സ്റ്റാര്‍ഡത്തിന്റെയും ഫാന്‍ബേസിന്റെയും കാര്യത്തില്‍ തമിഴില്‍ ആരാണ് മുന്‍പന്തിയിലെന്ന ചോദ്യം കാലങ്ങളായി ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നുകേള്‍ക്കുകയാണ്. അജിത്താണോ വിജയ്‌യാണോ മുന്നിലെന്ന കാര്യത്തില്‍ ഇരുതാരങ്ങളുടെയും ആരാധകര്‍ തമ്മിലുള്ള അവകാശവാദത്തിന് സോഷ്യല്‍ മീഡിയ സാക്ഷിയാകാറുണ്ട്. അജിത്തിന്റെ കള്‍ട്ട് ക്ലാസിക് ചിത്രമായ മങ്കാത്ത കഴിഞ്ഞദിവസം റീ റിലീസ് ചെയ്തിരുന്നു.
വന്‍ പ്രൊമോഷനോടെ വീണ്ടും ബിഗ് സ്‌ക്രീനിലെത്തിയ മങ്കാത്തയെ ആരാധകര്‍ ഉത്സവം പോലെ കൊണ്ടാടി. തമിഴ്‌നാട്ടിലെ പല തിയേറ്ററുകളിലും മങ്കാത്ത ആഘോഷമാക്കിയപ്പോള്‍ കേരളത്തിലും ചില തിയേറ്ററുകളില്‍ ചിത്രത്തെ കൊണ്ടാടി. റീ റിലീസില്‍ ആദ്യദിനം മികച്ച കളക്ഷനാണ് മങ്കാത്ത സ്വന്തമാക്കിയത്. നാല് കോടിയിലേറെയാണ് ചിത്രം രണ്ടാം വരവിലെ ആദ്യദിനത്തില്‍ നേടിയത്.
വിജയ് ചിത്രം ഗില്ലിയെ മറികടന്നാണ് മങ്കാത്ത ഒന്നാമതെത്തിയത്. 3.98 കോടി നേടിയ ഗില്ലിയെ കുറവ് സ്‌ക്രീനില്‍ മറികടന്നുകൊണ്ടാണ് മങ്കാത്ത ചരിത്രമെഴുതിയത്. ഇതോടെ ആരാധകര്‍ വിജയ്ക്ക് മുകളില്‍ അജിത്തിനെ പ്രതിഷ്ഠിച്ചിരിക്കുകയാണ്. എന്നാല്‍ വിജയ് ആരാധകര്‍ തിരിച്ചു വെല്ലുവിളിച്ചതാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച.
ഫസ്റ്റ് ഡേ കളക്ഷന്‍ മറികടക്കാന്‍ ആര്‍ക്കും സാധിക്കുമെന്നും ഗില്ലി റീ റിലീസില്‍ നേടിയ ഫൈനല്‍ കളക്ഷന്‍ മറികടക്കാന്‍ സാധിക്കുമോ എന്നാണ് വിജയ് ഫാന്‍സ് ചോദിക്കുന്നത്. 33 കോടിയാണ് ഗില്ലി രണ്ടാം വരവില്‍ സ്വന്തമാക്കിയത്. ബാഹുബലി ദി എപ്പിക്ക് റിലീസാകുന്നതുവരെ ഗില്ലിയുടെ അപ്രമാദിത്വമായിരുന്നു ബോക്‌സ് ഓഫീസില്‍. 50 കോടിയിലേറെയാണ് ബാഹുബലി നേടിയത്.
എന്നാല്‍ റീ റിലീസില്‍ തമിഴ് സിനിമകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഗില്ലി തന്നെയാണ്. രജിനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ പടയപ്പക്ക് പോലും ഗില്ലിയുടെ റീ റിലീസില്‍ മറികടക്കാന്‍ സാധിച്ചിട്ടില്ല. രജിനിക്ക് പോലും തൊടാനാകാത്ത ഈ കളക്ഷന്‍ മങ്കാത്തക്ക് മറികടക്കാനാകുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. ഈ വെല്ലുവിളി മറികടന്നാല്‍ അജിത്തിന്റെ സ്റ്റാര്‍ഡം വിജയ്ക്ക് മുകളിലെത്തുമെന്ന് ഉറപ്പാണ്.
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജന നായകന്റെ റിലീസ് വൈകിയതില്‍ സിനിമാലോകം ഒന്നടങ്കം നിരാശയിലാണ്. സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടല്‍ കാരണമാണ് ജന നായകന്‍ വെളിച്ചം കാണാതിരിക്കുന്നത്. രാഷ്ട്രീയ പ്രവേശനം കാരണം വിജയ്‌യും കാര്‍ റേസിങ് കാരണം അജിത്തും സിനിമയില്‍ നിന്ന് മാറിനില്‍ക്കുന്നതിനാല്‍ ഇന്‍ഡസ്ട്രിക്ക് നഷ്ടമാണെന്നാണ് കരുതുന്നത്.
#Ghilli remains the No.1 Re-Release of a Tamil movie ever in Tamilnadu & Overseas.