ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ഏകദിന പരമ്പര നാളെ തുടങ്ങുമ്പോള്‍ ശ്രദ്ധാ കേന്ദ്രങ്ങള്‍ തീര്‍ച്ചയായും വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയുമാണ്. ഏറെ കാലത്തിന് ശേഷമാണ് ഇരുവരും ഇന്ത്യന്‍ കുപ്പായത്തില്‍ കളത്തിലിറങ്ങുന്നത്. ഇത് മാത്രല്ല, ഇരുവരും 2027 ലോകകപ്പിനുണ്ടാവുമോ എന്ന ചോദ്യം കൂടിയാണ് ഈ പരമ്പരയിലേക്ക് ആരാധകരുടെ ശ്രദ്ധ എത്തുന്നത്.
ഇപ്പോള്‍ മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ ഇരുവരുടെയും ഭാവിയെ കുറിച്ച് സംസാരിക്കുകയാണ്. കോഹ്‌ലിയും രോഹിത് ശര്‍മയും വലിയ താരങ്ങളാണെന്നും എങ്കിലും അവരെ എല്ലാ മത്സരത്തിലും പരീക്ഷിക്കാന്‍ കഴില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പിന് രണ്ട് വര്‍ഷം ബാക്കിയുണ്ടെന്നും അവര്‍ മൂന്ന് സെഞ്ച്വറി നേടുന്നതല്ല ടീമില്‍ ഉണ്ടാവുന്നതിന്റെ മാനദണ്ഡമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍.ഡി.ടി.വി യോട് സംസാരിക്കുകയായിരുന്നു അഗാര്‍ക്കര്‍.
‘രോഹിത്തും കോഹ്‌ലിയും ഇപ്പോള്‍ ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ടീമിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ വ്യക്തിഗത ക്രിക്കറ്റര്‍മാരെ കുറിച്ച് സംസാരിക്കേണ്ട നേരമല്ലിത്. ലോകകപ്പിന് ഇനിയും രണ്ട് വര്‍ഷം സമയമുണ്ട്. ചിലപ്പോള്‍ യുവതാരങ്ങള്‍ ടീമിലെത്തിയേക്കാം.
കോഹ്‌ലിയും രോഹിത്തും മികച്ച താരങ്ങളാണെങ്കിലും അവരെ എല്ലാ മത്സരത്തിലും പരീക്ഷിക്കാനാവില്ല. കളിക്കുന്ന മത്സരങ്ങളിലെ പ്രകടനം വിലയിരുത്തും. അവര്‍ മൂന്ന് സെഞ്ച്വറികള്‍ നേടിയാല്‍ ടീമിലെത്തുമെന്നല്ല. റണ്‍സ് മാത്രമല്ല, ജയിക്കുന്നതടക്കം നിരവധി ഘടകങ്ങളെ പരിഗണിക്കേണ്ടതുണ്ട്,’ അഗാര്‍ക്കര്‍ പറഞ്ഞു.
കോഹ്‌ലിയും രോഹിത്തും അവരുടേതായ ലെഗസി സൃഷ്ടിച്ചിട്ടുണ്ടെന്നും അഗാര്‍ക്കര്‍ പറഞ്ഞു. എല്ലാവര്‍ക്കും അവര്‍ പ്രകടനം നടത്തണമെന്നും ആദരവ് നല്‍കണമെന്നുമാണ്. അവരുമായുള്ള ചില സംഭാഷണങ്ങള്‍ പുറത്ത് വിട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.