ന്യൂദല്‍ഹി: എന്‍.സി.പി മേധാവിയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ശിവസേന (യു.ബി.ടി ) എം.പി സജ്ഞയ് റാവത്ത്.
ബി.ജെ.പിയുമായുള്ള കൂട്ടുകെട്ടവസാനിപ്പിച്ച് എന്‍.സി.പിയുടെ ഇരുവിഭാഗങ്ങളുമായി ലയനത്തിനുള്ള ആഗ്രഹം പ്രകടിപ്പിച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ മരണം. ലയനത്തിനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചതോടെ ജലസേചന അഴിമതി ഫയലുകള്‍ വെളിപ്പെടുത്തി ബി.ജെ.പി അജിത് പവാറിനെ ഭീഷണിപ്പെടുത്തിയെന്നും അതിനെതിരെ പവാര്‍ പ്രതികരിച്ച് കഴിഞ്ഞ് പത്ത് ദിവസത്തിന് ശേഷമാണ് അദ്ദേഹം മരിക്കുന്നതെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും റാവത്ത് പറഞ്ഞു.
അജിത് പവാറിനെ പോലൊരു നേതാവ് വിമാനാപകടത്തില്‍ മരിച്ച രീതിയും വെളിച്ചത്തുവരുന്ന വസ്തുതകളും അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അജിത് ദാദയുടെ മരണത്തെക്കുറിച്ച് തീര്‍ച്ചയായും ചോദ്യങ്ങള്‍ ഉയരും, ഉയരണം. അദ്ദേഹത്തിന്റെ മരണത്തില്‍ സംശയകരമായ എന്തോ ഉണ്ടെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹത്തിന്റെ മരണം സംശയാസ്പദമാണ്,’ റാവത്ത് പറഞ്ഞു.
അജിത് പവാറിന്റെ മരണം ജസ്റ്റിസ് ലോയയെ ഓര്‍മിപ്പിക്കുന്നുവെന്നും തീരശീലയ്ക്ക് പിന്നില്‍ എന്തോ നടന്നിട്ടുണ്ടെന്നും സജ്ഞയ് റാവത്ത് കൂട്ടിച്ചേര്‍ത്തു.
ജനുവരി 28 ന് രാവിലെ പൂനെ ബാരാമതി വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അജിത് പവാര്‍ സഞ്ചരിച്ച വിമാനം തകര്‍ന്ന് വീണത്.
അജിത് പവാര്‍ ഉള്‍പ്പെടെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥന്‍, ഒരു ഫൈ്‌ളറ്റ് അറ്റന്‍ഡന്റെ്, രണ്ട് പൈലറ്റുമാര്‍ എന്നിവരും മരണപ്പെട്ടിരുന്നു.
പാര്‍ട്ടി നേതാവ് അജിത് പവാറിന്റെ മരണത്തില്‍ ചില സംശയങ്ങളുണ്ടെന്നും ദുരന്തത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും എന്‍.സി.പി നേതാവ് അമോല്‍ മിത്ക്കാരി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ വിമാനാപകടം ഒരപകടം മാത്രമാണെന്നും മരണത്തെ രാഷ്ട്രീയവത്ക്കരിക്കരുതെന്നും എന്‍.സി.പി നേതാവ് ശരദ് പവാര്‍ പറഞ്ഞു.
അജിത് പവാറിന്റെയും മറ്റ് നാല് പേരുടേയും മരണത്തിന് കാരണമായ അപകടത്തെകുറിച്ച് എയര്‍ഗ്രാഫ്റ്റ് ആക്‌സിഡന്റെ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഔപചാരിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അമിത് ഷാ പ്രതിയായ സൊഹ്റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേള്‍ക്കുന്ന മുംബൈ സി.ബി.ഐ പ്രത്യേക കോടതി ജഡ്ജിയായിരിക്കെ, 2014 ഡിസംബര്‍ ഒന്നിനാണു നാഗ്പുര്‍ സിവില്‍ ലെയ്നിനടുത്തുള്ള ഗസ്റ്റ് ഹൗസില്‍ ജസ്റ്റിസ് ലോയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സഹ ജഡ്ജി സ്വപ്ന ജോഷിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു അദ്ദേഹം നാഗ്പുരിലെത്തിയത്. മരണകാരണം ഹൃദയാഘാതമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
പല സംശയങ്ങളും തങ്ങള്‍ക്കുണ്ടെന്ന കുടുംബാംഗങ്ങളുടെ വെളിപ്പെടുത്തലിനു പിന്നാലെ പുനരന്വേഷണത്തിനു വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച ബോംബെ ലോയേഴ്സ് അസോസിയേഷന്റെ അപേക്ഷ സുപ്രീം കോടതി തള്ളി.
മരണത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നായിരുന്നു കോടതി വിധി. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പിന്നീട് അമിത് ഷായെ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു.
Content Highlight: Ajit Pawar’s death reminds me of Justice Loya; Something was going on behind the scenes; Sanjay Raut raises doubts
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.