റര്‍, 2023ല്‍ ലിയോ, 2024ല്‍ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്നീ സിനിമകളാണ് വിജയ്‌യുടേതായി ഇയര്‍ ടോപ്പറായി മാറിയത്. 2022ല്‍ പൊന്നിയിന്‍ സെല്‍വനും 2020ല്‍ ദര്‍ബാറുമായിരുന്നു ഇയര്‍ ടോപ്പറായി മാറിയത്. വിജയ് ചിത്രമില്ലാത്ത മറ്റൊരു വര്‍ഷം കൂടി കടന്നുപോകുന്നതിന്റെ നിരാശയിലാണ് ആരാധകര്‍.

എന്നാല്‍ ആ നിരാശയെല്ലാം ഇല്ലാതാക്കാന്‍ ജന നായകന് സാധിക്കുമെന്നാണ് പലരും വിശ്വസിക്കുന്നത്. ഇഷ്ടനടന്റെ അവസാന ചിത്രം പരമാവധി ആഘോഷമാക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. വണ്‍ ലാസ്റ്റ് ഡാന്‍സ് എന്ന ടാഗ്‌ലൈനോടെയെത്തുന്ന ജന നായകന് വേണ്ടി ആരാധകര്‍ കാത്തിരിക്കുകയാണ്. ജനുവരി ഒമ്പതിന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Ajith Kumar’s movie became year topper in Tamilnadu after 19 years