| Wednesday, 20th May 2026, 10:21 am

അവന്‍ ടെസ്റ്റ് ടീമിലെ അവിഭാജ്യ ഘടകമാണ്: ടീമിലില്ലാത്ത താരത്തെക്കുറിച്ച് അഗാര്‍ക്കര്‍

Sudev A

അഫ്ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റ്, ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വമ്പന്‍ മാറ്റങ്ങളുമായാണ് ഇന്ത്യ അഫ്ഗാനെതിരെയുള്ള പരമ്പരക്ക് എത്തുന്നത്. ഏകദിന ടീമില്‍ മലയാളി താരം സഞ്ജു സാംസണിന് ഇടം നേടാന്‍ സാധിച്ചില്ല. ഇഷാന്‍ കിഷനാണ് സെക്കന്റ് വിക്കറ്റ് കീപ്പറായി ടീമിലെത്തിയത്.

പ്രിന്‍സ് യാദവ്, ഹര്‍ഷ് ദുബെ, കുര്‍ണൂര്‍ ബ്രാര്‍ എന്നിവരും ഏകദിന ടീമില്‍ ഇടം നേടി. ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും റിഷബ് പന്തിനെ നീക്കം ചെയ്ത് കെ.എല്‍ രാഹുലിനെ വൈസ് ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തു. ജസ്പ്രീത് ബുംറ, അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു.

ഈ താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ചതിന്റെ കാരണം ചീഫ് സെക്ടര്‍ അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കിയിരുന്നു. പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കാന്‍ ലഭിച്ച മികച്ച സമയമാണിതെന്നാണ് അഗാര്‍ക്കര്‍ പറഞ്ഞത്. രവീന്ദ്ര ജഡേജ ഇപ്പോഴും ടെസ്റ്റ് ടീമിന്റെ അവിഭാജ്യ ഘടകമാണെന്നും ജഡേജക്ക് ഈ പരമ്പരയില്‍ വിശ്രമം അനുവദിച്ചതാണെന്നുമാണ് അഗാര്‍ക്കര്‍ പറഞ്ഞത്.

‘ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇനി 15-16 മാസം ബാക്കിയുണ്ട്. പ്രത്യേകിച്ച് സൗത്ത് ആഫ്രിക്കയില സാഹചര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് നമ്മുടെ മികച്ച ഓപ്ഷനുകള്‍ ആരൊക്കെയാണെന്ന് പരിശോധിക്കണം. പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

രവീന്ദ്ര ജഡേജക്കും അക്സര്‍ പട്ടേലിനും എന്ത് ചെയ്യാനാവുമെന്ന് നമുക്കറിയാം. അതിനാല്‍ ഇപ്പോള്‍ മറ്റ് ചില താരങ്ങള്‍ക്ക് അവസരം നല്‍കേണ്ട സമയമാണിത്. ജഡേജക്ക് ഈ ടെസ്റ്റില്‍ വിശ്രമം അനുവദിച്ചതാണ്. അദ്ദേഹത്തിന് ഈ കാര്യമറിയാം. അദ്ദേഹം ഇപ്പോഴും ടെസ്റ്റ് ടീമിലെ അവിഭാജ്യ ഘടകമാണ്,’ അജിത് അഗാര്‍ക്കര്‍ പറഞ്ഞു.

അതേസമയം ജൂണ്‍ ആറ് മുതല്‍ 11 വരെയാണ് അഫ്ഗാനെതിരെയുള്ള ഇന്ത്യയുടെ ഏക ടെസ്റ്റ് മത്സരം നടക്കുന്നത്. ജൂണ്‍ 14 മുതല്‍ 20 വരെ ഏകദിന പരമ്പരയും നടക്കും.

ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യ സ്‌ക്വാഡ്

ശുഭ്മൻ ഗിൽ (ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, കെ.എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, റിഷബ് പന്ത്, ദേവദത്ത് പടിക്കല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, മാനവ് സുത്താര്‍, ഗുര്‍നൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബെ, ധ്രുവ് ജുറല്‍.

ഏകദിന പരമ്പരക്കുള്ള ഇന്ത്യ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍(വൈസ് ക്യാപ്റ്റന്‍), കെ.എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, അര്‍ഷീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍ണൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബെ, പ്രിന്‍സ് യാദവ്.

Content Highlight: Ajit Agarker talks about Ravindra Jadeja importance in Indian test team

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more